അവൻ അഖിലേഷ്,  എല്ലാവരും  പോയിക്കഴിഞ്ഞപ്പോൾ  കിടക്കമുറിയിൽ  കയറി
ഫാൻ  ഇട്ടു.കട്ടിലിൽ  കയറി  കിടന്നു.
ഫാനിൽ  നോക്കിക്കിടന്നപ്പോൾ  അവൻറ്റെ  മനസ്സിൽ  എന്തോഒന്നു
വന്നുനിറഞ്ഞു.
വിസ്മയമാണോ, ആനന്ദമാണോ നിർവചിയ്ക്കാൻ  പറ്റാത്ത  ഒരു  വികാരം.
വേഗം  എഴുന്നേറ്റുവന്നു  ലൈറ്റിട്ടു.  കെടുത്തി
പിന്നെയും  ഇട്ടു. കെടുത്തി.
മുറിയോടു ചേർന്ന  ശുചിമുറിയിൽക്കയറി
ആവശ്യം തോന്നാതിരുന്നിട്ടും  അവൻ  അല്പം  മൂത്രമൊഴിച്ചു, ഫ്ലഷ്  അടിച്ചു.
അടുക്കളയിൽ  കയറി
പറഞ്ഞു, “ എനിക്കല്പം,   കാപ്പിവേണം,
അമ്മേ.”
“നീ  കുടിച്ചല്ലോ
മോനേ! പാത്രത്തിൽ  ബാക്കി  കാണും
,എടുത്തുകുടിച്ചോ.”
“ ഓ അതു തണുത്തു
കാണും. ഗ്യാസ് കത്തിക്കട്ടേ? അമ്മ  അതൊന്നു  ചൂടാക്കി  തരുമോ
?”
“വേണ്ടാ, നിനക്കു ഗ്യാസ്‌കത്തിക്കാൻ അറിയില്ലല്ലോ."
" അതു  കൊണ്ടുവന്ന ചേട്ടൻ എനിക്ക് കത്തിക്കുന്നതു  കാണിച്ചുതന്നു. ഞാനതു കത്തിച്ചുനോക്കി."
  ശരി,  കത്തിച്ചോ.”
ഗ്യാസു കത്തിക്കാൻ  വേണ്ടിമാത്രമാണവൻ  ആവശ്യമില്ലാതിരുന്നിട്ടും  കാപ്പി  ചോദിച്ചത്.
കാപ്പികുടിച്ചുകഴിഞ്ഞവൻ    പുറത്തേയ്ക്കിറങ്ങി
. അവനെന്തൊക്കെയോ ചെയ്യാൻ തോന്നുന്നു. വീടിൻറ്റെ വലതു  ഭാഗത്തായി  ഒരുനെല്ലിമരം  ഉണ്ടു്.
ഒരു  ശാഖ  താഴേയ്ക്ക്  ചരിഞ്ഞുവന്നു് അടുത്തുനിന്നിരുന്ന  തൊട്ടാവാടിയുമായി പ്രേമസല്ലാപത്തിലേർപ്പെട്ടിരിക്കുന്നു
.അവൻ  ആ  കമ്പിൽക്കയറി ബലംചെലുത്തി  ആടാൻ  തുടങ്ങി.
അപ്പോഴാണ് കണ്ടത് അതിൽ  അവിടേയും ഇവിടേയും ഒക്കെയായി  കുറച്ച്  കായ്കൾ.
ഒരു കായ പൊട്ടിച്ചെടുത്തു
കടിച്ചു.കൈപ്പുണ്ടു്. കിണറിൽ നിന്നും വെള്ളം
കുടിച്ചു മധുരം ആസ്വദിച്ചു.
അങ്ങേ പറമ്പിലേ തേക്കുമരത്തിൽ ഇരുന്ന കുരുവികൾ അവരുടെ
സന്തോഷം പ്രകടിപ്പിച്ചു. അവൻ അവരേ
നോക്കി പുഞ്ചിരി തൂകിപ്പറഞ്ഞു, " അതെന്റെ
വീടാണ്. നിങ്ങൾ വന്നു് ആ മരത്തിൽ
കൂടുകൂട്ടിക്കോളൂ.ആരും ശല്യം ചെയ്യില്ല."
“അഖിലേശാ,
വാ  മോനെ
, സന്ധ്യയായി. നമുക്കു നിലവിളക്കു  കൊളുത്താം.”
അമ്മയും  മകനും  വിളക്കിൻറ്റെ  മുന്നിൽ  ഇരുന്നല്പം
രാമനാമം  ജപിച്ചു.അമ്മ  അടുക്കളയിലേക്കും
മകൻ പഠനമേശയിലേയ്ക്കും പോയി.
“അച്ഛൻ ഉണ്ടായിരുന്നെങ്കിൽ,” അവൻ  ആശിച്ചു
പോയി. അവൻറ്റെ കണ്ണുകൾ നിറഞ്ഞു.
"സ്വന്തമായൊരു
തുണ്ടു ഭൂമി വാങ്ങി അതിൽ
ചെറിയൊരു കൂരയെങ്കിലും കെട്ടണം,"  അവൻറ്റെഅച്ഛൻഭാസ്കരൻറ്റെയും അമ്മരാജമ്മയുടെയും  വലിയ  സ്വപ്നമായിരുന്നു  അത്. തെങ്ങു കയറിക്കിട്ടുന്ന വരുമാനത്തിൻറ്റെ
ഒരു ഭാഗം ചിട്ടിക്കു
കൊടുത്തു സമ്പാദിച്ചിരുന്നു. പക്ഷെ  വിധി  അവൻറ്റെഅച്ഛനെ കവർന്നുകൊണ്ടുപോയി.സമ്പാദിച്ചപണവും അച്ഛനെയും  ഭക്ഷിച്ചിട്ട്   വിജയശ്രീലാളിതനായി   കാൻസർ
എന്നഭീകരൻ  കടന്നുപോയി.
അച്ഛനുണ്ടായിരുന്നപ്പോൾ
വലിയച്ഛൻറ്റെവീട്ടിൽ ആയിരുന്നു താമസം. അവിട ചുറ്റുവട്ടങ്ങളിലൊന്നുംഅവൻറ്റെഅമ്മയ്ക്കു പണിയൊന്നുംകിട്ടിയില്ല.  .
തന്നയുമല്ല അച്ഛനില്ലാതെ അവിടെ നിൽക്കാൻ അവൻറ്റെ  അമ്മയ്ക്ക്
വൈമനസ്യവും തോന്നിയിരുന്നു.
അങ്ങിനെ അവിടെനിന്നും മാറി.
അഖിലേഷെന്നമകനും
രാജമ്മയെന്നഅമ്മയും  മാത്രമാണ്
അവരുടെ വീട്ടിൽ ഇപ്പോൾ.വീടോ? പുറമ്പോക്കിൽ  റോഡുപണിയുടെ   ബാക്കിഉണ്ടായിരുന്നകല്ലുകൾ  കൂട്ടിവെച്ചു്  പ്ലാസ്റ്റിക്കിൻറെഷീറ്റു  വലിച്ചുകെട്ടിയ  ഒരു
വെറുംമറയെന്നു പറയാം, അത്രതന്നെ.
അതിലാണവർ  അന്തിയുറങ്ങിയിരുന്നതു്.
അതിനടുത്തുള്ള  ഒരു  വിദ്യാലയത്തിൽ  ഏഴാം  ക്ലാസ്സിലാണ്
ആ പന്ത്രണ്ടു വയസ്സുകാരൻ.
പഠനത്തിൻറ്റെ  മികവിനൊപ്പം  ലോങ്
ജമ്പിലും അവൻ മിടുക്കുകാട്ടി.
വീടിനകത്തു പഠിക്കാനുള്ളവെളിച്ചം  ഇല്ലാത്തതിനാൽ  അപ്പുറത്തേവലിയബംഗ്ളാവിലേ പുറംവെളിച്ചത്തിൽ  മുറ്റത്തൊരു
( മുറ്റം  എന്നു
പറയാനും  മാത്രമില്ല)
തടിക്കഷണം  ഇട്ട് പുസ്തകം  അതിൽ
വെച്ച് പുൽപ്പായയിൽ  ഇരുന്നാണ്
പഠനകാര്യങ്ങൾ ചെയ്തിരുന്നത്.
പകലന്തിയോളം
അമ്മ  ഒരുവീട്ടിൽ  പാചകം  ഉൾപ്പടെ  പണികൾ
പലതും  ചെയ്തുകിട്ടുന്ന തുച്ഛമായ തുകകൊണ്ടു് മകനു ഭക്ഷണവും , വസ്ത്രവും,
പഠനസാമഗ്രികളും  വാങ്ങിക്കൊടുത്തു
. മകൻ  ഒരുആടിനെ  പരിപാലിക്കുന്നുണ്ട്.
സ്കൂളിൽ  നിന്നുംവന്നു്
അതിനെയഴിച്ചു പുറത്തേയ്ക്കു
കൊണ്ടുപോകും.ആട് ഇലകൾ
തിന്നുമ്പോൾ   അവൻ  കുറച്ചിലകൾ  അടുത്ത  ദിവസത്തേയ്ക്കുവേണ്ടി  ശേഖരിയ്ക്കും.സ്കൂളിൽ  പോകുംമുമ്പ്  ആ ഇലകൾ ആടിനു തിന്നാൻ  കൊടുക്കും.
“അതിന്  കുട്ടിഉണ്ടാവുമ്പോൾ  രാവിലേ പാലുകറന്ന്  അടുത്തുള്ള  ചായക്കടയിൽ  കൊടുത്തു  പൈസാവാങ്ങാം.അമ്മയ്ക്കു  സഹായമാകുമെല്ലോ!”
അവൻറ്റെ ഇളം മനസ്സിലെ ചിന്ത. “ എന്നാലും  വീടുവെയ്ക്കാൻ   പണമെവിടെ? അവന്റെയാഗ്രഹം അങ്ങനെ മനസ്സിൽ കുടിയിരിക്കും. 
 ഒരു ദിവസം “ എടാ  അഖിലേഷേ , നീ ഇങ്ങനെയായാൽപ്പറ്റില്ല.  കുറച്ചുംകൂടെ  നാന്നായി പ്രാക്ടീസ്  ചെയ്യണം
.സ്റ്റേറ്റ്  ടീമിൽ  കയറിപ്പറ്റണം.
നിൻറ്റെ മാതാപിതാക്കളെ  ഒന്നുകാണട്ടെ ഞാൻ, നിൻറ്റെ വീട്ടിലേയ്ക്ക് വരുന്നുണ്ടു്. ”
 “വേണ്ട  സാർ
, വീട്ടിലേയ്ക്കു  സാറ്  വരണ്ടാ.
ഞാൻ വീട്ടിൽ
പറയാം.”
“വരാനെനിയ്ക്കു  പ്രയാസമില്ലെടാ
, ബൈക്കിൽ  അല്ലെ
?”
“വേണ്ട സാർ ,”  വീട്ടിലേയ്ക്കു  മാസ്റ്ററെകൊണ്ടുപോകാൻ  അവനിഷ്ടമില്ലായിരുന്നു.
എങ്കിലും  പ്രഭാകരൻ  മാസ്റ്റർ  അവൻറ്റെ  വീട്ടിലേയ്ക്കു  പോവുക  തന്നെ  ചെയ്തു.
വീടുകണ്ടതും  സാറിൻറ്റെശബ്ദം  തൊണ്ടയിൽകുടുങ്ങി
.അത്രയും  വെടിപ്പോടെ
സ്കൂളിൽവന്നിരുന്ന  അവൻറ്റെവീട്ടിൽ ഇത്രയും പരിമിതികൾ ഉണ്ടെന്നു് അപ്പോൾമാത്രമാണ്
പ്രഭാകരൻ  എന്നപി.ടി.
മാസ്റ്റർക്കു  മനസ്സിലായത്.
ഒന്നിരിയ്ക്കാൻ  കൊടുക്കാൻ  പോലും  ഇടമില്ലാത്ത
വീടുകണ്ട് മാസ്റ്ററിൻറ്റെ ചിത്തം  നൊന്തു.
മാംസമെല്ലാം  ഊർന്നുപോയ  ശോഷിച്ചഒരു  സ്ത്രീശരീരം  ആണവരേ
വരവേറ്റത്. രാജമ്മ കിട്ടുന്ന പണത്തിൻറെ ഒരുഭാഗം കുട്ടിയുടെ ചിലവുകൾ കഴിച്ച് വീടെന്ന സ്വപ്നത്തിനുവേണ്ടി  സമ്പാദിച്ചുകൊണ്ടിരുന്നു. എന്നാലും  വന്നതാരെന്നറിഞ്ഞപ്പോൾ  വാക്കുകൾ  അവരുടെ  ഉള്ളിലേ
ഉത്സാഹത്തെ പ്രകടമാക്കി.
വേണ്ടെന്നുപറഞ്ഞിട്ടും  അവർകൊണ്ടുവന്ന  കട്ടൻകാപ്പി
കുടിച്ചിട്ട്  മാസ്റ്റർ
ഒന്നും മിണ്ടാതെ  വിടപറഞ്ഞു.പരിതാപകരമായഅവൻറ്റെയവസ്ഥ  മാസ്റ്ററെ ശരിയ്ക്കും നൊമ്പരപ്പെടുത്തി, "കുട്ടികളുടെവിഷമങ്ങൾ ശരിയ്ക്കും ഞങ്ങൾ  മനസ്സിലാക്കാതെയാണ് അവരേ
ശിക്ഷിയ്ക്കുന്നതു്. അവരുടെ കുറവുകളൊക്കെ  സാഹചര്യം കാരണമാണ്."
 മനസ്സു
നിറയെ  അവരുടെ  കഷ്ടപ്പാടിന്റെ  ഭാരവും
പേറിയാണ് മാസ്റ്റർ സ്വന്തം വീട്ടിൽ
എത്തിയത്,“അവനു സ്കൂളിൽ
വേണ്ട പരിശീലനം കൊടുക്കണം.പക്ഷെ ആദ്യം അവനൊരു
വീടു്."
 അവനിലെ പൊന്നിനെ ഉരുക്കിത്തെളിച്ചെടുത്താൽ സ്കൂളിനും നാടിനും അവനൊരു സ്വത്തായിരിക്കുമെന്ന് മാസ്റ്റർ മനസ്സിൽക്കരുതി. 
  പിന്നീടെല്ലാം  വളരെപ്പെട്ടെന്നായിടുന്നു  .പ്രധാന  അധ്യാപകനോടും  മറ്റുള്ള  എല്ലാ  അധ്യാപകരോടും  ബാക്കിയുള്ള
എല്ലാവരോടും ആലോചിച്ച്   ഒരു  തീരുമാനം  എടുത്തു.
ക്ലാസ്സധ്യാപിക  പ്രിയ,  തൻറ്റെപ്രിയവിദ്യാർത്ഥിയ്ക്കുവേണ്ടി  എല്ലാവിധസഹായവുമായി  മാസ്റ്ററുടെ  കൂടെ
നിന്നു. കുട്ടികളും  രക്ഷിതാക്കളും  അധ്യാപകനധ്യാപക
ഉദ്യോഗസ്ഥരും എല്ലാം ചേർന്ന് പലതുള്ളി വേണ്ടത്രവെള്ളമാക്കി.  അധ്യാപകർക്ക് രൂപ സമാഹരിക്കാൻ അനുമതിയില്ലാത്തതുകൊണ്ട് രക്ഷാകർത്തൃസമിതി  ഊർജ്ജസ്വലരായി. രണ്ടുസെൻറ്ഭൂമി  വാങ്ങി.  അതിൽ  ഒരുകൊച്ചുവീടിൻ്റെ പിറവി അവർ ആഘോഷിച്ചു.  അഖിലേഷും  അമ്മയും മറ്റുകുട്ടികളും  ഉൾപ്പടെ  എല്ലാവരുടേയും  ശ്രമദാനവും  അതിൻറ്റെ   ഭാഗമായി
. കുട്ടികൾ  പരിധിയില്ലാത്ത ഔന്നത്യം കാഴ്ച വച്ച് മാതൃകയായി.  
എല്ലാവിധസൗകര്യങ്ങളും  ചെറിയതോതിൽ  ആവീട്ടിൽ  നിറഞ്ഞു.
അതിൻറ്റെ താക്കോൽ  ദാനദിവസം  അമ്മയുടെയും  മകന്റെയും  മിഴിക ളിൽ  നീർനിറഞ്ഞു.വീടുകിട്ടിയസന്തോഷത്തിൻറെ സന്തോഷവും, നന്ദിയും,   പ്രിയപ്പെട്ടഅച്ഛനെക്കുറിച്ചുള്ള  ഓർമ്മകളും എല്ലാംചേർന്ന ഒരുസമ്മിശ്ര  വികാരം അവരേ കീഴടക്കി.  
“അച്ഛൻ  അങ്ങേലോകത്തിരുന്ന്
നിങ്ങൾക്ക് ഭാവുകങ്ങൾ  നേരുന്നുണ്ടാകും
.സന്തോഷത്തോടെ  ഇരിയ്ക്കൂ
,”അവരുടെ മനോനില മനസ്സിലാക്കിയ അധ്യാപകർ.
ഉത്തരാഖ്യാനം:- 
 താക്കോൽ  ദാനവും
അതിൻറ്റെ ചെറിയ ആഘോഷവും  കഴിഞ്ഞെല്ലാവരും പോയപ്പോൾ  അഖിലേഷ്തൻ്റെ അത്യുത്സാഹം പ്രകടിപ്പിച്ചതാണ് ആദ്യം കണ്ടത്.