(വൃത്തം-നതോന്നത)
വീണല്ലോ കുഞ്ഞുങ്ങൾ രണ്ടും സങ്കടത്തിൻ സാഗരത്തിൽ
കേണു നന്നായ് പീഡനത്തിൻ പ്രളയം മൂലം.
പാഴായ് ജന്മം പ്രായം ലോലം രക്ഷപ്പെടാൻ മാർഗ്ഗമില്ലാ
പ്രായം വെറും നാലുമേഴും ക്ലേശം കഠിനം.
ദണ്ഡനങ്ങൾ ലഭ്യം നിത്യം ചുറ്റിച്ചെറിയലും വേറേ,
ദണ്ണം പാവം കുഞ്ഞുങ്ങൾക്കു സഹിയാൻപാടായ്.
വാക്കുകൾക്കില്ലാ മാധുര്യവും കഠിനം വ്യഥയുമേറെ
വാർത്തു കണ്ണുനീർ ശിശുക്കൾ ഉള്ളവും തേങ്ങീ.
കണ്മണികൾ രണ്ടിനേയും കണ്ണിന്നുണ്ണിയാക്കി പിതാ,
കന്മുന്നിൽനിന്നെങ്ങോപോയി സ്നേഹം കൂടെപ്പോയ്.
വാഗ്വിലാസത്താൽ പിതൃത്വ ശൂന്യത മറയ്ക്കാനൊരാൾ,
വാഗ്ദാനത്താൽ വന്നൂ ഗൃഹേ പുത്തനച്ഛനായ്.
അധികാരമേറ്റെടുത്തു പൂർണ്ണമഹങ്കരിച്ചയാൾ,
ആധി കുടുംബത്തിനേകി മുന്നേറി പുമാൻ.
ഇളം തളിർ പൈതൽ രണ്ടും ശിക്ഷാതാപമേറ്റു വാടി
വളരെ വേഗമവർക്കു വാക്കുകൾ വറ്റീ.
കണ്ണടവെച്ചയച്ഛൻറ്റെ ചിത്രം ജ്യേഷ്ഠൻ വരച്ചതു
കണ്ണീരിൽ മുക്കിയ ബ്രഷാൽ, പ്രീതിയോടെയായ്.
ചിത്രം നോക്കി സംവദിയ്ക്കും പുത്രർ രണ്ടും ദുഃഖം തീർക്കാൻ,
ഹത്യാ പാതയിലായ് യാത്രയജ്ഞാതമല്ലോ!
സ്വപ്നം നഹിയാഗ്രഹവും സ്വാന്തനത്തിനാരുമില്ലാ,
വിഘ്നം വിനാവാസരങ്ങളന്യമവർക്ക്.
കൊഞ്ചുംപ്രായം കേളിയില്ലാ ചാഞ്ചല്യവും കാട്ടിയില്ലാ,
പുഞ്ചിരിയെന്നേ മറന്നൂ നെഞ്ചകം നീറീ.
കനിഷ്ഠമൂത്രമൊരുനാൾ പുതപ്പിനേനനയിച്ചൂ,
തോണ്ടി കൂപമവനായി പിതാനാമാവ്.
പത്തുപിതാ ചമഞ്ഞാലും സ്വന്തം താതനാകില്ലല്ലോ,
ചിത്തത്തിൽ മൃദുത്വമില്ലേൽ രാവണൻ തോൽക്കും.
അമ്മ, സ്വന്തം രക്തത്തിനേ കാമുകനു ചീന്താൻ നൽകി,
ചെമ്മേ വാരിപ്പുണരേണ്ടേ ജന്മം നൽകിയോൾ?
അമ്മിഞ്ഞനൽകിയ സ്ത്രീയെ മാതാവെന്നു ചൊല്ലാനാമോ
അമ്മയല്ലാതായ രൂപം, രാക്ഷസി തന്നേ.
പുണ്യ മുള്ള സംജ്ഞ ‘അമ്മ’ മണ്ണിൽ വീണു വർണ്ണം കെട്ടു,
ഇന്നുകാണും ക്രൂരതകൾ വൈകൃതമല്ലോ!
മാനുഷമനസ്സിന്നുള്ളിൽ വീടുകെട്ടുമാസുരത്തെ
മാന്യതാവിശിഖമെയ്തു തോൽപ്പിക്കവേണം.
പണ്ടു ഭൂമിയിൽക്കിനിഞ്ഞ ഇനിപ്പാം നന്മത്തേൻതുള്ളി,
വേണ്ടേയിന്നും നുകരുവാൻ മനം ശാന്തിക്കാൻ!
നാളെയുടെ പള്ളകളിൽ നിറയട്ടേ ശുദ്ധകാര്യ-
മാളുകൾക്കു ഹൃദിയേറ്റാ*നാശിതംപോലേ.
* ആഷിതം= ഭക്ഷണം