യുദ്ധം
യുദ്ധം!
റഷ്യയുക്രെയിൻ
യുദ്ധം
ചുറ്റുമെമ്പാടും യുദ്ധം.
മണ്ണിനുവേണ്ടി യുദ്ധം
വിണ്ണിനുവേണ്ടി യുദ്ധം.
പെണ്ണിനുവേണ്ടി യുദ്ധം,
നാണയംകൊയ്യാൻ യുദ്ധം.
മത്സരംകാട്ടീടുന്നു
ബോംബുംമിസൈലുമെല്ലാം.
ജീവനെടുക്കുംതോക്കാൽ
കർണ്ണങ്ങൾ പൊട്ടുംശബ്ദം.
തോക്കുംതോൽക്കും
വാക്കുകൾ
കീറിമുറിക്കുമുള്ളം.
മാതാപിതാക്കൾതമ്മിൽ
മാതാപിതാക്കളോടും
മാനുഷവക്ത്രം നോക്കു
പോരാട്ടത്തിൻ നിറങ്ങൾ.
മിത്ര,സഹജർ തമ്മിൽ
അയൽവീട്ടിലും യുദ്ധം,
മന്മനംവെന്തീടുന്നു
തര്ക്കത്തിന്നൂര്ജ്ജത്താലും.
ഒറ്റചിത്തത്തിന്നുള്ളിൽ,
ചർവ്വണംചെയ്യുംചണ്ടി,
ഓരോരോപുമാനായി
വാരിവിതയ്ക്കും ചുറ്റും.
യുദ്ധംതുടങ്ങും
വേഗം,
വ്യാപിക്കും വൈറസ്സു,പോൽ.
യുദ്ധച്ചരടിലായി
കോർക്കപ്പെടും മാനവർ.
ജീവനിൽകൊതിയുള്ളോർ
പീഡാർണ്ണവത്തിൽ മുങ്ങും.
ജീവിതം
ധാരാളമായ്
ഭൂവിട്ട് പോകും മോളിൽ.
ദുഷ്ടർ
ഹാസംചെയ്തീടും
രക്തത്താൽരമിച്ചീടും.
ക്ഷുദ്രന്മാർ വിരാജിപ്പൂ
കംസൻ കൗരവർപോലെ.
കാന്തനും
മോനും പോയി,
മറ്റേയാൾക്കു കളത്രം.
കാണുവാൻവയ്യാതായി
അക്ഷികൾ നീരിലാണ്ടു.
ജീവനില്ലാപ്രാണികൾ
എങ്ങുംചിതറിക്കാണാം,
യുദ്ധത്തീയിൽ
കത്തുന്നു,
പൂച്ചിതുല്യംമനുജർ.
എണ്ണമില്ല,
എണ്ണത്തില്ല,
ഏതോകണക്കു മാത്രം.
ഇന്നലെ
സമ്പത്തുള്ളോർ
ഇന്നു വെറുംതെണ്ടികൾ.
അംഗം
നഷ്ടപ്പെട്ടവർ,
ഓടാനുംവയ്യാത്തവർ.
അന്ത്യമുണ്ടാവുകില്ല,
നേതാക്കൾക്കാർക്കും തന്നെ.
നഷ്ടത്തെച്ചൊല്ലിക്കേഴും
ലോകർചോദിക്കില്ലൊന്നും.
നഷ്ടം
യോദ്ധാവീരർക്കും
പാവമാംനാട്ടുകാർക്കും.
ചിത്തം കാടോ, നരന്റെ?
അതോമൃഗത്തിൻവീടോ?
ഗുപ്തതയ്ക്കുള്ളയിടം
ആർക്കുമെത്താനാവില്ല.
ധർമ്മം
ദയാകാര്യത്തിൽ
മർത്യന്നിന്നു ദാരിദ്ര്യം.
ക്രൂര,താപം പൊന്തുന്നു
കൃപയൊക്കെയും ബാഷ്പം.
സ്നേഹദൂതർ
മറഞ്ഞു,
മൂല്യംവീണുപോയ് മണ്ണിൽ,
വന്യനൃത്തങ്ങൾ
കണ്ടു,
ശാന്തി,ഭയന്നങ്ങോടി.
ചിന്ത
കെട്ടിയചൂലാൽ
മാറ്റാം മനോമാലിന്യം,
ചെയ്യണം
നാം മാലോകർ
ആത്മശുദ്ധി നന്മയ്ക്കായ്.
ദൂരെയാക്കാം ശത്രുത
മിത്രവിത്തുകൾ പാകാം
വേണ്ടായുദ്ധം
മൃത്യുവും
ശാന്തിമന്ത്രംജപിക്കാം.