(നതോന്നത)
കാല്യനേരത്തായി നല്ല സ്മിതത്തോടെയെത്തിദിനം,
കോപത്താലോ യാമിനിയും പോയി മറഞ്ഞു.
മെല്ലെ പുറത്തുള്ള മുറ്റത്തിറങ്ങി നിന്നു സുശീല,
നെല്ലിൻ സസ്യജാലങ്ങൾതൻ പാടങ്ങൾ നോക്കി.
സസ്യങ്ങളിത്തിരിയുള്ളു, മെലിഞ്ഞതും കരിഞ്ഞതും
ഒസ്യത്തായിയല്പം വയൽ കിടച്ചതിലായ്.
തൊട്ടയലത്തുള്ളജനം ദയയേറെക്കാട്ടിയേകി
വട്ടിക്കുള്ളിലായിയല്പം ധാന്യമണികൾ.
പൊന്നുമക്കൾ പ്രിയധവൻ സുദാമാവിനുമായവൾ
പാകംചെയ്തചോറു മൊത്തം പങ്കിട്ടു നല്കീ.
സ്വന്തമുദരം വിശപ്പാൽ രോദിച്ചീടുവാൻ തുടങ്ങി,
ഉണ്ണാവൃതമിന്നെന്നവളാശ്വസിപ്പിച്ചു.
പഞ്ഞിപോലെ പ്രദോഷവും പാറിപ്പാറിവന്നു നിന്നു
കുഞ്ഞുങ്ങളിൽ കുടിവച്ചു വിശപ്പധികം.
വാത്സല്യത്തിൻ വാക്കുവന്നു തലോടി നിന്നു മക്കളെ,
ഉത്സാഹമൊട്ടും തൊട്ടില്ല സുശീലാമാതെ.
കുട്ടികൾക്കു നിദ്രയ്ക്കായി കീറപ്പായ വിരിച്ചിട്ടു
ഒട്ടിയകുക്ഷിയുറങ്ങി തനൂജർക്കൊപ്പം.
എല്ലിനും ത്വക്കിനുമിടയിൽ മാംസമെന്ന വസ്തു കമ്മി
ഇല്ല തെല്ലുമതു മറഞ്ഞെങ്ങോപൊയ്പ്പോയി.
തേങ്ങും ഹൃത്തുപേറിയവർക്കേകി ചുംബനം സുശീല
പൊങ്ങും നോവുമായിയവൾ നിദ്രയേ പുല്കീ.
പിറ്റേന്നെത്തി ഞായർദേവൻ നിദ്രയെ പറഞ്ഞയച്ചു
ചെറ്റെഴുന്നേറ്റു അവൾ, ദുഃഖം തളർത്തീ.
ചേലത്തുമ്പിൻ സഹായത്താലക്ഷിയംബു ഒപ്പിയവൾ
ചാലൊഴുക്കും ചക്ഷുസ്സിനോടോതിയടങ്ങാൻ.
കാഥികപോൽ ഗ്ലാനി വന്നു ഇല്ലാപ്പാട്ടു പാടിനിന്നു
വാസ്തവത്തിൽ പാതയൊന്നും തെളിഞ്ഞതില്ല.
“അങ്ങയുടെയുറ്റ മിത്രം മാധവനെ പോയിപ്പാർക്കൂ
എങ്ങനേയും ചൊല്ലീടൂ വൈഷമ്യകാരിയം.
അല്ലലൊക്കെ തൃക്കരത്താൽ തുടച്ചുമാറ്റുകയില്ലേ?
ചൊല്ലുന്നതോ അങ്ങു നിത്യമുപേന്ദ്രനാമം.
അച്യതനോ കുചേലനെ കണ്ടമാത്രമനോഹരം
ഇച്ഛാപൂർവ്വമാലിംഗനം മിത്രത്തെ ചെയ്തു.
കാന്ത കൈയിൽ കൊടുത്തൊരു അവിൽപ്പൊതി കൈക്കലാക്കി
ആർത്തികാട്ടി തുറന്നുവാഹരിച്ചു ഹരി.
കേശവൻ,സതീർത്ഥ്യഭവാൻ,എല്ലാമറിഞ്ഞുകഴിഞ്ഞാ
ലാശകൾ പൂർണ്ണമാക്കീടും നല്ലോണംതന്നെ.
ഭക്തിസൗഹൃദസൗരഭ്യം നന്നായ് കൊയ്തെടുത്തു ഫല-
മുത്തമമനുഗ്രഹത്തെ നല്കീ മുകുന്ദൻ.