Sunday, April 23, 2017

പ്രതികരണം!


"മോളേ, നീ ഒന്നുകൂടി ആലോചിച്ചു നോക്ക്.ചെയ്യുന്നതു മഠയത്തരമാണ്,"സുരേഷ് കുറുപ്പ്
"അച്ചാ, ഞാൻ നല്ലതുപോലെ ആലോചിച്ചു. വയ്യാ, എനിക്കിനി വയ്യ," കീർത്തി ആലോചിച്ചുറപ്പിച്ചതുപോലെ പറഞ്ഞു.
"എല്ലാം വേണ്ടെന്നു വെയ്ക്കാൻ എളുപ്പമാണ്.നീ വേഗം റെഡിയാക്.ഞങ്ങൾ കൊണ്ടാക്കാം," അമ്മ ശ്രീലത.

ഒരു ശ്രമവും മകളുടെയടുത്തു ഭലിയ്ക്കുന്നില്ലായെന്നു കണ്ടപ്പോൾ        അച്ഛനും അമ്മയും  വലിയ വിഷമത്തോടേ പിൻവാങ്ങി.ആദിവസം അങ്ങിനെ കടന്നുപോയി. പിന്നീടുള്ള പല ദിവസങ്ങളിലും അതുതന്നെ ആവർത്തിച്ചു. പതിയെ പതിയെ ആ വീട്ടിൽ അതിനെക്കുറിച്ചുള്ള സംസാരം നിലച്ചു.

 രാവു വന്നു, പകല് വന്നു, മഴവന്നു, വെയിലു വന്നു, അടുത്തുള്ള നദി അതിലൂടെ ധാരാളം വെള്ളമൊഴുക്കി. ശിശിരവും വസന്തവും ഹേമന്തവും എല്ലാം അവരുടെ കർമ്മം രണ്ടുപ്രാവശ്യം കൃത്യമായി നിറവേറ്റി. അങ്ങിനെ രണ്ടു സംവത്സരങ്ങൾ വിടചൊല്ലി.

ഒരു ദിവസം കീർത്തി സ്കൂളിൽ നിന്നും വരുന്ന LKG ക്ലാസ്സിലെ മകൾ നീതികയേ കൂട്ടി വീട്ടിൽ എത്തി.

"മോളെ, ശരത്ത് ദാ ഡിവോഴ്സ് നോട്ടീസ് അയച്ചിരിയ്ക്കുന്നു.നീ എന്തു ചെയ്യാനാ ഉദ്ദേശിയ്ക്കുന്നത്? "അച്ഛൻറ്റെ ശബ്ദം പെട്ടന്നവളുടെ മനസ്സിൽ തീയ് കോരിയിട്ടു. അവൾ ഒന്നും പറയാതെ സ്വന്തം മുറിയിലേയ്ക്കു പോയി.കുട്ടിയുടെ യൂണിഫോം ഒക്കെ മാറ്റി. അവൾക്കു ആഹാരം കൊടുക്കാൻ അമ്മയോടു പറഞ്ഞു. അമ്മ ശ്രീലത  കണ്ണുനീർ തുടയ്ക്കുന്നതു കണ്ടു. ഒന്നും പറയാതെ വന്ന് അവൾ  വീണ്ടും മുറിയിൽ കയറി.

 "ഞാൻ ചെയ്തതു തെറ്റായിപ്പോയി, പക്ഷെ, ശരത്തു ചെയ്തതും തെറ്റുതന്നെയാണ്. ഓർക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയുന്നു," മനോഗതം.

ഒരുദിവസം ഓഫീസിൽ നിന്നും വന്നു ചായകുടി ഒക്കെക്കഴിഞ്ഞു അല്പം നർമ സല്ലാപം ഒക്കെ ചെയ്ത് ശരത്ത് ലാപ് ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്നു,"കുഞ്ഞു മുറ്റത്തു കളിയ്ക്കുന്നുണ്ടേ, നോക്കണേ അവളെ,” ശരത്തിൻറ്റെ പതിവ് ശൈലി.

 കീർത്തി ഉദ്യോഗസ്ഥ അല്ലാത്തതുകൊണ്ട് കുട്ടിയുടേതുൾപ്പെടെ എല്ലാ കാര്യങ്ങളും കീർത്തി തന്നെയാണു ചെയ്യുന്നത്.ശരത് കീർത്തിയെ ഉദ്യോഗത്തിനു വിടാത്തത് വീട്ടുകാര്യങ്ങൾക്കു ഭംഗം വരരുത് എന്നുള്ളതു കൊണ്ടാണ്.

കീർത്തി കുട്ടിയുടെ അടുത്തേയ്ക്കു പോകാൻ തുടങ്ങിയതും കൂട്ടുകാരി നന്ദനയുടെ ഫോൺ വന്നു. കുട്ടി ഉറക്കെക്കരയുന്ന ശബ്ദം കേട്ടു കീർത്തി ഓടി  അതിൻറ്റെ അടുത്തെത്തി. കുട്ടി,നീതിക വീണു നെറ്റി പൊട്ടിയിരുന്നു, മുറിവ് ചെറിയതായിരുന്നുവെങ്കിലും രക്തം കുറച്ചധികം ഒഴുകി. ശരത്തും ഓടി അവിടെയെത്തി.രക്തം കണ്ടതും അയാൾ ഒന്നും ചിന്തിയ്ക്കാതെ പ്രതികരിച്ചു.അതല്പം കടുത്തുപോയി.
മാതാപിതാക്കളിൽ നിന്നും കാര്യമായി ശിക്ഷ ഒന്നും ലഭിച്ചിട്ടില്ലാത്ത കീർത്തിയുടെ പ്രതികരണം ശരത്തൊട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. 

പിന്നീടുണ്ടായതെല്ലാം രണ്ട് ശത്രുക്കൾ ഏറ്റുമുട്ടുംപോലെ. ഇതിനിടയിൽ കുട്ടിയുടെ മുറിവ് കീർത്തി കെട്ടിക്കൊടുത്തു.അതുവരേയ്ക്കും വലിയ പ്രശ്നങ്ങളൊന്നും  ഇല്ലാതെ സന്തുഷ്ടമായ ജീവിതം ആയിരുന്നു. മിത്രങ്ങൾ പറഞ്ഞിരുന്നു ‘made for each other’.. എന്നാലിപ്പോൾ പറയരുതാത്തതു പലതും പറഞ്ഞു, സ്വത്തിൻറ്റെ ആസ്തി വരെയും വിഷയമായി. രണ്ടു ശബ്ദങ്ങളും വളരെ ഉച്ചത്തിലായി.വാഗ്വാദങ്ങൾ മുറുകി. അല്പമൊക്കെ സഭ്യതയുടെ വരമ്പും ഭേദിച്ചിരുന്നു.

  കൂട്ടത്തിൽ ചില സാധനങ്ങൾ ശരത്തിൻറ്റെ കയ്യിൽൽനിന്നും പൊന്തിപ്പറന്നു ദൂരെ തെറിച്ചു വീണുകൊണ്ടിരുന്നു. അപ്പോൾ അതിലും മുന്തിയ ശബ്ദത്തിൽ കീർത്തിയുടെ വദനത്തിൽ  നിന്നും വാക്കുകൾ പൊന്തിപ്പറന്നു അന്തരീക്ഷത്തിൽ തെറിച്ചു വീണുകൊണ്ടിരുന്നു. ആരും പിന്നോട്ടില്ല എന്നു തന്നെയായി കാര്യങ്ങൾ.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കീർത്തി ഒരു ബാഗു തപ്പിയെടുത്ത് കുറെ തുണികൾ കുത്തിത്തിരുകി തോളിലിട്ട് മോളെയും കൂട്ടി ശരവേഗത്തിൽ ഇറങ്ങിപ്പോയി,"ഇനി ഞാൻ ഈ വീട്ടിലേയ്ക്കില്ല."

"വേണ്ട, വന്നാൽ ഞാൻ വാതിൽ കൊട്ടിയടയ്ക്കും," ശരത്.

രണ്ടാളുടെയും അമ്മമാരും അച്ഛന്മാരും   പറ്റുന്നത്രയും  ശ്രമിച്ചു അവരെ കൂട്ടിയോജിപ്പിയ്ക്കാൻ. വാശി കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല.രണ്ടാളുടെയും  അഹം അവരേ താഴാൻ തീരേ അനുവദിച്ചില്ല.  

 ഈയിടെയായി അവൾക്കു വിഷമം തോന്നിത്തുടങ്ങിയിട്ടുണ്ട്  വിവാഹമോചനകത്തു കിട്ടിയപ്പോൾ  അതു   പശ്ചാത്താപമായി മാറി. അതിൻറ്റെ അളവ് അതാ കൂടിക്കൂടി വരുന്നു. അവളുടെ മനസ്സ് അയാളോടൊന്നു സംസാരിയ്ക്കാൻ വെമ്പൽ കൊണ്ടു, " ഒരു ഫോൺ കോളെങ്കിലും കിട്ടിയെങ്കിൽ.ഇല്ല അത് പ്രതീക്ഷിയ്ക്കേണ്ടാ."

അവൾ ഫോൺ കയ്യിലെടുത്തിട്ടു വീണ്ടും തിരിച്ചുവയ്ക്കും,  “വാട്സാപ്പുപയോഗിച്ചാലോ, വേണ്ട,മെസ്സേജയയ്‌ക്കാം, അതും വേണ്ട.എന്നെ വിളിക്കില്ലായിരിക്കും, അച്ഛനോടൊന്നു വിളിക്കാൻ പറഞ്ഞാലോ?”  ആകെ അവൾ ആശങ്കയിലായിരുന്നു അവസാനം അവൾ വിളിയ്ക്കുക തന്നെ ചെയ്തു, ഒന്നല്ല മൂന്നു തവണ. ആദ്യം അയാൾ എടുത്തില്ല, പിന്നെയുള്ള രണ്ടുപ്രാവശ്യവും കട്ടുചെയ്തു. അതിൻറ്റെ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അവളെ നടുക്കിയ ബോംബ് സ്ഫോടനം.

 അവൾക്കത് സഹനത്തിൻറ്റെ നെല്ലിപ്പടിയായിരുന്നു. സ്വയം അവജ്ഞ തോന്നി. ആകെ ഊർജം ചോർന്നുപോയതുപോലെ.

അച്ഛൻ എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു,"ഞാൻ ഒന്നാവീടുവരെ പോയാലോ? അയാൾ എന്നെ ആക്ഷേപിച്ചു വിടുമോ?സാരമില്ല, മോൾക്കുവേണ്ടിയല്ലേ,പോയിനോക്കാം,അല്ലെ?"ശ്രീലതയോട്.

"ഒന്നു പോയിനോക്കുന്നതാണു നല്ലതെന്നെനിയ്ക്കും തോന്നുന്നു." 

മകൾ  മൗനം പൂണ്ടു. അത് സമ്മതമായെടുത്ത് അച്ഛൻ അവിടെ പോയി.. ആശങ്കയോടെയും അല്പംപ്രതീക്ഷയോടെയും അവർ രണ്ടാളും  അച്ഛൻറ്റെ ഫോൺ വിളി കാത്തിരുന്നു. കുട്ടിയ്‌ക്കു അമ്മൂമ്മ യാന്ത്രികമായിട്ടാണ് ഭക്ഷണം കൊടുത്തുകൊണ്ടിരുന്നത്. 

 സുരേഷ് കുറുപ്പിൻറ്റെ ഫോൺ വന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ   മ്ലാനവദനനായി ആൾ മടങ്ങി വന്നു.അവൾക്കു കാര്യം മനസ്സിലായി," വെറുപ്പാണല്ലേ? സാരമില്ല." 

"ആ മനുഷ്യൻറ്റെ കുട്ടിയെ ഞാൻ പ്രസവിച്ചതല്ലേ,എന്നോട് ക്ഷമിയ്ക്കാൻ കഴിയില്ലേ?" അവളുടെ മനോഗതം.

"മോളെ, നീ ഇനി കാത്തിരിയ്‌ക്കേണ്ട, മറന്നേക്കൂ.അയാളുടെ  വിവാഹം വീണ്ടും ഉറപ്പിച്ചിരിയ്ക്കുന്നു. രണ്ടു വർഷമായതുകൊണ്ട് ഡിവോഴ്സ് എളുപ്പമാണല്ലോ!"

അവൾ ഒന്നും മിണ്ടിയില്ല. മനസ്സിടിഞ്ഞുപോയി.

അദ്ദേഹം തുടർന്നു, " താലി പൊട്ടിച്ചു മുഖത്തേയ്‌ക്കെറിഞ്ഞ ഒരുവളെ അയാൾക്കിനി വേണ്ടാപോലും. നിന്നെ അടിച്ചതു പെട്ടന്നുള്ള ദേഷ്യത്തിൽ ആണുപോലും. നീതീക മോളെ കാണണം എന്നുപോലും അയാൾ പറഞ്ഞില്ല."


എന്തോ പെട്ടന്നു തീരുമാനിച്ചപോലെ അവൾ ഷാൾ എടുത്തു കണ്ണ് തുടച്ചു,"ഞാൻ ജീവിയ്ക്കും അച്‌ഛാ, എൻറ്റെ പൊന്നുമോളെ നന്നായിത്തന്നെ വളർത്തും, എനിക്കൊരു ജോലി കിട്ടാനുള്ള എക്സ്പീരിയൻസ് ഓക്കെയുണ്ട്. കുട്ടിയെ അയാൾ ചോദിയ്ക്കില്ല, ബാധ്യതയാകില്ലേ?"