തെളിഞ്ഞുനിൽപ്പൂ എന്മനതാരിൽ
വിളങ്ങുംദീപം ശ്രീരാമരൂപം .
ഒരുദിനംപോലും മുടങ്ങാതെഞാൻ
ഉരുവിട്ടീടുന്നു പാവനനാമം.
രഘുകുലനാഥാ നിന്നുടെനാമം,
സംഘർഷേ നല്ലൂ,ലേപനതുല്യം .
അമിതമാമാശ പായും വിദൂരേ
ആമയന്തീരും,ആ മുഖമോർത്താൽ.
കാമക്രോധവും ലോഭമോഹവും ,
മദമാത്സര്യം, മനുജനുസഹജം.
ശ്രീരാമദേവാ നിന്നുടെ കനിവാൽ
ദൂരത്താകണം ഹാനിയാംനിനവ്.
ശ്രീരാമായണം ആശയപൂർണ്ണം
ഭാരതാംബതൻ ശുഭപ്രതീകം.
ഭാവനാരചിതം അഴകാം മൂർത്തി
കാവ്യവൃന്ദം പെയ്തിറങ്ങുന്നു.
ചാഞ്ചല്യംവിനാ പുണ്യകാവ്യം
തുഞ്ചന്നംഗുലി നെയ്തുകൂട്ടി.
മായും രാവും രാമായണത്താൽ
പായും ഗ്ളാനികൾ മണ്ണിൽനിന്നും.
മൃദുലം സുഖദം തവചലനങ്ങൾ,
മേദിനിമനസാ നമിപ്പൂനിത്യം.
ഭാഷണംമധുരം മനങ്ങളെമയക്കും
ഭൂഷണംസുന്ദരം, മിഴിയിൽമേള.
കാരുണ്യക്കടൽ,അതിലൊരുതുള്ളി
തരുമോ അടിയനു പുണ്യംനേടാൻ!
സ്വാർത്ഥതാവിനാ,ശുദ്ധമനസ്സായ്
സർവ്വംസഹയായ് മേവാൻ മോഹം.
അന്തൃസമയേ നിൻ ദിവ്യ നാമം
ചിന്തയിലായാൽ മോക്ഷം ലഭൃം.
ആത്മനൊമ്പരം അലിഞ്ഞിടേണം
ആത്മാവങ്ങയിൽ ലയിച്ചിടേണം.