(വൃത്തം-മാവേലി)
വിണ്ണെന്ന പെണ്ണു തമസ്സിൽ മുങ്ങീ ,
വേണം കാലം കേശം കോതീടുവാൻ .
മാരിക്കാർകൂന്തൽ വിടർത്തി പെണ്ണ് ,
നാരിയുർവ്വിതൻ മെയ്യിൽപ്പതിച്ചു.
അംബരത്തിൻറേതാം ശംബരത്താൽ,
അംബരം ഭൂവിൻ നനച്ചു രാവും.
പാറിപ്പോയ് നേരമാകും പക്ഷീ,
ചാരിക്കിടന്നു മയങ്ങി വാനം.
മേഘത്തലയണ നേരെയാക്കി
ലാഘവപൂർവ്വം തലോടി നിദ്ര.
കമ്പിളിയൊന്നു പൂർണ്ണമായ് ശ്യാമ-
മിമ്പത്തോടൂഴി പുതപ്പുമാക്കി.
തുപ്തി തേടി ജീവീവർഗ്ഗമെല്ലാം,
രാവും പതിയെ സുഷുപ്തിപൂണ്ടു,
രാവിലെ രശ്മി വരുംവരേക്കായ്,
പാവമാം യാമിനി കണ്ണുപൂട്ടി.
പൊൻതിങ്കളും സ്വർണ്ണത്താരങ്ങളും,
കാണ്മാനില്ലാ കാർ മൂടീയുറങ്ങീ.
തുള്ളിയുറഞ്ഞു നിന്നൂ പവനൻ ,
തള്ളിയിട്ടൂ പല സംഗതികൾ.
തേടി ഞാൻ വെട്ടമകത്തളത്തിൽ,
വാടാമുല്ലച്ചെടി ചാഞ്ഞുനിന്നൂ.
പുഞ്ചിരി മേനിയിൽ സമ്മാനിച്ചും
ചാഞ്ചാടീ നിശാഗന്ധിച്ചെടിയും.
ആനനം ചുംബിച്ചു പൂവിൻ്റെ ഞാൻ,
ആനന്ദത്താലതു ശീർഷമാട്ടി.
ഏടുമടക്കിഞാനുച്ചനേരം,
കൂടിലായ് വെച്ച ഗ്രന്ഥമെടുത്തു.
ചിത്രങ്ങൾ നോക്കി രസിച്ചു കൊണ്ടേ
ഒത്തിരി നേരം പാരായണമായ്.
അയ്യോ! ഹാ! വൈദ്യുതി നിന്നുപോയോ?
വായനകൂടെക്കടന്നുപോയി.
ആർദ്രതയോടെ ശയ്യ വിളിച്ചു,
നിദ്രയ്‌ക്കൊപ്പം കൂടാൻ ഞാനും പോയി.
അയ്യോ! ചിന്തകൾ വലംവെയ്ക്കുന്നു,
ചെയ്യുകയെന്തു ഞാൻ കൂരിരുട്ടിൽ ?
വാനം, മഹീതലം സ്വാപം പൂണ്ടു,
മൽക്കണ്ണുറങ്ങാത്തതെന്താണാവോ!
ഒന്നും വയ്യാതെ മുഷിപ്പകറ്റാൻ,
നിന്നൂ കുഴങ്ങി ഞാനെന്തുചെയ്യാൻ?.
പക്ഷെയുണ്ടൊരു ജാലത്തിൻ ലോകം
കഷ്ടം മാറ്റാനായ് വിഭവമേറെ.
ഫോണെടുത്തൂ ഞാൻ 'വാട്സാപ്പു' നോക്കീ
കാണ്മൂ രസത്തിലായ് വിഡിയോകൾ.