Sunday, January 14, 2018

മണികണ്ഠസ്വാമി , അവിടുത്തെ ചരിതങ്ങൾ !



മണികണ്ഠസ്വാമി!അവിടുത്തെ ചരിതങ്ങൾ
മണ്ണിലും വിണ്ണിലും നിറഞ്ഞു നിൽപ്പൂ .

അവിടുത്തെ  പാദസ്പർശനമേൽക്കുന്ന 
ഇടമെല്ലാം എന്നാളും പുണ്യസ്ഥാനം  

പന്തളരാജനാം, പാണ്ട്യരാജാവ് 
ചിന്തയോടൊരുനാൾ ഗമിച്ചു വനേ. 

അടവിയിൽ കണ്ടോരു ദിവ്യനാം ബാലനെ,  
മടിതെല്ലും കൂടാതെ പുത്രനാക്കി. 
  
കണ്ഠത്തിൽക്കാണായി ദിവ്യമൊരു മണി,  
'മണികണ്ഠൻ'  നാമമവനിൽച്ചേർന്നു .

ആനനം ദിവ്യൻറെ കാണുമ്പോൾക്കാണുമ്പോൾ,   
ആനന്ദത്താൽ ലോകർ നൃത്തമാടി. 

ഫലവത്തായ്,  ഒരുദിനേ മന്ത്രിതൻ ഏഷണി,   
'വലയുന്നു  വ്യാധിയാൽ റാണി'യെന്ന്. 
  
പോറ്റമ്മതന്നുടെ  കപടരോഗം മൂലം,   
പെറ്റപുലിയുടെ  പാലുവേണംപോൽ.

ആശങ്ക തെല്ലുമേ  കാട്ടാതെ മണികണ്ഠൻ,
ലേശവും മടിയാതെ  അടവിതേടി.

സുന്ദരവദനത്തിൽ   തോഷംനിറച്ചവൻ 
മന്ദിരം പുല്കിയതു് പുലിമേലേറി.

 പരിവാരങ്ങൾക്കെല്ലാം  വിസ്മയമുള്ളിൽ   
പരിചൊടു മാലോകർ  കൈകൾ കൂപ്പി.

മണികണ്ഠൻതന്നുടെയിച്ഛയെ  മാനിച്ച്
 പണിതു  മലമേലൊരാലയം രാജൻ.

ശബരീകാനനക്കുന്നിനു  മീതെയായ്, 
ആബാലവൃദ്ധം ജനം തൊഴാൻ  നിൽപ്പൂ. 
 
 സാലവൃന്ദങ്ങളും  നിബിഡവനത്തിൽ, 
ചേലെഴും ഭക്തിയിൽ മിഴികൾ കൂപ്പൂ.

മന്ദസമീരൻആടുന്നു ഭക്തിയിൽ 
മന്ദം  മൂളുന്നൊരീണം ചകോരം.  

 ലതകൾ, താളത്തിൽ  തലയാട്ടിനിൽപ്പൂ, 
പതത്രികൾ ചില്ലയിൽ ഇരുന്നു ഭജിപ്പൂ.

 മക്കളെ  താരാട്ടും  അമ്മ വസുന്ധര,
 മൂകമായ് ജപിയ്ക്കുന്നു ഭഗവത്‍നാമം.

മണികണ്ഠസ്വാമി , നിന്നിലെ   അദ്ഭുതം, 
വർണിയ്ക്കാൻ  വാക്കുകൾതീരെപ്പോരാ.
  
 ഞങ്ങൾതൻ ദർപ്പത്തെ മായിച്ചുകളയണം, 
ദർപ്പണത്തിൽ രൂപം  തെളിഞ്ഞിടേണം.  

പതത്രി = പക്ഷി 

  




















No comments:

Post a Comment