Showing posts with label malayalam poem. Show all posts
Showing posts with label malayalam poem. Show all posts

Saturday, August 3, 2024

പകപോക്കൽ!

              പകപോക്കൽ!


       വൃത്തം-മണിമഞ്ജരി



“മഴയെ!നീ കാട്ടുവതെന്തെന്നറിയുന്നോ?

മിഴികൾ നിറച്ചീടും ക്രൂരകർമ്മം.

ദ്യുവിൽ  ഞങ്ങൾ  വേനലിൽ നിന്നെ കാത്തുനിൽപ്പൂ,

അവകാശമല്ലെ നിൻ സാമീപ്യങ്ങൾ?


കരുതലും സ്നേഹവും ഞങ്ങൾ വയ്പ്പൂ ഹൃത്തിൽ

തരുവാൻ  നിനക്കായ്, ചൊരിഞ്ഞീടുമ്പോൾ.

പരമായി നീ വന്നു മന്ദമാരിയായീ

അരികിലെത്തീ ഞങ്ങൾക്കിഷ്ടമായീ.


മണിമുത്തുപോലുള്ള നീയോ പ്രബലയായ്

മരതകപ്പച്ചയേ തൊട്ടുണർത്തീ.

ഇരുൾവീണ വേളയിൽ  പരിചോടുറങ്ങുമ്പോൾ

നരരേ ബലമായീ പുല്കിയില്ലേ?


ഉരുവായി  നിന്നൊരാ  കുന്നിന്നുരു ഹൃദ്യം ,  

ഉരുൾപൊട്ടലായ് വീണു കവർന്നു ജീവൻ.

ഉരുൾപൊട്ടി ഉൾനീറീ വിടചൊല്ലിയനേകർ,

അരുമയായ് കെട്ടിപ്പടുത്ത സ്വത്തും.   


ഉടയവർ,ഉടയാട, സൗഹൃദം, സ്വത്തുക്കൾ,

ഉടമസ്ഥരേ വിട്ടു പോയ് മറഞ്ഞൂ.

തനുവിന്റെയംഗങ്ങൾ വേർപെട്ടു പോയവർ,

മനവും പ്രതീക്ഷയും  ബന്ധവും പോയ്.


തടിനിയും  തടിച്ചൊരു വന്യമാം പുഴയായി

അടവിയേ,വിഴുങ്ങിയൊ? കാണ്മതില്ലാ.

വ്യഥതൻ കരിമേഘം പരന്നവിടെയെല്ലാം,

കദനഗാനം മൂളിയന്തരീക്ഷം.”


“ മഴയെന്ന ഞാനെന്നാൽ പണ്ടുപണ്ടേയുണ്ട്,

കുഴയുന്ന കാര്യം ഞാൻ ചെയ്യുകില്ലാ.

മനുജരേ! വേണ്ടതാം സാമഗ്രി നിങ്ങൾക്കായ്

മനമോടെ തന്നില്ലേ ഭൂമിദേവീ?


അവനിതൻ  മക്കളാO തരുലതാദികളേ 

അതിമോഹമായ് നിങ്ങൾ കൊന്നതില്ലേ? 

മനവും കടുത്തോരു വിങ്ങലിന്നിരയായി 

തനുവും ക്ഷതത്താലേ   നീറിക്കാണും.


വസുധയ്ക്കു നൊമ്പരം സഹിയാതെ വന്നപ്പോൾ 

വശംമാറിയെങ്ങാൻ കിടന്നതാവാം.

മടിയിലിരുന്നോരാ  കുന്നു തലകുത്തി

അടിയിൽപ്പെട്ടുപോയ്  ചെറുമക്കളും. 


ക്ഷമയോ ക്ഷമയുടെ നെ ല്ലിപ്പടികണ്ടു

അമിതമാം ദ്രോഹം പൊറുത്തില്ലവൾ.

പ്രകൃതിമാ നിങ്ങളെ സ്നേഹിച്ചീടുന്നെന്നാൽ

പകപോക്കിടും  നോവസഹ്യമായാൽ.”


ഉരു= ദേഹം, ബൃഹത്ത് 

Saturday, January 6, 2024

നോവിന്റെ നീരൊഴുക്ക് !



ചിത്തത്തിന്നാഴങ്ങളിൽ 

           നോവിന്റെ നീരൊഴുക്കായ്,

ഉത്തരയുടെ ക്ഷേത്രം 

           നിർജ്ജീവം മാനസവും. 

മോശമായതിൻ ഹേതു

      പെട്ടെന്നുണർന്നൂ വൃഷ്ടി.

മട്ടുമാറിയ വർഷം

         പിണമഞ്ചമെത്തിച്ചു.


ഭർത്താവും പൊന്നുമോനും 

     ഛായാചിത്രമായ്  മാറി, 

മൊത്തത്തിലനാഥയായ്

       ജീവിതവീഥിതന്നിൽ.

ഉത്തരയ്ക്കുത്തരമോ    

         ഹൃദിയെത്തിയുമില്ല.

ഉത്തരമില്ലാ പ്രശ്നം  

          ബലൂൺപോലുള്ളിൽ വീർത്തു.


ഉത്തുംഗക്കുന്നിൻ മേലെ 

        ഉത്തമൻ തൻ കുടുംബ-

മുത്തമസ്വപ്നങ്ങൾതൻ 

         കുടക്കീഴിലായ് നിന്നൂ.

  “പത്തുപണമുണ്ടാക്കി 

          വയ്ക്കണമൊരാലയം,”

ചിത്തങ്ങൾ നിലകൊണ്ടു

            കനവിൻ കുടക്കീഴിൽ.


സ്വന്തം ഗേഹവാസത്തിൻ 

           മോഹഹാരം കോർത്തവർ

സന്തോഷക്കാറ്റിലായി

       ചാഞ്ചാടിയവർനിന്നു.

ഉത്തുംഗശാഖിയിലായ്

      തേനീച്ച തേൻ വയ്ക്കുമ്പോൽ,

ശുദ്ധനാം വീടിൻ നാഥൻ   

              ശേഖരിച്ചൽപ്പം ധനം.


 എത്തിനോക്കിച്ചിരിച്ചു  

               പുത്തൻ വർഷത്തിൻ ചിങ്ങം,

 പെയ്ത്തിന്റെ പനീർത്തുള്ളി  

              തളിച്ചു ഭൂവിലീശൻ.

 മേഘം ഗർജ്ജിച്ചൂ വൃഷ്ടി  

        കാളിയമർദ്ദനമായ്.

ശോകഗാനത്തിന്നീണം 

        മൂകമായ് ചുറ്റും നിന്നു.


വൻരമ്യമന്ദിരവും    

           പൊക്കത്തിൽ പാദപങ്ങൾ,

മിന്നൽ തോൽക്കും വേഗത്തി-

          ലോടും വണ്ടികൾ ഭോജ്യം.

കിട്ടിയതൊക്കെത്തിന്നു 

           മുന്നേറി വർഷപാതം,

നഷ്ടമായുത്തരതൻ

            തോഷത്തിൻ കല്ലോലവും. 


ശാപ്പാടു പൂർണ്ണമായി

          പിൻവാങ്ങി മാരിയെക്ഷി.

അപ്പോഴോ മോഹിച്ചവൾ 

        വന്യമൃഗാന്നമാകാൻ.  

ഇച്ഛയ്ക്കും ഭംഗത്തിനും 

            കാലദേശങ്ങളില്ലാ 

ഇച്ഛയോയെന്നുമെന്നും  

          മർത്യനിൽക്കൂടു കൂട്ടും.


വിരവേയുള്ളിൽമേവും

       പൈതലോ പൊന്തിവന്നു 

 “മരണം വരിക്കില്ലാ

            കടയ്ക്കു ജീവനേകും."

വിധിയോ സ്വന്തം  തട്ടിൽ

          മർത്യനായ്  വച്ചതെല്ലാം, 

കയത്തിൽ വീണെന്നാലും  

          സ്വീകരണം , കരണം.


ക്ഷേത്രം= ശരീരം 

പത്തനം= വീട്

Monday, February 20, 2023

അമിതമാം ആസക്തികൾ!

 

 

പ്രതീക്ഷകൾ തിറമാകാൻ ആശയാംക്ഷീരം നുകർന്നു,

കാത്തിരിപ്പൂ പരിണാമം അറിഞ്ഞീടാൻ ഞാൻ.

ഉണ്ടനേകമായെനിക്കായ്‌  ചിന്തകൾ ചിത്തത്തിനുള്ളിൽ

പണ്ടുതൊട്ടുജോലിഭാരം, പിണിയാൾ വേണം.

 

 'ഗൈനോയിഡു'* ഗൃഹത്തിലെ ലക്ഷ്മിയായി  വന്നുചേർന്നാൽ 

എന്തുസുഖം എത്രനേരം വിശ്രമം ചെയ്യാൻ.

'അലക്സ'പോലെ 'സിറി'പോലെ സദാ അവൾ  തയ്യാറാകും,

കല്പനകൾ വരവേറ്റു നിറവേറ്റുവാൻ.

 

കൃത്രിമങ്ങൾ കാട്ടീടില്ല, കുബുദ്ധിക്കിടവുമില്ല,

കൃത്രിമബുദ്ധിതൻ മേന്മ  അവർണ്ണനീയം.

കർത്തവ്യങ്ങൾ ഒന്നൊന്നായി ചെയ്തുതീർക്കും മെനയായി

കാര്യക്രമം ചെയ്തുവയ്ക്കും* കാര്യം ചെയ്യേണ്ടൂ.

 

ആമാശയ,യാശങ്കകൾ, സമാശ്വസിപ്പിക്കുവാനായ് 

അമാന്തംകൂടാതെയവൾ സ്വകർമ്മം തീർക്കും.

മേശയ്ക്കുള്ള മേലുടുപ്പ് വൈമനസ്യംവിനാ 'റോബോട്ട് '

ആശപോലേ ശുദ്ധമാക്കി താലം നിരത്തും.

 

സാധനങ്ങൾ വാങ്ങീടാനും വാഹനമോടിക്കുവാനും 

ആധാരമായിഭവിക്കും  ശ്രദ്ധാസമേതം.

നർമ്മമായ് സല്ലാപംവേണോ വൃഥാവിൽ ഭാഷണംവേണോ

നിർദ്ദോഷമായ് കൂടെനിൽക്കും സംശയം വേണ്ടാ.

 

പദ്ധതിയായ് ചെയ്തുവച്ച സംഗതികൾ മാത്രം ചെയ്യും

യുക്തമായ തീർപ്പുണ്ടാക്കാൻ സാധിയാ ചിരം.

യന്ത്രം നിത്യം പ്രവർത്തിക്കും ബട്ടൺ ഞെക്കി കൊടുത്തീടിൽ

തന്ത്രമതിൽ മെനഞ്ഞീടാൻ മാനുഷൻ  വേണം.

 

യന്ത്രത്തിലായ് സ്വതന്ത്രത  കെട്ടിയിട്ടാൽ കിട്ടും ക്ലേശം,

ബന്ധനത്തിൽപ്പെട്ടുപോകും മോചനം ദൂരെ.

ഒന്നിനോടും വയ്ക്കവേണ്ടാ അമിതമാം ആസക്തികൾ,

മന്നിൽ വാഴുവോർക്കു നല്ലൂ സ്വന്തം പ്രയത്നം.

 

സ്നേഹംവേണോ കിട്ടുകില്ല നിർമ്മലനിനവുവേണോ 

സ്നിഗ്ധമാംഗ*യനുഭൂതി  പൂജ്യാങ്കത്തിലും.

മുഗ്ദ്ധപദ ഭാഷണത്തിൻ  ശ്രവണസുഖവുമില്ല,

മുക്തമാകാം ആഡംബരഭോഗത്തിൽ നിന്ന്.

 

ഗൈനോയ്ഡ് *- യന്ത്രസ്ത്രീ (Gynoid-Robot)

 ആംഗം*- മനോഹര ശരീരം

 

 

 

 

 

 

 

 

 

 

 

 

Wednesday, June 15, 2022

യുദ്ധം! യുദ്ധം!

യുദ്ധം! യുദ്ധം!    


(കേക)


 യുദ്ധം യുദ്ധം ചുറ്റിനും,

          മർത്ത്യർ മുങ്ങീ രണത്തിൽ,

അത്യാഗ്രഹം പൊതിഞ്ഞൂ 

       മാനുഷമനം. 

 മണ്ണിനുവേണ്ടി യുദ്ധം       

     വിണ്ണിനുവേണ്ടി  യുദ്ധം.

പെണ്ണിനുവേണ്ടി  യുദ്ധം,     

        നാണയംകൊയ്യാൻ  യുദ്ധം.


മത്സരംകാട്ടീടുന്നു      

         ആയുധങ്ങൾ തമ്മിലായ് .

ഉത്സാഹം  മരിക്കുന്നൂ 

      സംഗരവാഴ്ചയായാൽ.  

തോക്കെടുക്കുന്നൂ ജീവൻ, 

         കർണ്ണങ്ങൾ പൊട്ടുംശബ്ദം.

തോക്കുംതോൽക്കും വാക്കുകൾ   

         കീറിമുറിക്കുമുള്ളം.


 മാതാപിതാക്കൾതമ്മിൽ   

        മാതാപിതാക്കളോടും,

മാനുഷവക്ത്രം  നോക്കു,

         പോരാട്ടവർണ്ണത്തിൽത്താൻ.

മിത്ര,സഹജർ തമ്മിൽ

              അയൽക്കാരോടും  രണം,

മാനസങ്ങൾ വേവുന്നൂ 

             തര്‍ക്കത്തിന്താപത്താലേ.


ഒറ്റമനസ്സിലാർത്തി

      ചർവ്വണംചെയ്യപ്പെടും

മറ്റുചിത്തത്തിൽ ചണ്ടി 

    കോരിയൊഴിക്കപ്പെടും.

യുദ്ധത്തിൻ  കാഹളമായ്,

     വ്യാപിക്കും  വൈറസ്സു,പോൽ.

ബദ്ധപ്പാടിൻ ചരടിൽ 

       കോർക്കപ്പെടും മാനവർ.


ജീവികൾ  ധാരാളമായ്

      പീഡാർണ്ണവത്തിൽ  മുങ്ങും.   

ജീവിതം യാത്രചൊല്ലി 

     താരവ്യൂഹത്തിലെത്തും.

ദുഷ്ടർ ചെയ്യുന്നൂ  ഹാസം

        രക്തത്താൽരമിക്കുന്നൂ,

ക്ഷുദ്രന്മാർ  വിരാജിപ്പൂ

       കംസൻ കൗരവർപോലെ. 


കാന്തനും മോനും പോയോർ ,  

          കളത്രം വേർപെട്ടവർ,

കാണുവാൻ കഷ്ടമായീ   

        അക്ഷികളൊ ളിക്കുന്നൂ.

നാശങ്ങൾ  വിജയിപ്പൂ 

     കബന്ധവുമാടുന്നൂ 

        ആശകൾ കത്തിപ്പോയീ    

    പൂച്ചിതുല്യംനരരും.


നഷ്ടകണക്കുകളോ 

    ഹിമാവാനുമ്മേലെയാം. 

 നഷ്ടപ്പെട്ടംഗങ്ങളും 

        അനേകമങ്ങങ്ങൾക്കും. 

  നഷ്ടം യോദ്ധാക്കന്മാർക്കും 

          പാവമാംനാട്ടുകാർക്കും.

നഷ്ടമെന്നാലോയില്ലാ,

           നേതാക്കൾക്കാർക്കും തന്നെ.


 ചിത്തം നരന്റേതിപ്പോൾ 

    ക്രൂരമൃഗക്കാനനം, 

ഗുപ്തതവിരാജിപ്പൂ  

     മാർഗ്ഗമില്ലെത്തിപ്പറ്റാൻ.

കാരുണ്യക്കരണത്തിൽ 

       മർത്ത്യൻ കാട്ടുമില്ലായ്മ,

പാരിലെ ധർമ്മകൃതം

 ബാഷ്പ്പമായ്  പൊന്തിപ്പോയി.

 


സ്നേഹദൂതർ മറഞ്ഞു, 

      മൂല്യവും മൃത്യു പൂകീ.  

വന്യനൃത്തങ്ങൾ കണ്ടു,

        ശാന്തിയും ഭയന്നോടി.

ചിന്ത കെട്ടിയചൂലാൽ

       മാറ്റാം ചിത്തമാലിന്യം,

ചെയ്യണം നാം മാലോകർ

       ആത്മശുദ്ധി നന്മയ്ക്കായ്.


 


 

Friday, May 6, 2022

കർണ്ണികാരപ്പൂക്കൾ !

നോക്കില്ല ആരോരും എന്നുടെ ആകാരം,
വാക്കില്ല ചൊല്ലുവാൻ മന്മനോ ആതങ്കം.
ഞാൻ പെറ്റകുഞ്ഞുങ്ങൾ അഞ്ഞൂറ്റിപ്പതിനഞ്ച്,
പൊൻവർണ്ണകുർത്തയിൽ എൻഹൃത്തിൽ സുന്ദരർ.
കിങ്ങിണിതൂങ്ങുമ്പോൽ എന്റെശിരസ്സി,ന്മേൽ,
തൂങ്ങിച്ചാഞ്ചാടുന്നു കുഞ്ഞിളം കാറ്റൊപ്പം.
എന്നൂർജ്ജമവരെന്നും, അൻപുള്ള മക്കൾ,
എന്നാലോ, നിർണ്ണയം ആരും ശ്രദ്ധിക്കില്ല.
നിത്യമെൻ കുഞ്ഞുങ്ങൾ നിർമ്മലച്ചിരിയാൽ,
സത്യമാം മിത്രനെ വരവേൽക്കാൻ തയ്യാർ.
എൻചാരെ നീരിൽ നിന്നീടുന്ന പദ്മത്തെ
എന്മുന്നിൽ വന്നവൻ ഗാഢമാശ്ലേഷിയ്ക്കും.
ആകാശനിറമില്ല, ഭൂവർണ്ണമില്ലല്ലോ,
ആഴിപ്പരപ്പിന്റേ നീലിമയു,മില്ല,
മാലോകർ ചിന്തിപ്പൂ, 'പീതവർണ്ണമല്ലേ,
മഞ്ഞപ്പിത്ത ബാധ ബാധിച്ചതു മാകാം.'
പൂമണമില്ലേലും പൂന്തേൻ നുകരുവാൻ
പൂമ്പാറ്റ എമ്പാടും പാറി,പ്പാറിവരും.
ആകാശക്കീറിന്നു ഭേദഭാവമില്ല,
ശാഖികൾക്കിടയിലൂടൂറിച്ചിരിക്കും.
എൻപാദം ഭൂമാതാ നിത്യം തലോടുന്നു,
‘തൻകുഞ്ഞുപൊന്നുതാൻ', കാകൻ മാതാവു പോൽ.
താരങ്ങൾ തിങ്കളും തുല്യത കാണിപ്പൂ.
നീരദം പനീരു തൂകി മാറിൽച്ചേർപ്പൂ.
എന്നുടെ നൽപ്പാതിയായ വിഷു,വരും,
അന്നാണെൻ മക്കൾതൻ മാഹാത്മ്യഘോഷം.
മർത്യലോകം ചുറ്റും ഓടിനടക്കുന്നു,
കർണ്ണികാരപ്പൂ കണിയ്ക്കായി കിള്ളീടാൻ.
എന്തുപ്രതിഫലം ആയാലും നൽകീടും,
എത്രദൂരം വരെപോകണേലും പോകും.
കൃഷ്ണ ഭഗവാന്റെ വാത്സല്യം നുകരാൻ,
കാർണികാരപ്പൂക്കൾക്കന്നു മഹാഭാഗ്യം.
എന്റെ നിണത്തിൽപ്പിറന്ന കൊന്നപ്പൂക്കൾ,
പുണ്യവിഷുവിന്റെ ആത്മാവിൻ അംശം.
ഏതൊരു ശ്രേഷ്ഠനും ക്ഷാമത്തിലെത്തീടാം,
ഏതൊരുശ്വാവിനും ഉണ്ടാമൊരുദിനം.

Thursday, April 21, 2022

ആദ്യാക്ഷരങ്ങൾ!





അമ്പലനടയിൽ   മാലോകരെത്തി,

അമൃതായ  വിദ്യ കുട്ടിയിലൊഴുക്കാൻ.

ആദ്യാക്ഷരങ്ങൾ  നാവിലായ്  പാകി,

അഴകിൻനിറകുട ലതകൾ മുളയ്ക്കാൻ. 


ഞാനുമെത്തി തുള്ളിയായെങ്കിലും 

അനുഭവം  ഗ്രാഹ്യമാക്കുവാനായി.

അമ്മയെന്നുള്ളിൽ വെളിച്ചമായീ 

 തമസ്സുടയ്ക്കണമുള്ളുതെളിയാൻ. 


 അജ്ഞാനമാംദശ മറഞ്ഞിടുവാൻ,

അറിവിൻസരണിയിൽ പടർന്നുകയറാൻ

അറിവാം  ജലധിയിൽ മെല്ലേ തുഴയാൻ   

അണയൂ,പുണരൂ ജനനിശാരദേ! 

  

ആഗോളനാഥെ! പാടവമെനിക്ക് 

അകമേ ചൊരിയൂ  രചനാവളമായ്. 

അലസകാരിയം  അകലേയ്ക്കു  മാറ്റു,

അംഗുലി പദമാല്യം കോർത്തിടട്ടെ.

 

അധികപാടവം ഇല്ലയെങ്കിലും

അഭിരുചിയു യരാൻ  തുണയ്ക്കുകയില്ലെ?   

അമ്മതൻ കരുണയിൽ  രചനാരശ്മി

 അഴകൊടു വരുവാനായശയമേകു.


അലിവു  നിറയട്ടെ മനമേ രുചിരം,

അനുഗ്രഹമേകു കരുതാനപരനെ.

ആഗ്രഹം അമ്മെ! സാധ്യമാക്കിടൂ,

അംബികേ! ദേവി!   നിന്നിലാശ്രയം.  


അരികിലായ്  മായെ!  നിത്യംവാഴണം 

അഹമെന്നചിന്ത തെല്ലുമേയരുത്.

അമ്മയിലണയാൻ മോഹമുണ്ടേറെ,   

അമരരൂപം തെളിക്കൂ  വരദേ! 


   





Thursday, March 31, 2022

ഞാനാരാണ്!

ആരാണു ഞാൻ?


ആരാണു ഞാനെന്നു ചൊല്ലുമോ നിങ്ങൾ?

ആരാണു ഞാനെന്നെനിക്കറിയില്ല .        

എന്നാണെൻ ജനനംഎന്നു  മരണം?

എന്നും ഞാൻ വ്യാസൻപോൽ ചിരഞ്ജീവിയോ?

 

എന്താണു ഞാൻ ചെയ്തുകൂട്ടുന്നതെല്ലാം!

എന്നെങ്കിലുമതു ഗോചരമാണോ?

ഞാനും നിങ്ങളും ബ്രഹ്‌മാണ്ഡ സൃഷ്ടികൾ,

ഞാനുണ്ടെവിടേയും കണ്ണിൽപ്പെടില്ല.  

 

കാണുന്നകാട്ടിലും മേട്ടിലും ഞാനുണ്ട്

കായൽക്കയങ്ങളിൽ നീന്തിത്തുടിച്ചും,          ,

കണ്ടകുളങ്ങളിൽ മുങ്ങാങ്കുഴിയിട്ട്,

കാറ്റിലും  നീറ്റിലും പന്തയം കൂടും.

  

അഗ്നിവരൾച്ചആവി ഞാൻ കാണുന്നു.

അപ്ര,തീക്ഷിത പ്രളയവും കണ്ടു..  

കുണ്ടുകൾകുന്നുകൾ മെല്ലെ ഞാൻ താണ്ടും,

കൂടും ഒഴുകും പുഴയുടെകൂടെ.

  

പക്ഷിമൃഗാദികൾ മിത്രങ്ങളായി

പക്ഷംപിടിച്ചു ഞാൻ പണികൾ ചെയ്തു.

പർവ്വതതുല്യമായ്  പ്രാരബ്ധമേറ്റി

പൂർവ്വസമാനം അയനം തുടരും.

 

മോഷണംതാഡനം,ശാന്തിനാശങ്ങൾ,  

ദൂഷണപർവ്വവും  ദുസ്സഹംതന്നെ.

നാക്കുകൾഛർദ്ദിക്കും വാക്കിൻ ബാണത്താൽ,

നോക്കിക്കാണുന്നു ഞാൻ  ഹൃദയക്ഷതം.

 

കുട്ടികൾവൃദ്ധർഭിന്നമാംശേഷിക്കാർ 

ക്രൂരമാം പീഡനത്തിന്റെയിരയിന്ന്.

ഹത്യകൾ പാതകളിൽപ്പോലുംനിത്യം

ഹൃത്തിലായ്ക്കുടിയേറും നൊമ്പരങ്ങൾ  .

  

സർവ്വ,കാര്യവും ദുസ്സഹമെങ്കിലും

സർവ്വംസഹിക്കുന്നു ഞാൻ കാലചക്രം.

മിന്നാമിനുങ്ങുപോൽ ജീവൻ ക്ഷണികം,

വഞ്ചനവേണ്ടാ ജീവിതം ജീവിക്കൂ.