Tuesday, May 17, 2016

മുച്ചക്ര വാഹനം !ഒന്നുതിരിഞ്ഞു  നോക്കുമ്പോൾ  അവൾക്കെല്ലാം ഒരു  വെറും  വിനോദമായിത്തോന്നുന്നുണ്ടോ ? ഇല്ല  എവിടെയോ  ഒരു  സൂചി  കുത്തുംപോലെ. സാധാരണ ഈ സമയത്തു  പത്രം വായിയ്ക്കാറാണ് പതിവ് . ഇന്നു പക്ഷെ  പത്രം  അവൾ മാറ്റിവെച്ചുരാവിലെ  വന്ന  മാസിക  കയ്യിൽ എടുത്തു.പതിയെ  അവൾ  കിടക്കയിലേയ്ക്കു   ചാഞ്ഞു.

അഞ്ചു  വയസ്സുകാരി  മകൾ  വൈഗയേ സ്കൂൾ  ബസ്സിൽ  കയറ്റിവിട്ടു  വീട്ടിൽ  എത്തിയപ്പോൾ അഖിലയ്ക്കു പ്രത്യേകിച്ചൊന്നും  ചെയ്യാൻ  ഉണ്ടായിരുന്നില്ല.വഴിയിൽ ഉള്ള  ഓഫീസ്സിനു  മുന്നിൽ  അംഗവൈകല്യം  ബാധിച്ചവരുടെ  ഒരു  സമരം അരങ്ങേറുന്നുണ്ടായിരുന്നു.അതിങ്ങനെ  അഖിലയുടെ  മനസ്സിൽ തങ്ങി  നിൽക്കുന്നു. അവൾ  ഒരു  പത്തുവർഷം മുൻപുള്ള  ഭൂതകാലത്തിലേയ് ക്കൊരു   യാത്രാ  ടിക്കറ്റെടുത്തു സഞ്ചരിയ്ക്കാൻ  തുടങ്ങി .

2006.അവൾ  അവിടെ എത്തിച്ചേർന്നുകോളേജിൽ  ഡിഗ്രി  ആദ്യ  വർഷം. എന്നും  എട്ടുമണി   ആകുമ്പോൾ  ബസ്സ്സ്റ്റോപ്പിൽ   എത്തും. അന്നും  പതിവുപോലെ  അഖിലയുടെ  മിഴികൾ   മഞ്ഞ  അരളിച്ചുവട്ടിലേയ്ക്ക്  പോയി. അവിടെ    മുച്ചക്ര  വാഹനം  ആരോരുമില്ലാത്ത   ഒരു  അനാഥബാലനെപ്പോലെ. അതിൻറ്റെ ഉടമസ്ഥനെ  അവിടെയെങ്ങും  കാണാനില്ല.

 “എന്തേ അയാൾ ഇന്നു  വൈകുന്നു, ഒരിക്കലും  പതിവില്ലല്ലോ?,”  അവളുടെ  ആത്മഗതം. “ശ്രുതി  വരട്ടെ. അവളുടെ   വീടിനടുത്താണല്ലോ  അയാളുടെ  വീട്. അവളോടു ചോദിയ്ക്കാം.”

ബസ്സു വരാൻ  പത്തു  മിനിട്ടുള്ളപ്പോൾ സ്റ്റോപ്പിൽ  എത്താറുണ്ട്അഖിലയും ശ്രുതിയും കൂടി കോളേജു ബസ്സിൽ ഒന്നിച്ചു പോകാറാണു പതിവ്.ശ്രുതി  വന്നതും  വളരെ  ഉദ്വേഗത്തോടെ  അഖില  ചോദിച്ചു , “ഇന്നെന്തേ  അയാൾ  വരാത്തത്? മുച്ചക്ര  സൈക്കിൾ  അവിടെ  കിടപ്പുണ്ടല്ലോ?.”

“അതോ,അയാൾക്കു സുഖമില്ലാതെ  ഹോസ്പിറ്റലിൽ  ആണ്. ഞങ്ങളുടെ   വീട്ടിൽ സഹായിക്കാൻ  വരുന്ന  ചേച്ചി  പറഞ്ഞു.”

“ഏതു  ഹോസ്പിറ്റലിൽ ?”

“ഗവർമെൻറ്റു ഹോസ്പിറ്റലിൽ.”

 “ ഐ.സി.യു.വിൽ  ആണെന്നു കേട്ടു."

എന്താണസുഖം?” അവൾ വിഷമം  മറച്ചുവച്ചു ചോദിച്ചു.

മഞ്ഞപ്പിത്തം , അറിഞ്ഞില്ലപോലും.ഡോക്ടർ  അമ്പതു  ശതമാനമേ  ആശ  കൊടുത്തിട്ടൊ ള്ളൂവെന്നുകേട്ടു.”

ഒരുനിമിഷം  അവൾ  നിശബ്ദയായിഅയാൾക്കു വേഗം  സുഖമാകണേ,” അഖില  ആഗ്രഹിച്ചു . അല്ല  പ്രാർഥിച്ചു.

പെട്രോൾ  പമ്പിൻറ്റെ  ഒരു  സൈഡിലായി  ഒരു  വലിയ  മഞ്ഞ  അരളി  പന്തലിച്ചു   നിന്നു. ചെറിയ  ഇലകൾ ആണെങ്കിലും  അത്  ഇടതൂർന്നു തണൽ വിരിച്ചു  നിന്നു . യാത്രക്കാർക്കു  തണലേകി  സംതൃപതിയടഞ്ഞു. ചെറു വെള്ളയ്ക്കാ   വലിപ്പത്തിൽ  ഉള്ള  കായകൾ  ക്ഷേത്രോത്സവത്തി ൻറ്റെ   കെട്ടുകാഴ്ച്ച യോർമിപ്പിയ്ക്കും  വിധം  തൂങ്ങിക്കിടന്നിരുന്നു . മഞ്ഞ  നിറമുള്ള  മനോഹരമായ  പൂവുകൾ     സ്റ്റോപ്പിൽ  വരുന്ന  എല്ലാവരെയും  നോക്കി  ആത്മാർഥമായി  പുഞ്ചിരിതൂകി. മന്ദ മാരുതൻ തൻറ്റെ ചിറകുകൾ വിടർത്തി അവിടെയെല്ലാം  പറന്നു നടന്നു.  പെൺകുട്ടികൾ  രണ്ടും  അതിൻറ്റെ  ഒരു  ഭാഗത്തായി  ബസ്സു  കാത്തു  നിലകൊണ്ടു.

പ്രമോദ്  തൻറ്റെ മുച്ചക്ര  വാഹനത്തിൽ  അരളിയുടെ  ചുവട്ടിൽ ഒരു  കോണിലിരുന്നു ലോട്ടറി  കച്ചവടം  നടത്തി കച്ചവട  കല  നന്നായി  സ്വായത്തമാക്കിയിരുന്ന  പ്രമോദ് സരസമായി  സംസാരിച്ചിരുന്നു . അയാളുടെ   സംസാരത്തിൻറ്റെ  ചുണയും  ചൊടിയും  ആളുകളെ  ആകർഷിച്ചിരുന്നു. കച്ചവടം സുഗമമായി  നടന്നു.

അന്നു വൈകിട്ടു കോളേജിൽ നിന്നും  വന്ന  അവൾ  പതിവു കാര്യങ്ങളിൽ  ഏർപ്പെട്ടു. പതിയെ  അല്പം  പാട്ടു കേൾക്കാം എന്നുകരുതിയപ്പോൾ  പ്രമോദ്  പെട്ടന്നു  മനസ്സിലേയ്ക്കു കയറിവന്നു.സ്കൂൾ  കാലത്തിൻറ്റെ   സി.ഡി അയാൾ   അവളുടെ മനസ്സിൻറ്റെ   പ്ലെയറിലേ യ്ക്ക്  തിരുകി  കയറ്റി.

ഹോ ,   ത്ര   സ്മാർട്ടായിരുന്നു പ്രമോദ്.”

അങ്ങിനെ  അങ്ങിനെ  സീനുകൾ  ഓരോന്നായി  വന്നുപോയി . സ്കൂളിലെ  ചുണക്കുട്ടന്മരിൽ ഒരുവനെന്നല്ല   ഏറ്റവും  മുന്തിയ  ചുണക്കുട്ടൻ  ആയിരുന്നു  അവൻ. പഠിപ്പിൽ മുമ്പൻ,പ്രസംഗത്തിൽ  ഒന്നാമൻ, സംഗീതത്തിൽ പ്രവീണൻ,അധ്യാപകരുടെ പ്രിയ ശിഷ്യൻ എന്നുവേണ്ടാ എല്ലാകാര്യത്തിലും വിശ്വസനീയൻ. അവൻറ്റെപരീക്ഷകളുടെ ഫലങ്ങൾ  അവനേയും രക്ഷിതാക്കളെയും പ്രതീക്ഷകളുടെ ഇഴകളാൽ ഭാവിയുടെ  പൊൻകനവുകൾ നെയ്തുകൂട്ടാൻ പ്രേരിപ്പിച്ചു.

 അഖില   അന്നു ഒമ്പതാം ക്ലാസ്സിൽ .പ്രമോദ്  പന്ത്രണ്ടാം  ക്ലാസ്സിൽ. എട്ടാം  ക്ലാസ്സുമുതൽ  അവൾക്കു  അവനോട്  എന്തോ  ഒരു  ഇമ്പം. ഒമ്പതാം ക്ലാസ്സിൽ  ഇമ്പത്തിൻറ്റെ തലം  അല്പം  കൂടി  ഉയർന്നു. അവനെ  കാണുമ്പോൾ  ഒരു  പ്രത്യേക  സന്തോഷം ഉള്ളിൽ. പക്ഷെ  അവൾ  അതൊരു  സ്വകാര്യ സന്തോഷമായി മനസ്സിൽ വെച്ചു.ആരോടും  പറഞ്ഞില്ല, ആരുമറിഞ്ഞതുമില്ലഅഖിലയുടെ  അച്ഛനു   വേറെ  സ്റ്റേറ്റിലേയ്ക്കു   അവളുടെ  ഒൻപതാം  ക്ലാസ്സു പൂർത്തിയായതും  മാറ്റമായി.

പുതിയ അന്തരീക്ഷം  പ്രമോദിനെ  അവളുടെ മനസ്സിൻറ്റെ അടിത്തട്ടിലേയ്ക്കു പതിപ്പിച്ചു. അവൾ അവനേക്കുറിച്ചു ചിന്തിക്കാതെയായി.അപ്പോൾ  അതാ  ചെവിയിൽ എത്തുന്നു  അവൻറ്റെ കുടുംബത്തിൻറ്റെ ദുരന്തം.
മനസ്സിനെ നൊമ്പരം വല്ലാതെ  കീഴടക്കികണ്ണുകൾ നിറഞ്ഞു. അവൾ  ആത്മാർഥമായി  അയാൾക്കുവേണ്ടി  പ്രാർഥിച്ചു.

പട്ടണത്തിൻറ്റെ  ഓരത്തുള്ള  ഒരു  കുന്നിൻ ചെരുവ്. അവിടെയുള്ള  അനേകം  ചെറു  വീടുകളിൽ  ഒന്നു  പ്രമൊദിൻറ്റെ കുടുംബത്തിൻറ്റെ.അച്ഛൻ,അമ്മ, മോൻ  എന്നിവർ സന്തോഷത്തോടെ കഴിയുന്നു. അപ്പോഴതാ  ഓർക്കാപ്പുറത്തൊരു ദുരന്തം. പ്രമൊദിൻറ്റെ വീടും,അച്ഛനെയും,അവൻറ്റെ ഒരു  കാലും,മറ്റുപലരെയും  അവിടെ  അരങ്ങേറിയ ഒരു  ഉരുൾപൊട്ടൽ തട്ടിക്കൊണ്ടുപോയി.ഉള്ള  ചെറിയ  സമ്പാദ്യവും  മറ്റുള്ളവരുടെ  കാരുണ്യവും  കൂടി  ചേർന്നു അവൻറ്റെയും അമ്മയുടെയും  ജീവൻ പിടിച്ചുനിർത്തി.കോളേജു  മുടങ്ങി.ജീവിതം  അവൻ  ഒരു  മുച്ചക്ര  വാഹനത്തിലേയ്ക്കു  പറിച്ചു  നട്ടു.

ഭൂമി  സൂര്യനു ചുറ്റും  മൂന്നു  പ്രാവശ്യം  കൂടി  വലം  വച്ചു. അഖിലയുടെ അച്ഛനു  വീണ്ടും    പട്ടണത്തിലേയ്ക്കു  തന്നെ  മാറ്റമായി. അഖിലയുടെ  കോളേജു പഠനം ഇവിടെ   ആരംഭിച്ചു.

അങ്ങിനെ  അവൾ സമർഥനായ   പ്രമോദിനേ   വീണ്ടും  കണ്ടു, ഒരു  വികലാംഗൻറ്റെ  രൂപത്തിൽ. കോളേജിൽ പോകുമ്പോൾ  എന്നും  കാണാൻ  തുടങ്ങി. ഗതകാല സ്മരണകളാണോ, സഹതാപമാണോ മറ്റുവല്ലവികാരമാണോ എന്നറിയില്ല അവൾ എന്നും അയാളെ കാണാൻ ആഗ്രഹിച്ചിരുന്നു.

രണ്ടുദിവസം  കഴിഞ്ഞപ്പോൾ   ശ്രുതി , “ പ്രമോദിനൽപ്പം ഭേദമായി . വാർഡിലേയ്ക്കു  കൊണ്ടുവന്നു.”  കേട്ടതും  പോയിക്കാണാൻ  അഖില മോഹിച്ചു.

ശ്രുതി ഉറപ്പിച്ചു പറഞ്ഞു പോകണ്ടാന്ന്," എന്തിനാണിത്ര കാരുണ്യം?സ്കൂളിൽ  പഠിച്ചു എന്ന്  കരുതി നിങ്ങൾ    കൂട്ടുകാരൊന്നുമല്ലല്ലൊ!"

അസുഖം  മാറി പ്രമോദു വീട്ടിൽ വന്നു.ഒരുദിവസം  അഖിലയുടെ  നിർബന്ധത്തിനു  വഴങ്ങി  ശ്രുതി  അവളെക്കൂട്ടി അയാളുടെ വീട്ടിൽ  പോയി.വീണ്ടും ഒന്ന് രണ്ടു പ്രാവശ്യം കൂടി  അതാവർത്തിച്ചു.

പൂർണ്ണസ്സുഖമായതും  അയാൾ  മുച്ച്ചക്രവാഹനത്തിലേയ്ക്കു  ചേക്കേറി.

 അഖില  ശ്രുതിയെക്കൂട്ടാതെ  ഒരുനാൾ  പ്രമോദിൻറ്റെ  വീട്ടിൽ  എത്തി. അവളുടെ  അമ്മയോട് അവിടെപ്പോയ ദിവസങ്ങളിൽ കോളേജിൽ ലാബിനു സമയം കൂടുതൽ വേണ്ടിവന്നുവെന്നാണു പറഞ്ഞത്. 

പ്രമോദിൻറ്റെയമ്മ  അപ്പുറത്തേയ്ക്കു പോയതും  മനസ്സു തുറന്നു, “എനിയ്ക്കു പ്ര മോ ദിനോട്..."

"കുട്ടി പറയാൻ പോകുന്നതെനിയ്ക്കറിയാം.അത് നടക്കില്ല.നടക്കാൻ പാടില്ല.ആദ്യം കുറെ കാരുണ്യം കാണിയ്ക്കും.പിന്നെ ഞാൻ എല്ലാവർക്കും ഭാരമാകും."

  പ്രമോദു  വളരേ സംയമനം പാലിച്ചു.

 “ഞാൻ  പഴയ  പ്രമോദല്ല, പ്രമോദിൻറ്റെ പ്രേതം മാത്രം. നിരാശയുടെ ശവപ്പറമ്പൊരുക്കി എൻറ്റെപ്രതീക്ഷകളെ അതിൽ കുഴിച്ചു മൂടി ആ ഉരുൾപൊട്ടൽ. പക്ഷെ നിരാശയിൽ കഴിയാൻ എന്നെക്കിട്ടില്ല. അതിൽ നിന്നെല്ലാം ഞാൻ കരകയറി.എനിയ്ക്കു ദുഖമില്ല.ഞാൻ ജീവിയ്ക്കും."

"ഞാൻ കാരുണ്യം കൊണ്ടു പറഞ്ഞതല്ല.നമ്മൾ ഒരു സ്കൂളിൽ പഠിച്ചതല്ലേ?. എനിയ്ക്കു അന്നേ ആരാധനയാണ്  പ്രമോദിനോട്. എന്നും  ഞാൻ  കൂടെ  ഉണ്ടാവും.”  അവളുടെ തൊണ്ട ഇടറിവന്നു.

 “വേണ്ട, ഇപ്പോൾ ഉള്ളതു സഹാനുഭൂതി മാത്രം. എനിയ്ക്കു കുട്ടിയോടൊരു പ്രത്യേകതയും ഇല്ല.കുട്ടി പോകൂ.കുറെ കഴിയുമ്പോൾ ഒക്കെ മറന്നുപൊക്കോളും."

 സ്കൂൾ  കാലയളവിൽ  അവനും  അവളെ   ശ്രദ്ധിച്ചിരുന്നു . മനസ്സിലെ കുരങ്ങു  ചാഞ്ചാടിയെങ്കിലും  അവൻ  അതിനെ  പിടിച്ചു  കെട്ടി .കാരണം   സാമ്പത്തിക  അകലം.  

അവൾക്കു  കണ്ണു നിറഞ്ഞു  വന്നു . ശബ്ദം  ഇടറി, “ ഉറച്ച  തീരുമാനമാണോ ?”
അതെ . കുട്ടി  ഇനി  ഇവിടെ  വരരുത്.വരേണ്ട ,” മനസ്സു    തേ ങ്ങിയെങ്കിലും  അയാൾ  ശബ്ദം  കഠിന മാക്കിയിരുന്നു
അടുത്തദിവസം  തന്നെ  അയാൾ  ഇരിപ്പിടം  പട്ടണത്തിൻറ്റെ  മറ്റൊരോരത്തേയ്ക്ക് മാറ്റിസ്ഥാപിച്ചു.

കാളിംഗ്    ബെല്ലിൻറ്റെ  ശബ്ദം  കേട്ട്  അവൾ  ചിന്ത വെടിഞ്ഞു. നോക്കിയപ്പോൾ  തുണി തേയ്ക്കുന്ന ആൾ. അഖില തൻറ്റെ ചിന്തയ്ക്കു കടിഞ്ഞാണിട്ടു.'

കയ്യിൽ ഇരുന്ന മാസികയിൽ നിന്നും കഥ  വായിച്ചു കഴിഞ്ഞപ്പോൾ  എന്തെന്നില്ലാത്ത ഒരു സംതൃപ്തി അനുപമയുടെ  മുഖത്തു കളിയാടി.അനുപമ  സ്വാനുഭവം  ഒരു  കഥയാക്കി  അധികം  പ്രസിദ്ധി യില്ലെങ്കിലും  കൊള്ളാവുന്ന  ഒരു  മാസികയിലേയ്ക്കയച്ചിരുന്നു. അതു പ്രസിദ്ധീ കരിച്ചുവരുമെന്നു  പ്രതീക്ഷിച്ചിരുന്നില്ല.