Saturday, February 11, 2017

കണ്ണൂരിനെന്തു പറ്റി !

കണ്ണൂരേ,കണ്ണില്ലേയെന്തു പറ്റീ?
കണ്ണുതുറക്കൂ  ജനത്തെ നോക്കൂ.
മണ്ണിലൂടൊഴുകും  ചെഞ്ചോരപ്പുഴ
മണത്തുനോക്കുവാൻ,മൂക്കുമില്ലേ?


ഉയിരുപോയപോൽ  തോന്നീടുന്നു
ഊരിൻപേരിനും കളങ്കമായീ.
കണ്ണൂർ ജനതേ, മിഴിതുറക്കൂ
വർണ്ണമൊന്നല്ലേ  നിണങ്ങൾക്കെല്ലാം? 


 കലിതുള്ളിപ്പക കാട്ടും നാട്യം കണ്ടോ? തലക്കുപകരം കൊയ്യും തലാ.
കരങ്ങൾക്കു പകരം  വെട്ടും കരം,
കാരുണ്യഹീനർ കഷണമാക്കും.


നേതൃത്വം നൽകുന്ന  ആശയത്താൽ 
വധങ്ങളേറെ നടത്തീടുന്നൂ 
 എടുത്തു ചാടുന്നു അണികൾപാവം 
 വന്നീടും വാസം  അഴികൾക്കുള്ളിൽ.


“ചത്തു, പോയതെൻ ബന്ധുവല്ലാ
എന്തിനായ്  പിന്നെ  ദയ  കാട്ടേണം?”
 ചിന്തയിൽ  ഈവിധം അഹങ്കരിച്ച്,
 നേതാവ് അധികാരം വീണ്ടും പൊക്കും.


പൂഴിതൻ  മാറിൽ   ചലനമറ്റ്,
കാഴ്ചയ്ക്കു വിഷമം, സ്വന്തം  രക്തം, 
കിടക്കുന്നവിടെ, നാഥനില്ലാ,
നഷ്ടം  മാതാവിൻ  അളക്കാവതോ?


അച്ഛൻറ്റെ താങ്ങിതാ വീണു പോയീ
അമ്മതൻ തണലും മാഞ്ഞുപോയീ.
നൊമ്പരമവർക്ക് നയനനീരായ്,
കവിളിൽ  ചാലുകൾ തീർത്തീടുന്നൂ.


കാരുണ്യമെന്ന മനുഷ്യ ഭാവം,
 മരവിച്ചുപോയോ  എന്നേയ്ക്കുമായ്?
 നിണത്തിൻകണങ്ങൾ ചുറ്റിലെങ്ങും
  ശോണവർണ്ണത്തിലായ് ചായമിട്ടു. 


പറവകൾ പോലും  ശങ്ക  കാട്ടീ,
പറന്നു  പോയല്ലോ കൂടുതേടീ. 
പ്രകൃതിതൻ ഭാവവും  മങ്ങലിലായ്,
ദുഃഖഭാരത്താൽ  വദനം  വിങ്ങീ.


സൂര്യഭഗവാനീ കാഴ്ച  കാണാൻ
ധൈര്യമില്ലാതായി ഭയപ്പെട്ടു.
യാത്രയായ് പശ്ചിമദിക്കുനോക്കീ
മറഞ്ഞൂസാഗരത്തിൻ പിറകിൽ.

                        
റീത്തുകൾ  വെയ്ക്കുന്നു  കൈകൾകൂപ്പീ,
 മുതലക്കണ്ണീരിൽ രാഷ്ട്രീയക്കാർ.
നാടകമല്ലേ ഈ കാട്ടലെല്ലാം!
തടയുമോ വധം, മാലോകരേ?