Showing posts with label malayalam short story. Show all posts
Showing posts with label malayalam short story. Show all posts

Saturday, April 30, 2022

ശ്രാദ്ധദിനം!

 

 

ചന്ദ്രകുമാർ ചന്ദ്രികാദേവിയുടെ മൂത്തമകൻ. അയാളുടെ അച്ഛൻ നല്ലപാതിക്കു നൽകിയിരുന്ന കരുതൽ-മൂത്തമകന്റെ നല്ലനാമം.

 ചന്ദ്രന്റെ ചിന്തകൾ ഒരാണ്ട്  മുന്നേയ്‌ക്കു പറന്നുപോയി," അമ്മ, വളരെ പ്രസന്നതയും ചുറുചുറുക്കും ഉള്ള ഒരു വ്യക്തിയായിരുന്നു. നാട്ടിൻപുറത്തിന്റെ ഊഷ്മളതയിലും അയൽവക്കക്കാരുമായുള്ള അടുപ്പത്തിലും അമ്മ അതീവ സന്തുഷ്ടയായിരുന്നു.”

അയാളും അനുജന്മാരും കുടുംബങ്ങളും കൊച്ചിയിൽ പല സ്ഥലങ്ങളിൽ. പട്ടണത്തിൽ നിന്നും എല്ലാവരുമെത്തിയാൽ പിന്നെ  ഒരു മേളമാണ്.

“എടാ വാസവാ, നീയാ മേലോട്ടു ചന്തയിൽ ചെന്ന് കുറച്ചു നീറുമീൻ വാങ്ങി വരണം. ചന്ദ്രന് ഭയങ്കര ഇഷ്ടവാ കൊളമീൻ.”

“എടീ ഓമനേ, നീയാ മീൻ നല്ലപോലെ വെട്ടിക്കഴുകി വറത്തരച്ച് വയ്ക്കണം.”

ഇങ്ങനെ അവരുടെ സംസാരം വീട്ടിൽ നിറഞ്ഞു നിന്നു.

കുട്ടികളുടെ ഓട്ടവും ചാട്ടവും ചന്ദ്രികാദേവി നേരത്തെതന്നെ തയ്യാറാക്കിയിട്ടുള്ള ഊഞ്ഞാലിലെ ആട്ടവും എല്ലാംകൂടി  വളരെമേളമുള്ള ദിവസങ്ങൾ. പട്ടണത്തിലെ പിള്ളേർക്ക് വിശാല പറമ്പും വൃക്ഷങ്ങളും ഇപ്പോളും സൂക്ഷിക്കുന്ന വച്ചാരാധനയുള്ള കാവും കുളവും ഒക്കെ വലിയ വിനോദോപാധികൾ. അണ്ണാന്റെ പിറകെ ഓട്ടപ്പന്തയവും, കിളികൾക്കൊപ്പം ഗാനമേളയും എല്ലാം അവരുടെ വിനോദപട്ടികയിലെ അംഗങ്ങൾ. മണൽത്തരികൾ പുഞ്ചിരിയോടെ എല്ലാ കുസൃതികൾക്കും നിന്നുകൊടുത്തു.

 ഇളയ അനുജന് നിർബന്ധം,” അമ്മയെ ഞങ്ങൾ മൂന്നാളും കൊണ്ടുപോയി മാറിമാറി താമസിപ്പിക്കാം.”

 ചന്ദ്രനും ചിന്തിച്ചു, “അമ്മയെ എത്രനാൾ അയല്വക്കക്കാരുടെ കാരുണ്യത്തിൽ നിർത്തും. അച്ഛൻ മരിച്ചിട്ടു അഞ്ചുവർഷമായി.”

 മക്കൾ ഏറെ നിർബന്ധിച്ചപ്പോൾ കുറച്ച് നാളേയ്‌ക്കെന്നു പറഞ്ഞ് അമ്മ കൂടെപ്പോയി. കുറച്ചുനാൾ മൂത്തമകന്റെ വീട്ടിലും പിന്നീട് അനുജന്മാരുടെ വീട്ടിലുമായി മാറിമാറിക്കഴിഞ്ഞു.

ഒരുദിവസം, “ ചന്ദ്രാ, മോനെ, ഇനി ഞാൻ തിരിച്ചുപോകട്ടെ. നിങ്ങൾ എല്ലാവര്ക്കും സൗകര്യപ്പെടുന്ന ദിവസം നോക്കി നമുക്ക് പോകാം,” അമ്മ ഇളയ മകന്റെ വീട്ടിൽ നിന്നും ഫോണിൽക്കൂടെ.

“ അത്, അമ്മെ പിന്നെ....അമ്മെ ...”

“അതെന്താ ലീവുകിട്ടില്ലേ ?”

“അതല്ല, ശ്രീജേഷ്... ശ്രീജേഷ്… വീടും  സ്ഥലവും വിറ്റു. അവനവിടെ ഒരു പ്ലോട്ടുനോക്കിവച്ചിട്ടുണ്ടെന്ന്. അല്ല, അതവിടെ കെടന്നിട്ടെന്തു ചെയ്യാനാ?”

ചന്ദ്രനു വീട് വിൽക്കാനിഷ്ടമില്ലായിരുന്നുവെങ്കിലും അനുജന്റെ പക്ഷം പറഞ്ഞു. അനുജന്മാരുടെ  വഴിയിൽ മുള്ളുപാകുന്നത് അയാളുടെ കോപ്പയിലെ ചായയല്ലായിരുന്നു.

 “ഞാൻ എന്റെ പൊന്നുമക്കളിലുള്ള വിശ്വാസം കൊണ്ടാ വീതം വച്ചത്. ഞാൻ ഈവീട്ടിൽ ഉണ്ടായിരുന്നിട്ട്…അച്ഛൻ പറഞ്ഞതാ-വീട് നീ നിന്റെ പേരിൽ നിലനിർത്തണമെന്ന്. എനിക്കും… അച്ഛന്റെ കൂടെ… അവിടെ....,”  അമ്മ വാചകങ്ങൾ മുഴുമിപ്പിച്ചില്ല.

അവർ എന്തോ, ഉടൻതന്നെ ഒന്നും മിണ്ടാതെ കിടക്കമുറിയിലേയ്ക്കുപോയി.

 "ചന്ദ്രാ നീ വന്നെന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോകൂ," രണ്ടുദിവസം കഴിഞ്ഞ്, വളരെ നേർത്ത ശബ്ദത്തിൽ ചന്ദ്രികാദേവി ആവശ്യം പ്രകടിപ്പിച്ചു .

ചന്ദ്രൻ പോയി അമ്മയെ സ്വന്തം വീട്ടിലേയ്ക്കു കൊണ്ടുവന്നു.

അവരുടെ സംസാരരീതിയുടെ അലകും പിടിയും മാറി വരുന്നുണ്ടായിരുന്നു. ആർക്കുമത് ദൃശ്യമായില്ലെന്നു മാത്രം. കറികളുടെ പൊടിക്കൈകൾ മരുമകളുമായി പങ്കുവയ്ക്കുകയും കുട്ടികളുടെ പാഠഭാഗങ്ങളിലെ അറിവ്, അമ്മയുടേതായ അളവുകോൽ ഉപയോഗിച്ച്  അളക്കുകയുമൊക്കെ ചെയ്തിരുന്ന അമ്മ, അവരോടുപോലും  വെറും കാര്യമാത്രപ്രസക്തമായി  സംസാരിച്ചു. പത്രവായന നിർബന്ധമായിരുന്ന അവർ അതൊക്കെ വല്ലപ്പോഴും ചെയ്തെങ്കിലായി.

അവർ സ്വയം നെയ്തെടുത്ത കൂടിനുള്ളിൽക്കയറി, അച്ഛനുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോലെ പഴയകാര്യങ്ങൾ പറയുന്നത് കേൾക്കാമായിരുന്നു. മക്കൾ എത്ര ശ്രമിച്ചിട്ടും പഴയ വാക്ക്‌ചാതുരിക്കുപ്പായമണിഞ്ഞില്ല. അതവരുടെ ലൗകികത്തിനോടു മുഖം തിരിച്ചുള്ള ഒരു രീതിയുടെ തിരഞ്ഞെടുപ്പ്, അല്ല ആരംഭമായിരുന്നു.

ഇതിനിടയിൽ തനിയെ അകലെയുള്ള ഒരു ആശ്രമത്തിലേക്കു താമസം മാറ്റാൻ വേണ്ട തയ്യാറെടുപ്പും നടത്തി. പക്ഷേ ആരോഗ്യം ക്ഷയിച്ചു വന്നത്, ആരുടേയും കണ്ണിൽപ്പെട്ടില്ല. അവരുടെ മുഖം ആളുകളുടെ മുന്നിലേയ്ക്കെത്തിക്കാതിരിക്കാൻ അവർ ശ്രദ്ധവച്ചിരുന്നതിനാൽ, അത് ചൊല്ലിയ ക്ഷീണകഥകളും  ആരും കേട്ടില്ല.

ഇന്ന് അമ്മയുടെ ശ്രാദ്ധദിവസമാണ്. രാവിലെ തന്നെ ബലിയിടൽ കർമ്മം പൂർത്തിയാക്കാൻ ചന്ദ്രൻ തയ്യാറായി. അയാളുടെ കണ്ണുനീർ അനുസരണയില്ലാതെ പുറത്തേയ്ക്കു ചാടാൻ വെമ്പിനിന്നു.

എല്ലാവരും ബലിച്ചടങ്ങുകൾ നിർന്നിമേഷരായി നോക്കി തൊഴുതു നിൽക്കുന്നു. മൂത്ത മകൻ ചടങ്ങുകൾ ഓരോന്നോരോന്നായി സാവധാനം പൂർത്തിയാക്കി. അവസാനമായി കുമ്പിട്ടു തൊഴുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട്‌, കുറേനേരം ആ സ്ഥിതിയിൽ തുടർന്നു. സമയം അതിക്രമിക്കുന്നു. അയാളെന്തേ നിവരാത്തത്?

Tuesday, July 13, 2021

ആ കൈ!

        

 

രാവിലെ ഫ്രിഡ്ജിൽ നിന്നും പച്ചക്കറികളെടുത്ത് അവയും കത്തിയുമായി  കസർത്ത് കാട്ടുമ്പോൾ  സാവിത്രീ ദേവിക്കൊരു തലവേദനയും കുളിരും അനുഭവപ്പെട്ടു. രാവിലെയുണർന്നപ്പോൾമുതൽ അതുണ്ട്. ഇപ്പോൾ അൽപ്പം കൂടി വരുന്നുണ്ട്.   ഭർത്താവു ചന്ദ്രദാസുമൊത്ത് ആശുപത്രിയിൽ പോയി.  അങ്ങേരു ചീട്ടെടുക്കാൻ വരിയിൽ നിൽക്കുമ്പോൾ അവൾ അവിടെ ഒരു കസേരയിൽ ഇരുന്നു. ഇസ്‌ലാം മതത്തിൽപ്പെട്ട  ഒരു  അമ്മയും അച്ചനും ഏകദേശം ഇരുപതുവയസ്സുള്ള അവരുടെ  മകളാണെന്ന്‌ തോന്നുന്ന ഒരുപെൺകുട്ടിയും  കൂടെ പുറത്തേയ്ക്കിറങ്ങുന്നത് അവരുടെ  ശ്രദ്ധയിൽ പെട്ടു. ഹിജാബ് ആ സ്ത്രീകളെ മറ്റുള്ളവരിൽ നിന്നും  മറച്ചുപിടിച്ചിരുന്നതുകൊണ്ട് അവരെ  ശരിക്കു കണ്ടില്ല. വളരെ അടുത്തുകൂടികടന്നുപോയപ്പോൾ കുട്ടിയുടെ  ഇടതുകരം മാത്രം കണ്ടു. നല്ല വെളുത്ത സുന്ദരമായ കൈ. ആ കൈയുടെ ഉടമയെ സാവിത്രിക്കൊന്നു കാണണമെന്ന്‌ ആഗ്രഹം തോന്നി. പതിയെ എഴുന്നേറ്റു വന്നപ്പോളേക്കും അവർ കാറിൽക്കയറി പോയിക്കഴിഞ്ഞിരുന്നു.

 

രണ്ട് വർഷം പിന്നിലേയ്ക്കുനോക്കിയാൽ ചന്ദ്രദാസും സാവിത്രീ ദേവിയും മകനും മകളും കൂടെ തിരുവനന്തപുരത്തു താമസമായിരുന്നു. അങ്ങേരൊരു  കേന്ദ്രഗെവണ്മെന്റു സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ. മഹാനഗരത്തിന്റെ ഒരു പ്രാന്തപ്രദേശം  അവർക്കു നല്ല ജീവിതസാഹചര്യം ഒരുക്കിക്കൊടുത്തു. വൃക്ഷലതാദികളും, കിളികൂജനങ്ങളും, വയലിറക്കത്തുള്ള താമസവും, കാറ്റും,കുളിരും എല്ലാം ചേർന്ന്  ആ വീട്ടിലെ അന്തരീക്ഷത്തിനൊരു താളം സമ്മാനിച്ചു.

 

അവരുടെ ഇരട്ടമക്കൾ,അനന്ദുവും ആതിരയും ഡിഗ്രിക്ക് പഠിക്കുന്നു. അവർ നാലുപേരും കൂടി ഇടയ്ക്കൊക്കെ ദൂരെയുള്ള  അമ്പലത്തിൽ പോവുകയും പുറത്തുനിന്നു ഭക്ഷണം കഴിക്കുകയും മറ്റും ചെയ്തുപോന്നു. വീട്ടിലുള്ളപ്പോൾ ഒന്നിച്ചിരുന്നുമാത്രമേ ആഹാരം കഴിച്ചിരുന്നൊള്ളു. തമാശ നിറഞ്ഞതും അല്ലാത്തതുമായ സംഭാഷണങ്ങളും അവിടെ ധാരാളം. അവരുടെ ജീവിതം വലിയ ഓളങ്ങളൊന്നുമില്ലാത്ത  സ്വച്ഛമായ ഒരു നദിപോലെ ഒഴുകിക്കൊണ്ടിരുന്നു.

 

 പ്രഭാതത്തിൽ, ഘടികാരം മണിയടിച്ച്‌ കുട്ടികൾക്കുവേണ്ടി  ഉണർത്തുപാട്ടുപാടി  എഴുന്നേൽപ്പിക്കും. പതിവുകർമ്മങ്ങളെല്ലാം കഴിഞ്ഞുദിവസവും ബസ്സിൽക്കയറി പട്ടണത്തിലെ കോളേജിൽ പോയിവന്നു. മണ്ണിട്ടാൽ താഴെവീഴാത്തത്ര തിരക്കുള്ള ബസ്സിലെ യാത്ര സാഹസികതനിറഞ്ഞതായിരുന്നു. എല്ലായാത്രികരുടെയും സമ്പാദ്യത്തിലുള്ള സകല വ്യായാമമുറകളും ആ ബസ്സിൽ പ്രദർശിപ്പിച്ചിരുന്നു.

കോളേജിനടുത്തു വീട് വാടകയ്‌ക്കെടുത്തു താമസമാക്കാൻ തുനിഞ്ഞപ്പോൾ അവരേറെ ഇഷ്ടപ്പെട്ട ആ  അന്തരീക്ഷം അവർക്കനുവാദം കൊടുത്തില്ല.

പതിവുപോലെ അന്നും ഇരട്ടകൾ രണ്ടും കൂടെ കോളേജിൽപ്പോയി. ബസ്സിൽ കിളികളുടെ കളി സാധാരണമെന്നപോലെ അന്നും അരങ്ങേറി. ബസ്സിൽ നിന്നും ആളുകൾ ഇറങ്ങുന്നതിനു മുൻപ് കിളി മണിയടിച്ച് ബസ്സുവിട്ടു.ആതിര  തലയടിച്ചു വീണു. അനന്ദു എന്തുചെയ്യണമെന്നറിയാതെ നിന്ന് വിഷമിച്ചു. ആരോ പോലീസിനേം   ആതിരയുടെ മാതാപിതാക്കളെയും അറിയിച്ചു. കുട്ടി ആശുപത്രിയിൽ എത്തപ്പെട്ടു. അനന്ദുവിന്റെ ക്ളാസു മുടങ്ങീതിരിക്കാൻ തത്ക്കാലത്തേയ്ക്കു ഹോസറ്റലിലാക്കി. ഡോക്ടർമാർ നന്നായി പരിശ്രമിച്ചെങ്കിലും അവൾ  ഈ ലോകത്തോട് യാത്രാമൊഴി ചൊല്ലി. കുറെ ബന്ധുക്കളും  സുഹൃത്തുക്കളുമൊക്കെ എത്തിയിട്ടുണ്ടായിരുന്നു. മകൻ  അനന്ദുവും ദൂരെയുള്ള പട്ടണത്തിലെ കോളേജ് ഹോസ്റ്റലിൽ നിന്നും ഉടനെയെത്തും. ഡോക്ടർ വിവരം പറഞ്ഞതും  സാവിത്രി നിന്നനില്പിൽ താഴേയ്ക്കു വീണു. അവിടെയുണ്ടായിരുന്നവർ അവരെ താങ്ങിയിരുത്തി. ചന്ദ്രദാസിനും ദുഃഖമടക്കാൻ കഴിഞ്ഞില്ല. കുറെ നീണ്ട മൗനവും കണ്ണീരൊഴുക്കലും. എങ്ങനെ സഹിക്കും?

സാവിത്രിദേവിയുടെ കണ്ണീർക്കയം വറ്റുന്നില്ല.കണ്ടുനിന്നവർക്കും കണ്ണീരിനെ പിടിച്ചു നിർത്താൻ പറ്റുന്നില്ല.

 അച്ഛൻ ചന്ദ്രദാസ് ആരോടും ഒന്നും മിണ്ടാതെ ഒരേയിരിപ്പ്.

അപ്പോളതാ ആശുപത്രിയിൽ ഒരു സാമൂഹികസേവന സംഘടനയുടെ ഭാരവാഹികളെത്തി യിരിക്കുന്നു, "എങ്ങനെ അവരോടു കാര്യം പറയും ഈ സ്ഥിതിയിൽ?" ഒരു പ്രവർത്തകൻ.

" പക്ഷെ, പറഞ്ഞാലല്ലേ കാര്യം നടക്കൂ, ഞാൻ പറഞ്ഞുനോക്കാം," മറ്റൊരാൾ.

അയാൾ ചന്ദ്രദാസിനെ  സമീപിച്ചു. ചന്ദ്രദാസ് ചോദ്യഭാവത്തിൽ നോക്കി.

അയാൾ പതിയെപ്പറഞ്ഞു, " ഏകദേശം  ഈ പ്രായമുള്ള ഒരു കുട്ടിക്കൊരു കൈ ആവശ്യമുണ്ട്. ആ കുട്ടിയുടെ കൈ ലിഫ്ടിന്റിടയിൽപെട്ട് ചതഞ്ഞുപോയതാണ്. മുറിച്ചുകളയേണ്ടിവന്നു. അലീമ എന്നാണതിന്റെ പേര്."

ഒന്നും പറയാതെ കുറേനേരം ചന്ദ്രദാസ് അയാളെ നോക്കിയിരുന്നു.

പിന്നെ താഴ്‌ന്നശബ്ദത്തിൽ, " "വേണ്ടാ, സാവിത്രി കൈ മുറിക്കാൻ സമ്മതിക്കുമോന്നു തോന്നുന്നില്ല. ഇല്ല സമ്മതിക്കില്ല."

“ സാറൊന്നു ശ്രമിച്ചാൽ .....”

“കോഴിക്കോട്ടാണ്. സമ്മതം കിട്ടിയാൽ ഈ കുട്ടിയുടെ  കൈ  ചേരുമോ എന്നൊക്കെയുള്ള കാര്യങ്ങൾ നോക്കി വൈകാതെയെത്തിച്ചാൽ ആ കുട്ടിക്ക്  ഉപകാരമാകും. കൗൺസിലിങ്ങൊക്കെ കൊടുത്തു ആ കുട്ടിക്ക്. മാനസികമായി അവൾ ഇപ്പോളാണ് മറ്റൊരുകൈ സ്വീകരിക്കാൻ തയ്യാറായത്. “

സാവിത്രിയതു കേൾക്കുന്നുണ്ടായിരുന്നു.

"നമ്മുടെ … പൊന്നുമോളുടെ…. ഒരു കൈയെങ്കിലും…അതെങ്കിലും ഈ ലോകത്തിൽ എവിടെയെങ്കിലും ഉണ്ടാകട്ടെ. നമ്മുടെ …നമ്മുടെ പൊന്നിനെപ്പോലൊരു കുട്ടി... കൊ..ടുക്കാം,"സങ്കടത്തിനിടയിൽ  വിക്കി വിക്കി അവർ പറഞ്ഞു.

ചീട്ടെടുത്ത് തിരിച്ചുവന്നപ്പോൾ ഭാര്യ ഭർത്താവിനോട് കാറിൽക്കയറിപ്പോയവരുടെ കാര്യം പറഞ്ഞു, "എനിക്കവരെയൊന്നു കാണണം."

" എന്തിന്,  എങ്ങനെ? നമ്പർ നോട്ട് ചെയ്തോ?"

"ഇല്ല, പെട്ടന്നങ്ങോടിച്ചുപോയി ആ ഡ്രൈവർ."

" ജീവിതത്തിൽ യാദൃച്ഛികത ഉണ്ടാകാറുണ്ടല്ലോ.എവെങ്കിടെയെങ്കിലും യാദൃച്ഛികമായി കണ്ടുമുട്ടുമെന്നു വിചാരിക്കാം."

"അതല്ല , ഇത് ആ കുട്ടിയാണോ? ആ കൈ,  നമ്മടെ ....മോളുടെതാണെന്നു തോന്നുന്നു." സാവിത്രി കണ്ണീരടക്കിക്കൊണ്ട്.

" സാധ്യതയുണ്ട്‌. ആ കുട്ടിക്ക് എക്കാലവും  ചെക്കപ്പ് വേണം. ഇവിടെയാണെല്ലോ അവരുടെ വീട്. ഈ  ഹോസ്പിറ്റലിൽ ആയിരിക്കും ചെക്കപ്പും ട്രീറ്റ്മെന്റും."  "

"നമ്മൾ   ഇവിടെ ട്രാൻസ്ഫർ ആയി വന്നിട്ട് അധികമായില്ലല്ലോ. നമുക്ക് ഹോസ്പിറ്റലിൽ  അന്വേഷിക്കാം. വിവരം കിട്ടാതിരിക്കില്ല."

 

ഉത്തരാഖ്യാനം( Epilogue):-

അലീമയെ ഒന്നുകാണണമെന്ന് ചന്ദ്രദാസിനും സാവിത്രിദേവിക്കും അതിയായ മോഹമുണ്ടായിരുന്നു. യാത്ര റിസ്ക്കാണെന്ന് ഡോക്ടർ പറഞ്ഞകാരണമാണവർ അലീമയെക്കൂട്ടി ചന്ദ്രദാസ് സാവിത്രി ദമ്പതിമാരെക്കാണാൻ പോകാഞ്ഞത്.  ആ ഒരു ആഗ്രഹത്താലാണ് രണ്ടുവർഷംമാത്രം ഉദ്യോഗകാലംക്കിയുള്ളപ്പോൾ കോഴിക്കോട്ടേയ്ക്ക് കിട്ടിയ ഉദ്യോഗക്കയറ്റവും മാറ്റവും ചന്ദ്രദാസ്  സ്വീകരിച്ചത്.

 

 

Sunday, April 18, 2021

പുഷ്‌പാർപണം!


ശാന്തമ്മ മുറിവൃത്തിയാക്കി മുഖവും തുടച്ച് ഭർത്താവിന്റരികിലേയ്ക്കു വന്നു. 

“ഈ വീട്ടിലെ ജോലിയെല്ലാംകൂടിച്ചെയ്തുതളർന്നുപോകുന്നു ഞാൻ. കല്യാണി നല്ല സഹായിയായിരുന്നു. അവൾ പോയേപ്പിന്നെ ഭയങ്കരപാടാണെനിക്ക്,” ശാന്തമ്മ ഭർത്താവ് ഗോവിന്ദക്കുറുപ്പിനോട്.

“നീയാരെയെങ്കിലും അന്വേഷിക്ക്.”

“ആ പുളിഞ്ചോട്ടിലേ വത്സല, ഭർത്താവിനോട് പിണങ്ങിയിങ്ങുപോന്നെന്നു കേട്ടു. അവളെ വിളിച്ചാലോ?”

"നീ തീരുമാനിച്ചോളൂ."

രണ്ടുമക്കൾക്ക് വേണ്ട കാര്യങ്ങൾ സ്കൂളിൽപ്പോകുംമുമ്പ് ഒരുക്കിക്കൊടുക്കണം, യൂണിഫോമുൾപ്പെടെ തുണി കഴുകണം,മുറ്റം തൂക്കണം, അകം തുടയ്ക്കണം, പാചകം ചെയ്യണം, പാത്രംകഴുകണം, അങ്ങനെയങ്ങനെ എണ്ണിയാൽത്തീരാത്തത്ര പണികളുണ്ട് ശാന്തമ്മയ്ക്ക്.

വത്സല വിളി കാത്തിരുന്നതുപോലെ, വരാൻ തുടങ്ങി. അവൾ  ദിവസവും രാവിലെ വന്നുജോലിചെയ്തു വൈകുന്നേരത്തോടെ മടങ്ങി. അവൾ നല്ലജോലിക്കാരിയായിരുന്നു.നല്ലപെരുമാറ്റവും. അതുകൊണ്ടുതന്നെ  എല്ലാവർക്കും  അവളെ ഇഷ്ടമായി. മൂന്നുനാലുവർഷങ്ങൾ  കഴിഞ്ഞപ്പോൾ മൂത്തകുട്ടി കോളേജിലായി ഇളയവൻ ഒൻപതാംക്ലാസ്സിലും. ഒരുതുക ഔദാര്യമെന്നതുപോലെ കൊടുത്ത്, വത്സലയെ ശാന്തമ്മ പറഞ്ഞുവിട്ടു. പിന്നീട് ആരെയെങ്കിലും ഇടയ്ക്കിടയ്ക്ക് വിളിച്ച് തൂപ്പുതുടയ്ക്കൽ പരിപാടികളൊക്കെ ചെയ്യിച്ചുപോന്നു.

ഇലകൾ കൊഴിഞ്ഞു, പൂക്കൾ കൊഴിഞ്ഞു, നാട്ടിലുണ്ടായിരുന്ന കുറെ ആളുകളൊക്കെ ഈ ഗൃഹത്തിലെ  താമസം മതിയാക്കി യാത്രാമൊഴിചൊല്ലി മറുലോകം  പ്രാപിച്ചു. ചെറുകുറുപ്പുമാരും, പഠിത്തവും ഉദ്യോഗവുമൊക്കെയായി ദൂരേയ്ക്കുപോയി.  അപ്പോളാണ് ശാന്തമ്മയറിഞ്ഞത് വത്സലയ്‌ക്ക്‌ മകനെ വളർത്തുവാൻ ബുദ്ധിമുട്ടുണ്ടെന്ന്. ശാന്തമ്മയ്ക്ക് ദയതോന്നി വത്സലയുടെ പന്ത്രണ്ടുവയസ്സുള്ള മകൻ ശങ്കരനെ കൂട്ടിക്കൊണ്ടുവന്നു. അടുത്തുള്ള സ്കൂളിൽ ചേർത്തു. പന്ത്രണ്ടിൽ പലതവണ പരീക്ഷയെഴുതി. പക്ഷേ  തോറ്റു.  ഇതിനിടയിൽ അവരുടെ ജ്യേഷ്ഠപുത്രൻ, സുധീഷ്  നാട്ടിലേക്ക്  സ്ഥലംമാറ്റം  വാങ്ങി കുടുംബവീട്ടിൽനിന്ന് അല്പമകലെ താമാസമുറപ്പിച്ചു.

എന്നും ഗോവിന്ദക്കുറുപ്പ് രാവിലെ പത്രവുമായി കസേര നീക്കി മുറ്റത്തിരിക്കും.അത് അദ്ദേഹത്തിന്റെ ഒരുപതിവുരീതി. വിസ്താരമേറിയ മുറ്റത്തിനപ്പുറം പറമ്പ്. നിറയെ തെങ്ങും കവുങ്ങും മാവും പ്ലാവും ധാരാളം വേറേ വൃക്ഷങ്ങളും. പലവർഗ്ഗത്തിൽപ്പെട്ടവയെങ്കിലും അവകൾ ഇളംകാറ്റും കൂടിച്ചേർന്ന് വലിപ്പച്ചെറുപ്പം വകവയ്ക്കാതെ, തമ്മിൽമുട്ടിയിളകിയാടിക്കളിക്കുന്നു. പൊക്കക്കുറവുള്ള വട്ടമരത്തിന് അൽപ്പം അസൂയയുണ്ടോ എന്ന് സംശയം. അതു കുള്ളനാണെല്ലോ. കുറുപ്പത് നോക്കിയിരിക്കും. അതൊരു വിനോദമാണ്. അതുകഴിഞ്ഞിട്ടദ്ദേഹം പത്രവായനയിൽ മുഴുകും.

അന്നും കുറുപ്പ് പത്രം കൈയിലെടുത്ത്  മുറ്റത്തിരുന്നപ്പോൾ പെട്ടെന്നെന്തോ ഒരുക്ഷീണം. ഒരുചെറിയനെഞ്ചുവേദനയും. അദ്ദേഹം കുഴഞ്ഞുവീണു.  ശങ്കരൻ ഓടിവന്ന് ഉറക്കേ എല്ലാവരെയും വിളിച്ചു. തൊട്ടടുത്തുതാമസിക്കുന്ന മൂത്തപുത്രൻ ഓടിയെത്തി. ആശുപത്രിയിൽ എത്തുമ്മുമ്പ്  കാര്യം കഴിഞ്ഞു.

വിദേശത്തുള്ള ഇളയമകൻ അടുത്തദിവസം എത്തിച്ചേരാൻ കാത്തു. 

അടുത്തദിവസം പൂമുഖത്ത്, നിലവിളക്ക്  കൊളുത്തിവച്ച് ഒരുവാഴയില നിവർത്തിയിട്ടു.   കുറുപ്പിന്റെ  ശരീരം കുളിപ്പിച്ചശേഷം  അതിൽക്കിടത്തി. പുഷ്‌പാർപ്പണത്തിനുള്ള സമയമായി. രക്തബന്ധത്തിലുള്ള പുരുഷന്മാരും ആൺകുട്ടികളും എല്ലാവരും കുളിയൊക്കെക്കഴിഞ്ഞെത്തി. കോടിയിടലിനുശേഷം പുഷ്‌പാർപ്പണത്തിനുള്ള ആഹ്വാനമെത്തി. ബന്ധുക്കൾ ബന്ധത്തിന്റെ മുറപ്രകാരം ഓരോരുത്തരായിവന്ന്  പൂക്കളർപ്പിച്ചു.

 ഇനിയാരെങ്കിലും പൂക്കൾ സമർപ്പിക്കാനുണ്ടോയെന്ന് നടത്തിപ്പുകാർ ചോദിച്ചു. ശങ്കരൻ ഒന്നുശങ്കിച്ച് മുന്നോട്ടുവന്ന് പൂക്കൾ കൈയിലെടുത്തു.

വെടിപൊട്ടുംശബ്ദത്തിൽ, "പോടാ, നിന്നെയാരും വിളിച്ചില്ല. ബന്ധുക്കൾമാത്രം പൂവിട്ടാൽ മതി," കുറുപ്പിന്റെ മൂത്തമകൻ സുധീഷ്.

പാവംശങ്കരൻ കരഞ്ഞില്ലെന്നേയുള്ളു. അവൻ വേഗം വീടിന്റെ പിറകിലേക്കുപോയി. കരഞ്ഞുതളർന്നിരുന്നെങ്കിലും ശാന്തമ്മ സുധീഷിനോടു പറഞ്ഞ് അവനെ  അവിടേക്കു വരുത്തി, പുഷ്‌പാർപ്പണം  ചെയ്യാൻ. അടക്കാൻ വയ്യാത്ത ശോകത്തോടേ  ശങ്കരൻ പുഷ്പങ്ങളർപ്പിച്ചു.

രാത്രിയായി. എല്ലാവരും തളർന്നുറങ്ങാനുള്ള തയ്യാറെടുപ്പിൽ. അപ്പോൾ ഇളയ മകൻ സുരേഷ്, " ചേട്ടാ, കഷ്ടമായിപ്പോയി, ശങ്കരനെ എല്ലാവരും കേൾക്കേ ശകാരിച്ചത്. അവൻ പൂക്കളിട്ടാലെന്താ? നമ്മുടെ വീട്ടിലെ ഒരംഗംപോലെയാണല്ലോ അവൻ? വത്സലചേച്ചിയുടെ മകനല്ലേ?”

സുധീഷ് അല്പം ശബ്ദം താഴ്ത്തി, " നീ വാ പറയാം.”

അവർ സ്വീകരണമുറിയിൽനിന്ന് അകത്തേക്കുപോയി.

“എടാ,  അവൻ ഇനി സ്വത്തിനവകാശവും പറഞ്ഞ്  വരും.”

“അതെങ്ങനെ? ആ ചേച്ചിക്ക് അന്നുപൈസയൊക്കെക്കൊടുത്തതാണല്ലോ വിട്ടത്. തന്നെയുമല്ല ഗൾഫിൽ  അവനൊരു ജീവിതമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കണമെന്നു എന്നോടുപറഞ്ഞിട്ടുണ്ടല്ലോ, അമ്മ.”

“എടാ അവൻ നമ്മടെ അച്ഛന്റെ  മകനാ. അമ്മയുമച്ഛനുംകൂടെ ശബ്ദം താഴ്ത്തി പണ്ടുവഴക്കിടുന്നത് ഞാൻ കേട്ടിട്ടുണ്ട്.” സുധീഷ്.

Saturday, January 23, 2021

യുദ്ധത്തിന്റെ ഇരകൾ!

                      

 

ജോലിയെല്ലാം  കഴിഞ്ഞു . ഇനി രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കിയാൽ മതി. ആതിരയുടെ  മനസ്സിനൊരു  അയവുവന്നിരിക്കുന്നു. ജോലികൾ തീരുമ്പോൾ മനസ്സിനൊരു സുഖം വരുമല്ലോ. തന്നെയുമല്ല  മകൻവൈശാഖിന്റെ  പരീക്ഷാഫലം മുൻകൂട്ടിയറിഞ്ഞിരിക്കുന്നു. നല്ല  മാർക്സ്  ഉണ്ട്. മകൻ ഒരുകൂട്ടുകാരന്റെ  വീട്ടിൽ  പോയിരിക്കുകയാണ്.എട്ടുമണിക്കു  മുൻപേ  മടങ്ങണമെന്നു  പറഞ്ഞിട്ടുണ്ട്.

 ആതിര മുറ്റത്തേക്കിറങ്ങി. സന്ധ്യയാകാറായി.  മുറ്റത്തൊരു  കോണിലായി നിൽക്കുന്ന  ആഞ്ഞിലി  മരത്തിൽ  ഇരുന്നൊരു  അണ്ണാറക്കണ്ണൻ അവളുടെ ആഗമനം ഇഷ്ടപ്പെടാത്ത രീതിയിൽ  അവളെ  നോക്കി.   ആഞ്ഞിലിമരത്തിൽ സ്വർണ്ണവർണ്ണത്തിൽ  പാകമായ ധാരാളം ആഞ്ഞിലിച്ചക്കകൾ  തൂങ്ങിക്കിടക്കുന്നു. കടുംപച്ചനിറത്തിലും മങ്ങിയപച്ചയിലും തവിട്ടുവർണ്ണത്തിലും ഓറഞ്ചുവർണ്ണത്തിലും  ഒക്കെയുള്ള, പഴുത്തതും  പഴുക്കാത്തതുമായ,  ഇലകളും, കായകളും കൊണ്ട് ആ  മരത്തിനെ നല്ല അഴകോടെ  പ്രകൃതി  അലങ്കരിച്ചിരിക്കുന്നു. അലങ്കാരം ചാർത്തിയ  ഒരു  ക്രിസ്‌തുമസ്‌ വൃക്ഷം പോലെ സുന്ദരം.

അവൻ , ആ  അണ്ണാറക്കണ്ണൻ, കാക്കയും  മറ്റു  കിളികളും  പോയിക്കഴിഞ്ഞപ്പോൾ  ആഞ്ഞിലിയുടെ  അവകാശം ഉറപ്പിക്കാനെന്നോണം  അവിടെത്തന്നെ  തങ്ങി. ഇപ്പോഴാണെങ്കിൽ അവരുടെയൊന്നും ശല്യമില്ലാതെ  അവനു ആഞ്ഞിലിച്ചക്ക  വയറുനിറയെ  കഴിക്കാമല്ലോ.  ആതിരയെക്കണ്ടത് അവനത്ര  ഇഷ്ടപ്പെടാത്തമട്ടിലാവാം  അവളെ   നോക്കിയിട്ടവൻ മുകളിലേക്കോടിക്കയറി . അവൾ  ചെടികൾക്കു വെള്ളമൊഴിക്കാൻ തുടങ്ങി.

ആതിര  ഏഴാംക്‌ളാസ്സിൽ പഠിക്കുമ്പോൾ മുതൽ സ്‌കൂളിലെ പ്രാർത്ഥനാ സംഘത്തിൽ സ്ഥിരാംഗം. ജയന്ത് ആ സംഘത്തിന്റെ തലവൻ. നല്ല പാട്ടുകാരൻ. ആതിരയും തീരെ മോശമല്ല. ജയന്ത് പത്താം ക്‌ളാസ്സിൽ. ജയന്തും ആതിരയും വേഗംതന്നെ സുഹൃത്തുക്കളായി. കുട്ടികൾ വളർന്നുവന്നപ്പോൾ രണ്ട് മനസ്സുകളിലു മുണ്ടായിരുന്ന സൗഹൃദം പതിയെ രൂപം മാറാൻ തുടങ്ങി. തമ്മിൽ ഒരിക്കലും പിരിയാൻ വയ്യ എന്ന അവസ്ഥ.

പന്ത്രണ്ടാoക്ലാസ്സു കഴിഞ്ഞു ജയന്ത് കോളേജിൽ ചേർന്നു. ഇടക്കൊക്കെ അവളുടെസ്കൂൾ കഴിയുമ്പോൾ അവൻ സ്കൂളിലെത്തി അവർ തമ്മിൽ കണ്ടുമുട്ടിയിരുന്നു. അവൻ  ഡിഗ്രി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതും ആർമിയിൽ JCO ആയി ചേർന്നു. അവൾ അപ്പോഴേയ്ക്കും  ഡിഗ്രിക്ലാസ്സിലേക്ക് കയറി. വീട്ടുകാരറിയാതെ പൊതുസ്ഥലത്തെ (പബ്ലിക് ബൂത്ത്) ഫോൺ വഴി അവർ സമ്പർക്കം തുടർന്നു. അന്ന് മൊബൈൽ അത്ര സാധാരണമായിരുന്നില്ല. ആതിരയ്ക്കു മൊബൈൽ ഇല്ലായിരുന്നു.

 രണ്ട് മാസത്തെ അവധിക്കാണ്‌, ജയന്ത് നാട്ടിൽ വന്നത്. എന്നാൽ  വിവാഹത്തിനുള്ള തയ്യാറെടുപ്പ്,വിവാഹം, എല്ലാമായി ഏകദേശം ഒരുമാസം കടന്നുപോയി. ആതിരയും  ജയന്തും വിവാഹിതരായിക്കഴിഞ്ഞ് ബാക്കി ഒരുമാസം കഴിഞ്ഞപ്പോൾ അയാൾ  തിരിച്ചുപോയി. ആതിരയെ കൊണ്ടുപോകാൻ പറ്റാത്ത സ്ഥലമായിരുന്നു. വിവാഹം കഴിഞ്ഞൊരു വർഷമായി. അതിനിടയിൽ മകനും ഉണ്ടായി. ഫോട്ടോകളിൽക്കൂടെ മാത്രം കണ്ടമകനെ കാണാനുള്ള ആകാംക്ഷയിൽ വരാനിരുന്നതാണ് ജയന്ത്. അപ്പോൾ കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

അവൾ  കാർഗിൽ യുദ്ധകാലത്തേക്കൊന്നുപോയി. അയാൾക്കു യുദ്ധമുഖത്തേക്കു പോകേണ്ടി വന്നു. അന്നു മോന് മൂന്നുമാസംപ്രായം. ഫോൺചെയ്യാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോൾ ആർക്കാണ് അൽപ്പം ഒഴിവ്, അവർ പലപ്പോഴും കൂട്ടുകാരുടെ വീട്ടിലേക്കു വിളിച്ചു വിവരമറിയിക്കും. മൊബൈൽ ഫോൺ വിരളമായിരുന്നതിനാൽ ആഫീസിലെ  ഫോണിൽ നിന്ന് മാത്രമേ വിളിക്കാൻ പറ്റുമായിരുന്നുള്ളു. അവിടെ മൊബൈൽ ടവർ ഒന്നും ഇല്ലായിരുന്നു. എന്നാലും ഇടയിലൊരുദിവസം ജയന്തിനു വീട്ടിലേക്കു വിളിച്ച് ആതിരയോടും അച്ഛനമ്മമാരോടും സംസാരിക്കാൻ കഴിഞ്ഞു.

പക്ഷേ  അടുത്തദിവസം വന്ന ഫോൺ ആ കുടുംബത്തിലേക്കു കണ്ണുനീർ പ്രവാഹമാണു കൊണ്ടുവന്നത്. ജയന്ത് ധൈര്യപൂർവ്വം മുന്നേറി ശത്രുക്കളെ കുറേപ്പേരെ തുരത്തി. പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത ഒരു സൈഡിൽ നിന്നും, A.K.47 തോക്കിൽ നിന്നും തുരുതുരാ വെടിയുതിർന്നത്. വെടികൊണ്ടിട്ടും ജയന്തും തിരിച്ചു വെടിവച്ചു.  ഇരുവശത്തുനിന്നും ആർക്കൊക്കെയോ ഈ ലോകം വിടേണ്ടിവന്നു. ജയന്തും അക്കൂട്ടത്തിൽ മുകളിലേയ്ക്കു  മാർച്ചുചെയ്തു.

ആതിര തേങ്ങി. എന്തൊക്കെയോ പരസ്പര ബന്ധമില്ലാതെ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു, " ജയന്ത് വരും, ദാ വന്നു ," എന്നൊക്കെപ്പറഞ്ഞുകൊണ്ട് വാതിലിലേക്കോടാൻ തുടങ്ങി. ആരൊക്കെയോ പിടിച്ചിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവിടെ നിന്നവരുടെയൊക്കെ കണ്ണ് നനയിച്ചു, അവളുടെ വിലാപം.

ആതിരയുടെ കണ്ണുനീർ തോരാൻ അധിക സമയം വേണ്ടിവന്നു. കുഞ്ഞിനെക്കാണുന്തോറും അവളുടെ മനമുരുകി, " നിന്നെക്കാണാൻ അച്ഛന് ഭാഗ്യമില്ലാതെ പോയല്ലോ,മോനെ," അവൾ മനസ്സിൽ പറഞ്ഞു. ജയന്തിനെ എപ്പോഴും ഓർത്തുകൊണ്ടേയിരുന്നു.

 "യുദ്ധം ഉടനെ അവസാനിച്ചാൽ, ഞാൻ ബാക്കിലീവ് എടുത്തു വരുന്നുണ്ട്. പ്രാർത്ഥിച്ചോളൂ." ജയന്തിന്റെ ഈ  അവസാന വാക്കുകൾ ആതിരയുടെ ഹൃദയത്തെ ഏറെ നോവിച്ചു.

“മനുഷ്യന്റെ മനസ്സിലുദിയ്ക്കുന്ന അധികാരമോഹം, അഹങ്കാരം, അത്യാഗ്രഹം, അസൂയ, അനീതി, അർഹതയില്ലാത്തയുന്നതി, തുടങ്ങിയ സ്വഭാവം പലരീതിയിൽ, മറ്റുള്ളവർക്കു ദണ്‌ഡനം നൽകുന്നുണ്ട്. യുദ്ധവും അങ്ങിനെയുള്ള ഒരു ദണ്ഡനമാണ്. ഏതെങ്കിലും ഒരു ഭരണാധികാരിയുടെ  ക്രൂര മനസ്സിലുദയം ചെയ്യുന്ന ആക്രമണവാഞ്ച മറ്റുള്ളവരിലേക്കു പടർത്തുന്നതിൽ അയാൾ വിജയിക്കുന്നു. അല്ലെങ്കിലും എല്ലാ തീരുമാനങ്ങളും - കൊള്ളാവുന്നതും  കൊള്ളരുതാത്തതും ഒരു മനസ്സിൽ മാത്രം സംജാതമായിട്ട് മറ്റു മനസ്സുകളിലേക്കും കൂടി പകരുകയാണല്ലോ!  അങ്ങനെ ഒരു യുദ്ധം പിറവിയെടുക്കുന്നു. ഭയാനകമാകുന്നു. അതിന്റെ ഇരകൾ ജയന്തിനെ പോലെ അനേകം യോദ്ധാക്കളും അവരുടെ ബന്ധുക്കളും. മോഷണം, ലൈംഗികത തുടങ്ങിയ കാര്യങ്ങളുടെ ബലിയാടുകൾ, അനവധി ആളുകളും അവരുടെ കുടുംബാംഗങ്ങളും. കുഞ്ഞുങ്ങൾ പോലും ലൈംഗികതയ്ക്കിരയിന്ന് . പ്രകൃതിയും വലിയ ചൂഷണത്തിന്റെ ഇര. പല വയോജനങ്ങളും മക്കളുടെ, ബന്ധുക്കളുടെ ക്രൗര്യത്തിന്റെ ഇരകൾ. മാംസാഹാരത്തിനായ് കൊല്ലപ്പെടുന്ന മൃഗങ്ങളും നിർദ്ദയമാർഗ്ഗത്തിന്റെ ബലിയാടുകൾ. അങ്ങനെ ദുഷ്ടരും അവർ നൽകുന്ന പീഡനത്തിന്റെയും ഇരകൾ നിറഞ്ഞതാണ്  ലോകം ഇന്ന്.”അവളുടെ മനസ്സ് പലകാര്യങ്ങളും ചിന്തിച്ച് വേദാന്തത്തിന്റകാട്ടിൽ കയറി. .

നാളുകൾ കഴിഞ്ഞപ്പോൾ " മോളെ, നീ ചെറുപ്പമല്ലേ, പുനർവിവാഹത്തിനു തുനിഞ്ഞാലോ?" വലിയ വിഷമത്തോടെ മാതാപിതാക്കൾ. ജയന്തിന്റെ വീട്ടുകാരും നിർബന്ധിച്ചു.   ആതിര തന്റെ മനസ്സിലെ ജയന്തിന്റെ സിംഹാസനം ഒരാൾക്കും  കൊടുക്കാൻ തയ്യാറായില്ല..

" ഞാൻ അന്നെടുത്ത ഡിസിഷൻ നല്ലതായിരുന്നു. ഇന്നെന്റെ പൊന്നുമോന് ഇരുപത്തിരണ്ടു വയസ്സാകാൻ പോകുന്നു. ഒരു പ്രൊഫഷണൽ ഡിഗ്രി കരസ്ഥമാക്കി,” അവളോർത്തു.

“ അയ്യോ! ഓരോന്നാലോചിച്ചങ്ങു നിന്നു. വൈശാഖിപ്പോ വരും. ചപ്പാത്തിയുണ്ടാക്കണം," ആതിര അടുക്കളയിലേയ്ക്കുപോയി.

വൈശാഖ്  അടുത്തെത്തി പതിയെ അവനൊരാഗ്രഹം അവതരിപ്പിക്കാൻ തുടങ്ങി,"അമ്മെ, എനിക്ക് NCC യിൽ ‘C’ സർട്ടിഫിക്കറ്റ് കിട്ടിയില്ലെ? അതു ആർമി ഓഫീസേർസ് റിക്രൂട്ട്‌മെന്റിന്  നല്ലതാണ്."

" നീയെന്താപറഞ്ഞത്? ആർമിയോ, വേണ്ട. എനിക്കിനി നീ മാത്രമേയുള്ളു. അച്ഛന്റെ കാര്യമറിയാമെല്ലോ!" അവളുടെ ശബ്ദം ഘനമുള്ളതായിരുന്നു.

“ എന്റെ വലിയ ആഗ്രഹമതാണമ്മെ. പ്ളീസ് സമ്മതിക്കില്ലെ?"

“പറ്റില്ല മോനെ, നിന്നെ എനിക്ക് നഷ്ടപ്പെടാൻ വയ്യ. ഞാൻ വീണ്ടും കല്യാണം കഴിക്കാഞ്ഞത് എന്റെ മോനുവേണ്ടിമാത്രമാണ്."

" അമ്മെ, എല്ലാവര്ക്കും ഒരേ ഫേറ്റ് അല്ല. എത്രയോ ആളുകൾ ആക്‌സിഡന്റിലും  അല്ലാതെയും  മരിക്കുന്നു. കോവിഡ് വന്നു എത്രപേർ മരിച്ചു.ഭൂകമ്പമോ? ഇപ്പോഴും മരിക്കുന്നു. ആർമി തന്നെ വേണമെന്നില്ല മരിക്കാൻ. ആർമിയിൽ ജോലിചെയ്തു വളരെ വയസ്സായി മരിക്കുന്നവർ അല്ലെ കൂടുതൽ," വൈശാഖൊരു പ്രഭാഷണം തന്നെ നടത്തി.

" നീ എന്ത് പറഞ്ഞാലും ഞാൻ വിടില്ല."

" അമ്മയൊരിക്കൽ പറഞ്ഞല്ലോ, അച്ഛൻ ദേശസ്നേഹം കൊണ്ടാണ് ആർമിയിൽ ചേർന്നതെന്ന്. ഞാനും ദേശസ്‌നേഹി തന്നെയാണ്. എന്നെ വിട്ടില്ലെങ്കിൽ അച്ഛന്റെ ആത്മാവ് പൊറുക്കില്ല. അച്ഛൻ മുകളിരുന്നു എന്നെ വിടാൻ പറയുന്നുണ്ട്."

ആ വാചകം അവളുടെ ഹൃദയത്തെ ഇളക്കുക തന്നെ ചെയ്തു.


 

 

 

 

 


Monday, December 7, 2020

അവരും അവളും!

 


 

അവർ-ദമ്പതികൾ തീരുമാനിച്ചു അവളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാൻ.

"അതുവേണോ, അവളുടെ സുഖ സൗകര്യങ്ങൾ അന്വേഷിച്ചു വേണ്ടതു ചെയ്താൽപ്പോരേ," അയാളുടെ അമ്മ ഫോണിൽകൂടി.

" പോരാ, അമ്മെ, ഒന്നിനും കുറവ് വരാതിരിക്കട്ടെ." മകൻ.

"എന്നാലും ഒന്നുരണ്ടു മാസം കഴിഞ്ഞു പോരെ,"

" കുറെ ദൂരയല്ലേ അവളുടെ വീട്. എന്തെങ്കിലും ആവശ്യം വന്നാൽ പ്രശ്നമല്ലേ. റിസ്കു വേണ്ടല്ലോ. കൊണ്ടുപോരാം."

" ഇത്ര നേരത്തെ അവൾ വരുമോ?"

"വരും, അവളുടെ ഭർത്താവ് പറഞ്ഞു വിടാമെന്ന്. ഫോർമാലിറ്റീസ് എല്ലാം ചെയ്തു  കഴിഞ്ഞല്ലോ. "

അവർ-ദിനേശും, നീതയും  അന്നു  വൈകിട്ട് അവളെ കൂട്ടിക്കൊണ്ടു വരികതന്നെ ചെയ്തു. അവളോടു സ്നേഹം കാണിച്ചു, നല്ല പ്രാധാന്യം നൽകി.  അവൾക്കു പുതു വസ്ത്രങ്ങൾ വാങ്ങി കൊടുത്തു. നല്ല പോഷക ഘടകങ്ങളുള്ള ആഹാരം തന്നെ നൽകി. ജോലിക്കാരിക്കു വേണ്ട നിർദ്ദേശങ്ങൾ നീതു കൊടുത്തു," അവൾക്കു വേണ്ടതെല്ലാം ചെയ്തു കൊടുക്കണം. അവളുടെ ആഹാരത്തിൽ പ്രത്യേക ശ്രദ്ധ വയ്ക്കണം. ഞങ്ങൾ ഓഫീസിൽ  പോകുമ്പോൾ  പച്ചക്കറികളും പഴങ്ങളും ഒക്കെ ധാരാളം നിർബന്ധിച്ചു കഴിപ്പിക്കണം."

ജോലിക്കാരിതങ്കമ്മ അല്പം വിരസതയോടെ സ്വയം പറഞ്ഞു, “ആരാ ആപ്പെണ്ണ്? ഇവിടെ വാങ്ങിച്ചോണ്ടു വരുന്നനല്ലസാധനങ്ങളെല്ലാം തിന്നു തീർക്കാനോ?”

ആഫീസിൽനിന്നും വന്നാലുടനെ നീത അവളോടു കഴിച്ചതിന്റെ വിവരം തിരക്കും. അവൾ വൈമനസ്യത്തോടെ കഴിച്ചതു പറയും. നീത  തങ്കമ്മയോടു തിരക്കിയാൽ പറയും, “അയ്യോ ചേച്ചീ അതിലൊത്തിരികേടാരുന്നു.”

അവൾ കുറച്ച് ആപ്പിളും മാതളനാരങ്ങയും സ്ട്രോബറിയുമൊക്കെ മാറ്റിവച്ച് സ്വയം കഴിക്കുകയും അയൽവക്കത്തെ കൂട്ടകാരിക്കു കൊടുക്കുകയുമൊക്കെചെയ്യും.

 ഇതുതുടർന്നപ്പോൾ നീത പറഞ്ഞു, “ഉപഭേക്താക്കളായ നമ്മൾ ഇതുസഹിക്കേണ്ട. ഒരു കമ്പ്ലയിന്റ് ഉപഭ്രോക്തൃ കോടതിയിലേയ്ക്ക് ഈമെയിൽ ചെയ്യാം.”

തങ്കമ്മയോടായി പറഞ്ഞു, “നീ ഇനികേടുള്ള ഫ്രൂട്സ് കളയണ്ടാ, മാറ്റുവയ്ക്കൂ.. ഫോട്ടോയെടുത്ത് പരാതിയുടെകൂടെ അയക്കാനാ.”

ഏതായാലും പിന്നീടുള്ള പഴവർഗ്ഗങ്ങളെല്ലാം കേടില്ലാത്തതയിരുന്നു.

വൈകിട്ട് ഓഫീസിൽ നിന്നും എത്തിയാൽ ചായകുടിയും ലഘുഭക്ഷണവും കഴിച്ച് അവളെക്കൂട്ടി നീതയും ദിനേഷും നടക്കാൻ പോകും. വീടിനടുത്തുള്ള തിരക്കില്ലാത്ത റോഡിൽക്കൂടി. പട്ടണത്തിൽ ആകെക്കൂടി അൽപ്പം പച്ചപ്പുള്ളത് ആ റോഡിന്റെ സൈഡിൽ കാണുന്ന പറമ്പുകളിൽ ആണ്. അവിടം ഇതുവരെ ജനനിബിഡമല്ല. അതുകൊണ്ട് തന്നെയാണ് അവിടെ വൃക്ഷലതാദികൾ ആഘോഷത്തോടെ വിരാജിക്കുന്നത്. റോഡിലും  തിരക്കു കുറവ്. 

നടന്നെത്തുന്നത് കുട്ടികളുടെ പാർക്കിലേക്ക്. കുഞ്ഞുകുട്ടികൾ കളിക്കുന്നത് കണ്ടിട്ടവൾ സന്തോഷിക്കുന്നത് ആവശ്യമാണെന്ന് അവരുടെ ചിന്ത.

ആ വീട്ടിലെ സുഖജീവിതം; ഒറ്റയ്ക്കു കഴിയുന്ന ഭർത്താവിനെ കുറിച്ചുള്ള ചിന്ത  അവളുടെ ഹൃദയത്തെ  ഇടക്കൊക്കെ കുത്തി നോവിച്ചു.

മരങ്ങളിലെ പൂക്കളും, പാർക്കിലെ ശിശുക്കളും അവൾക്കാവോളം ആശ്വാസം നൽകി. കുട്ടികളുടെ ചിലപ്പു കാരണമാകാം പക്ഷികൾ ആ സമയത്തൊന്നും അവരുടെ കലകൾ പ്രദർശിപ്പിക്കാൻ അവിടെയെത്താറില്ല.

അങ്ങനെ അങ്ങനെ കാത്തിരുന്ന ദിവസം വന്നു. ശസ്ത്രക്രിയ വേണ്ടിവന്നേക്കാം എന്ന് ഡോക്ടർ പറഞ്ഞെങ്കിലും വേണ്ടി വന്നില്ല. ഒക്കെ വേഗമായിരുന്നു. സാധാരണ പ്രസവം. ആൺകുട്ടി. എല്ലാവരുടെയും  സന്തോഷം  വളർന്നാകാശം തൊട്ടു.

മൂന്നാം ദിവസം അവളെക്കൂട്ടി വീട്ടിലെത്തിയപ്പോൾ ദമ്പതിമാർ- രണ്ടുകൂട്ടരുടെയും മാതാപിതാക്കൾ അക്ഷമരായി കാത്തുനിൽക്കുന്നു .  പൊതുവെ അവിടെയൊരു  ആഘോഷ പ്രതീതി.

" ഒരു മാസം അവൾ ഇവിടെ നിൽക്കട്ടെ, അവളോടു പറഞ്ഞു നോക്കാം, അല്ലെ?" ദിനേശ്.

"ഓ, അത് വേണ്ട, ഒരാഴ്ചക്കകം  കൊണ്ടന്നാക്കാം " നീത.

എല്ലാം അവൾ കേൾക്കുന്നുണ്ടായിരുന്നു, "കാര്യം കഴിഞ്ഞു. ഇനി എന്റെ ആവശ്യം അവർക്കില്ല." 

ഭർത്താവൊറ്റയ്ക്കാണെങ്കിലും അവളിലെയമ്മയുണർന്നു. കുറച്ചുദിവസം കുഞ്ഞിനു  പാലുകൊടുക്കാൻ ഭർത്താവു സമ്മതിക്കുമെന്നവൾക്കുറപ്പുണ്ട്

.പ്രേമവിവാഹമായിരുന്നു. വീട്ടുകാരുടെ സഹകരണമുണ്ടെങ്കിലും സഹായിയ്ക്കാനുള്ള സാമ്പത്തികമവർക്കില്ല. അയാളുടെ   പെട്ടിക്കടയിലെ ചെറിയ വരുമാനമാണവർക്കു ജീവിതമാർഗ്ഗം.

 " ഇതാ ഒരു   വാടകക്കുഞ്ഞിനെ ഞാൻ പ്രസവിച്ചിരിക്കുന്നു . എങ്കിലും ഇതുവരെ  സ്വന്തമായി ഒരുകുഞ്ഞില്ല, ഈകുഞ്ഞിന്റെ ഉപഭേക്താവാര്?ഞാനല്ല" ദുഖത്തോടെയവളുടെ മൗനം ഉറക്കെ പറഞ്ഞു.

അതുകൊണ്ടുതന്നെ  അവൾ നൊന്തുപെറ്റ ആ കുഞ്ഞിനെ കുറച്ചുദിവസം പാലുകുടിപ്പിച്ചാൽ കൊള്ളാമെന്നുണ്ട്. പക്ഷെ അവർക്കു വേണ്ടെങ്കിൽ അവൾക്കു സ്വന്തം വീട്ടിലേക്കുടനെ പോയല്ലേ പറ്റൂ. ഒരു വാടക ഗർഭപാത്രത്തിന്റെ   ഉടമയായ അവൾക്കെന്തു ചെയ്യാൻ കഴിയും?

"ചെറുതായെങ്കിലും കട ലാഭമുണ്ടാക്കാൻ  തുടങ്ങിയിട്ടൊരു   കുഞ്ഞുവേണം," അവളുടെ മനം മന്ത്രിച്ചു.