ആരാണു ഞാൻ?
ആരാണു ഞാനെന്നു ചൊല്ലുമോ നിങ്ങൾ?
ആരാണു ഞാനെന്നെനിക്കറിയില്ല .
എന്നാണെൻ ജനനം? എന്നു മരണം?
എന്നും ഞാൻ വ്യാസൻപോൽ ചിരഞ്ജീവിയോ?
എന്താണു ഞാൻ ചെയ്തുകൂട്ടുന്നതെല്ലാം!
എന്നെങ്കിലുമതു ഗോചരമാണോ?
ഞാനും നിങ്ങളും ബ്രഹ്‌മാണ്ഡ സൃഷ്ടികൾ,
ഞാനുണ്ടെവിടേയും കണ്ണിൽപ്പെടില്ല.
കാണുന്നകാട്ടിലും മേട്ടിലും ഞാനുണ്ട്,
കായൽക്കയങ്ങളിൽ നീന്തിത്തുടിച്ചും, ,
കണ്ടകുളങ്ങളിൽ മുങ്ങാങ്കുഴിയിട്ട്,
കാറ്റിലും നീറ്റിലും പന്തയം കൂടും.
അഗ്നി, വരൾച്ച, ആവി ഞാൻ കാണുന്നു.
അപ്ര,തീക്ഷിത പ്രളയവും കണ്ടു..
കുണ്ടുകൾ, കുന്നുകൾ മെല്ലെ ഞാൻ താണ്ടും,
കൂടും ഒഴുകും പുഴയുടെകൂടെ.
പക്ഷിമൃഗാദികൾ മിത്രങ്ങളായി
പക്ഷംപിടിച്ചു ഞാൻ പണികൾ ചെയ്തു.
പർവ്വതതുല്യമായ് പ്രാരബ്ധമേറ്റി
പൂർവ്വസമാനം അയനം തുടരും.
മോഷണം, താഡനം,ശാന്തിനാശങ്ങൾ,
ദൂഷണപർവ്വവും ദുസ്സഹംതന്നെ.
നാക്കുകൾഛർദ്ദിക്കും വാക്കിൻ ബാണത്താൽ,
നോക്കിക്കാണുന്നു ഞാൻ ഹൃദയക്ഷതം.
കുട്ടികൾ, വൃദ്ധർ, ഭിന്നമാംശേഷിക്കാർ
ക്രൂരമാം പീഡനത്തിന്റെയിരയിന്ന്.
ഹത്യകൾ പാതകളിൽപ്പോലും; നിത്യം
ഹൃത്തിലായ്ക്കുടിയേറും നൊമ്പരങ്ങൾ .
സർവ്വ,കാര്യവും ദുസ്സഹമെങ്കിലും
സർവ്വംസഹിക്കുന്നു ഞാൻ കാലചക്രം.
മിന്നാമിനുങ്ങുപോൽ ജീവൻ ക്ഷണികം,
വഞ്ചനവേണ്ടാ ജീവിതം ജീവിക്കൂ.