Sunday, July 26, 2020

പാവനനാമം !



തെളിഞ്ഞുനിൽപ്പൂ എന്മനതാരിൽ
വിളങ്ങുംദീപം ശ്രീരാമരൂപം .
ഒരുദിനംപോലും മുടങ്ങാതെഞാൻ
 ഉരുവിട്ടീടുന്നു  പാവനനാമം.


രഘുകുലനാഥാ  നിന്നുടെനാമം,
സംഘർഷേ നല്ലൂ, ലേപനതുല്യം .
അമിതമാമാശ പായും വിദൂരേ 
ആമയന്തീരും, മുഖമോർത്താൽ.

 കാമക്രോധവും ലോഭമോഹവും ,
മദമാത്സര്യവും, മനുജനുസഹജം.
ശ്രീരാമദേവാ നിന്നുടെ കനിവാൽ
ദൂരത്താകണം ഹാനിയാംനിനവ്.

ശ്രീരാമായണം ആശയപൂർണ്ണം  
ഭാരതാംബതൻ ശുഭപ്രതീകം.
ഭാവനാരചിതം അഴകാം മൂർത്തി
കാവ്യവൃന്ദം പെയ്തിറങ്ങുന്നു.
 
ചാഞ്ചല്യംവിനാ പുണ്യകാവ്യം
തുഞ്ചന്നംഗുലി നെയ്തുകൂട്ടി.
മായും രാവും രാമായണത്താൽ
പായും ഗ്ളാനികൾ മണ്ണിൽനിന്നും.

മൃദുലം സുഖദം അങ്ങുതൻചലനം,
മേദിനിമനസാ നമിപ്പൂനിത്യം.
ഭാഷണംമധുരം മനങ്ങളെമയക്കും
 ഭൂഷണംസുന്ദരം, മിഴിയിൽമേള.

കാരുണ്യക്കടൽ,അതിലൊരുതുള്ളി
തരുമോ അടിയനു പുണ്യംനേടാൻ!
സർവ്വംസഹയായ് എന്നും മേവാൻ
സ്വാർത്ഥതവേണ്ടാ, കനിയുകില്ലേ.

അന്തൃസമയേ  നിൻ ദിവ്യ നാമം
ചിന്തയിലായാൽ ലഭൃം മോക്ഷം.
 ആത്മനൊമ്പരം അലിഞ്ഞിടേണം
ആത്മാവങ്ങയിൽ ലയിച്ചിടേണം.















Friday, July 10, 2020

മനുജനെന്നമഹാമാന്യൻ!


                                

                                             
ഉത്തമത്തിൽ,ബുദ്ധിപോലും,
അധർമ്മത്തിൻ സമ്പ്രദായം.
മനുജനെന്നമഹാമാന്യൻ !
എന്തുകഷ്ടം, എത്രക്രൂരൻ !

ഭർത്തൃനാമമെന്നും പുണ്യം
കർത്തവ്യങ്ങൾ പൂർണ്ണമെങ്കിൽ.
കാന്തനിവിടെ ക്രൂരമൃഗം,
കാന്തയിര വഞ്ചനയ്ക്ക്.

അഞ്ചുപേർക്കുകാഴ്ചവെച്ചു
വഞ്ചനയ്ക്കു പാതിമെയ്യെ.
പിഞ്ചുമകൻ കരഞ്ഞുനില്പ്പൂ
അഞ്ചാം വയസ്സ്, നിസ്സഹായൻ.

വിണ്ണിൽ നിന്നും കേണു ഘനം,
മണ്ണിൽ വീണു കണ്ണുനീര്.
മാരിയായതു പെയ്തിറങ്ങി,
പാരിൽ ദുഃഖം അലയടിച്ചു.

കളത്രത്തിൻ മാനംവിറ്റ്,
കള്ളുപാത്രം നിറയ്ക്കുന്നു.
കരളുരുകും നീചകൃത്യം,
ചിരികളിയും മാഞ്ഞുപോയി.

ഒഴിവാക്കൂ, സ്വതന്ത്രയാക്കൂ,
കഴിവതില്ലേൽ, കാവലാകാൻ.
തിരിച്ചറിയൂ കഴിവുകേട്,
കുരുതിയരുത് ദാരത്തിന്.

നീതിവേണം ദുർബലർക്കും
പ്രീതിയുള്ളജീവനവും ?
കായബലമക്രമത്തിന്!
ന്യായമില്ലാ കുടിലതയ്ക്ക്.