(വൃത്തം- മാരകാകളി)
പുഞ്ചിരി തൂകുന്ന പൊന്മുഖം പേറി നീ
പൃഥ്‌വിയേ തലോടി നീ നിൽപ്പൂ.
ഒന്നു ചിന്തിച്ചാൽ ദിനങ്ങളെ പോറ്റുവാൻ,
ഓമനിക്കാനും നീയെത്തും .
ഭൂമിയാം പെണ്ണിനെ കാക്കുന്നു നാഥനായ്,
സാമോദമായ് തീർക്കും മയ്യൽ.
ജീവികൾക്കൊക്കെയും മിത്രമാകുന്നു നീ
ആവുമ്പോലാഹ്‌ളാദ മേകും.
ചെയ്യുവാൻ പാചകം സസ്യങ്ങൾ നോക്കുമ്പോൾ
ആയാസം മാറ്റാൻ നീയൂർജ്ജമേകും.
ധ്യാനത്തിൽ നിൽക്കുന്നു പദ്മമാം കന്യയ്ക്കു
നാണം വരും നിന്നെക്കണ്ടാൽ.
ആഷാഢവർഷത്തിൻ തുള്ളികൾ ചായത്താൽ
ഭേഷായ് പൂശും സപ്തവർണ്ണം.
മേഘങ്ങൾ പർദ്ദയാൽ നിന്നെ മറയ്ക്കുമ്പോൾ
സൂര്യാംശുവെത്തീടും കീറാൻ.
ചെങ്കോൽ കൈയിലേന്തി ആഭിജാത്യപൂർവ്വം
ഹുങ്കു നരൻറെ കുറയ്ക്കും.
പൊൻവെയിൽ വസ്ത്രങ്ങൾ പങ്കം പറ്റാതെ നീ
വൻവൃഷ്ടിയാലേ കഴുകും.
സുന്ദരി ശ്യാമയും നിന്നെ ഭയക്കുന്നു,
നിൻ വെളിച്ചത്താലൊളിക്കും.
എന്നാലഖിലാണ്ഡ മന്നനായ് വാണു നീ-
യൊന്നുപോലെല്ലാം കരുതും.
ലോകോപകാരിയായ് സർവ്വദാ ഭൂമിയേ -
രക്ഷിക്കുവാനായ് നിലവും,
ഭാനുവേ! നിന്നുടെ കാരുണ്യസാഗരേ
നീന്തും ഞങ്ങൾക്കു നീ കാവൽ.