അഖില രാവിലത്തെ
ജോലികൾ-പാതിമെയ്യെ ആഫിസിലേയ്ക്കു വിടുക, മകളെ
സ്കൂൾ ബസ്സിൽ കയറ്റുക ഒക്കെ പൂർത്തിയായപ്പോൾ പുതിയ മാസികയെത്തി. ആകാംക്ഷാപൂർവ്വം അവളതു
കൈയിലെടുത്തു.അത് അവൾക്കു പൂർവ്വകാലത്തിലേയ്ക്കൊരു യാത്രാടിക്കറ്റെടുത്തുകൊടുത്തു.
സ്കൂൾ
വാർഷികം, ‘സുന്ദര വസന്ത രാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ എന്നുമെന്നും താമസിയ്ക്കാൻ എന്റെ കൂടെ
പൊരുമോ, നീ....,' അഖില സ്കൂളിലെത്തുമ്പോൾ ഈ
വരികളാണു ശ്രവിച്ചത്.
പാട്ടുകാരൻ
പന്ത്രണ്ടാം
ക്‌ളാസ്സിൽ. പ്രോമോദ്- അവനു മാതാപിതാക്കൾ നൽകിയ
നല്ല നാമം.
“ഹോ
, എ
ത്ര സ്മാർട്ടായിരുന്നു
പ്രമോദ്.” അവൻ
വാർഷികത്തിനു പാടിയ പഴയപാട്ട്,യേശുദാസിന്റെ പോലെഎത്രമനോഹരശബ്ദം. അവൾ
ശ്രവിച്ച വരികൾ; കണ്ടുപരിചയം മാത്രമുള്ള അവൻ അവളെ ക്ഷണിയ്ക്കുമ്പോലെയാണവൾക്കുതോന്നിയത്.
അങ്ങനെ അങ്ങനെ സീനുകൾ ഓരോന്നായി വന്നുപോയി
. സ്കൂളിലെ ചുണക്കുട്ടന്മാരിൽ
ഒരുവനെന്നല്ല ഏറ്റവും മുന്തിയവൻ.
പഠിപ്പിൽ കേമൻ,പ്രസംഗത്തിൽ
ഒന്നാമൻ, പാട്ടുപാടുന്നതിൽ പ്രവീണൻ,അധ്യാപകരുടെ കണ്ണിലുണ്ണി, എന്നുവേണ്ടാ എല്ലാകാര്യങ്ങളിലും ഒന്നാമൻ. അവന്റെ പരീക്ഷകളുടെ ഫലങ്ങൾ ഉത്തമത്തിലുത്തമം.അതിനാൽതന്നെ അവനും രക്ഷിതാക്കളും പ്രതീക്ഷകളുടെ
ഇഴകളാൽ ഭാവിയുടെ പൊൻകനവുകൾ
നെയ്തുകൂട്ടാൻ തുടങ്ങി.
എട്ടാം ക്ലാസ്സുമുതൽ അവൾക്കവനോട് എന്തോ ഒരു ഇമ്പം.
ഒമ്പതാം ക്ലാസ്സിൽ ഇമ്പത്തിൻറ്റെ
തലം അല്പം
വ്യത്യസ്ഥമായി. അവനെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമുള്ളിൽ.
അവൾക്കു കർണ്ണസുഖം നൽകിയ
ആ പാട്ടിന്റെ വരികൾ അവളുടെ മനസ്സിൽ പ്രതിധ്വനിച്ചുനിന്നു. സദാ ഒരുമന്ദസ്മിതം പ്രമോദിന്റെ
വദനത്തിൽ ഒരാഭൂഷണമായി തത്തിക്കളിക്കാറുണ്ട്. അത് കാണുമ്പോൾ അഖിലയുടെ
മനസ്സിൽ ഒരുചെറുതിര അലയടിക്കാറുണ്ട്. പക്ഷെ അവൾ അതൊരു സ്വകാര്യ
സന്തോഷമായി മനസ്സിൽ സൂക്ഷിച്ചു .ആരോടും പറഞ്ഞില്ല,
ആരുമറിഞ്ഞുമില്ല.
അവളുടെ ഒമ്പതാംക്ലാസ്സുപൂർത്തിയായതും
അച്ഛന്റെ സ്ഥലം
മാറ്റം പ്രമാണിച്ചവരുടെ
കുടുംബം ചെന്നൈയിലേയ്ക്കു താമസം
മാറ്റി.പുതിയ അന്തരീക്ഷം പ്രമോദിനെ അവളുടെ
മനസ്സിൻറ്റെ അടിത്തട്ടിലേയ്ക്കു പതിപ്പിച്ചു. അവൾ അവനേക്കുറിച്ചു ചിന്തിക്കാതെയായി.അപ്പോൾ അതാ
അവളുടെ ചെവിയിലെത്തുന്നു അവന്റെ
കുടുംബത്തിന്റെ ദുരന്തം.
നൊമ്പരം മനസ്സിനെ വല്ലാതെകീഴടക്കി.നയനങ്ങളിൽ നീരുപടർന്നു. അവളാത്മാര്‍ത്ഥമായി
അയാൾക്കുവേണ്ടി പ്രാർഥിച്ചു.
പട്ടണത്തിന്റെ ഓരത്തുള്ള ഒരു കുന്നിൻ
ചെരുവ്. ധാരാളം വൃക്ഷലതാദികൾ.
ജന്തുജാലങ്ങളവിടം വാസസ്ഥാനമാക്കി, ഗർവോടെ നിലകൊണ്ടു. കുറേയാളുകളുടെ അതിമോഹം അവിടത്തെ വൃക്ഷങ്ങളെയെല്ലാം മഴുവിനു
സദ്യയാക്കി. മാളികകളുടെ
വനം അമാന്തം
കാട്ടാതെ പൊന്തിവന്നു . അല്പമകലെയായി ചിലചെറുവീടുകൾ നേരത്തേയുണ്ടായിരുന്നു.
ഒന്നു പ്രമോദിന്റെ
കുടുംബത്തിനുള്ളത്.
അവർ ആ ഭവനത്തിൽ, ഉള്ളതുകൊണ്ട് സന്തോഷം വിളയിച്ചുപോന്നു. അപ്പോഴതാ ഓർക്കാപ്പുറത്തൊരു
ദുരന്തം. പ്രമോദിൻറ്റെ വീടും അച്ഛനെയും അവൻറ്റെ മറ്റുപലരെയും അവിടെ അരങ്ങേറിയ
ഒരു ഉരുൾപൊട്ടൽ
തട്ടിക്കൊണ്ടുപോയി. മറ്റുള്ളവരുടെ കാരുണ്യം, അവന്റെയും
അമ്മയുടെയും ശരീരത്തിന്റെ മുറിവുകളെ
തോൽപ്പിച്ചു. കോളേജുമുടങ്ങി(അവന്റെ അക്കാദമികമികവ്
അവനേ കോളേജിൽ എത്തിച്ചിരുന്നു).
ഭൂമി സൂര്യനു
ചുറ്റും മൂന്നു പ്രാവശ്യം കൂടി വലം വച്ചു.
അഖിലയുടെ അച്ഛനു വീണ്ടും പഴയ
പട്ടണത്തിലേയ്ക്കു തന്നെ മാറ്റമായി.
അവളുടെ കോളേജുപഠനത്തിന്
അവിടെ പ്രാരംഭംകുറിച്ചു.
കോളേജിൽ ഡിഗ്രി
ആദ്യ വർഷം. എന്നും എട്ടുമണിയാകുമ്പോൾ അഖില ബസ്സ്‌സ്റ്റോപ്പിലെത്തും . അന്നും പതിവുപോലെ
അവളുടെ മിഴികൾ ആ പെട്രോൾപമ്പിന്റെ ഒരുകോണിലുള്ള
മഞ്ഞയരളിച്ചുവട്ടിലേയ്ക്ക് പോയി. അവിടെ
ആ മുച്ചക്രവാഹനം, അനാഥമിന്ന്. നാഥനെയതു ചുറ്റും
തിരയുന്നുണ്ട്.
“എന്തേയയാളിന്നു വൈകുന്നു, ഒരിക്കലും പതിവില്ലല്ലോ?,” അഖിലയുടെ ആത്മഗതം. “ശ്രുതി വരട്ടെ. അവളുടെവീടിനടുത്താണല്ലോ അയാളുടെവീട്. അവളോടു ചോദിയ്ക്കാം.”
ബസ്സു വരാൻ
ഏകദേശം പത്തു മിനിട്ടുള്ളപ്പോൾ സ്റ്റോപ്പിൽ എത്താറുണ്ട് അഖിലയും ശ്രുതിയും. കോളേജു ബസ്സിൽ ഒന്നിച്ചുപോക്കുവരവുപതിവ്.
ശ്രുതി വന്നതും വളരെ ഉദ്വേഗത്തോടെ അഖില, “ഇന്നെന്തേ അയാൾ വരാത്തത്?
മുച്ചക്ര സൈക്കിൾ അവിടെ കിടപ്പുണ്ടല്ലോ?.”
“അതോ,അയാൾക്കു സുഖമില്ലാതെ ഹോസ്പിറ്റലിൽ
ആണെന്നറിഞ്ഞു.”
“ഏതു ഹോസ്പിറ്റലിൽ
?”
“ഗവർമെൻറ്റു ഹോസ്പിറ്റലിൽ. ഐ.സി.യു.വിൽ ആണെന്നു
കേട്ടു."
“എന്താണസുഖം?” അവൾ വിഷമം
മറച്ചുവച്ചു ചോദിച്ചു.
“മഞ്ഞപ്പിത്തം , അറിഞ്ഞില്ലപോലും.ഡോക്ടർ ഒരു അറുപതു
ശതമാനമേ ആശ കൊടുത്തിട്ടൊള്ളൂ.”
ഒരുനിമിഷമവൾനിശബ്ദയായി,
“അയാൾക്കു വേഗം സുഖമാകണേ,” അഖില ആഗ്രഹിച്ചു
. അല്ല പ്രാർഥിച്ചു.
പെട്രോൾപ്പമ്പിന്റെ ഒരുസൈഡിലായി
ഒരുവലിയ മഞ്ഞയരളി പന്തലിച്ചുനിന്നു.
ചെറിയ ഇലകളാണെങ്കിലും അവ ഇടതൂർന്നു തണൽ വിരിച്ചു നിന്ന്,യാത്രക്കാർക്കു തണലേകിസംതൃപതിയടഞ്ഞു. വെള്ളയ്ക്കാ വലിപ്പത്തിലുള്ള കായകൾ, ക്ഷേത്രോത്സവത്തിൻ്റെ കെട്ടുകാഴ്ച്ചകളോർമ്മിപ്പിയ്ക്കും
വിധം തൂങ്ങിക്കിടന്നു .
മഞ്ഞനിറമുള്ള
മനോഹരമായ പൂവുകൾ ആ സ്റ്റോപ്പിൽ വരുന്നവരെ നോക്കി ആത്മാര്‍ത്ഥമായി
പുഞ്ചിരി ചൊരിഞ്ഞു. മന്ദസമീരൻ തൻറെ ചിറകുകൾ വിടർത്തി അവിടെയെല്ലാം പറന്നു നടന്നു. പെൺകുട്ടികൾരണ്ടാളും എന്നുമതിൻറ്റെയൊരുഭാഗത്തായി ബസ്സുകാത്തു
നിലകൊണ്ടു.
അയാൾ തന്റെ മുച്ചക്രവാഹനത്തിൽ, അരളിച്ചുവട്ടിൽ ഒരുകോണിലിരുന്നുലോട്ടറിക്കച്ചവടം നടത്തി. കച്ചവടകല നന്നായി സ്വായത്തമാക്കിയിരുന്ന അയാൾ സരസമായി സംസാരിച്ചു. അയാളുടെ സംസാരത്തിന്റെ ചുണയും
ചൊടിയും ആളുകളെ ആകർഷിയ്ക്കാൻ പര്യാപ്തം. കച്ചവടം സുഗമം. പ്രൊമോദായിരുന്നു
അയാൾ. ഒരു കാൽ ഉരുൾപൊട്ടൽ
പൊട്ടിച്ചുകൊണ്ടുപോയി.
രണ്ടുദിവസം കഴിഞ്ഞപ്പോൾ
ശ്രുതി, "അയാൾക്കല്പം ഭേദമായി.
വാർഡിലേയ്ക്കു കൊണ്ടുവന്നു.” കേട്ടതും
പോയിക്കാണാൻ അഖില മോഹിച്ചു.
"എന്തായിത്ര
കാരുണ്യം? ഒരേ സ്കൂളിൽ പഠിച്ചുവെന്നുകരുതി നിങ്ങൾ കൂട്ടുകാരൊന്നുമല്ലല്ലൊ!" ശ്രുതി.
അസുഖം മാറി അയാൾ വീട്ടിൽ വന്നു. ഒരുദിവസം അഖിലയുടെ
നിർബന്ധത്തിനുവഴങ്ങി, ശ്രുതി അവളെക്കൂട്ടി അയാളുടെ വീട്ടിൽ പോയി.വീണ്ടും ഒന്നുരണ്ടു പ്രാവശ്യംകൂടി പോയി.
അഖില ശ്രുതിയെക്കൂട്ടാതെഒരുനാൾ അയാളുടെവീട്ടിലെത്തി. ആവർത്തിച്ചു. അവിടെപ്പോയ ദിവസങ്ങളിൽ,
കോളേജിൽ ലാബിനു സമയം കൂടുതൽ വേണ്ടിവന്നുവെന്നു വീട്ടിൽ പറഞ്ഞു.
പൂർണ്ണസ്സുഖമായതും
പ്രമോദ് തന്റെ മുച്ചക്രവാഹനത്തിലേയ്ക്കു ചേക്കേറി.
അഖില വീണ്ടുമൊരുദിവസം
അയാളുടെ വീട്ടിൽ പോയി.
അമ്മ വീടിന്റെ മറുപുറത്ത്. അഖില പതിയെ
മനസ്സുതുറന്നു, “എനിയ്ക്കു... പ്രമോദിനോട്.. ഒരു..."
"കുട്ടി
പറയാൻ പോകുന്നതെനിയ്ക്കറിയാം.അതുനടക്കില്ല, കുട്ടീ.നടക്കാൻ പാടില്ല.ആദ്യം കുറെ കാരുണ്യം
കാണിയ്ക്കും.പിന്നെ ഞാനൊരു ഭാരം," പ്രമോദു വളരേ സംയമനം പാലിച്ചു.
“ഞാൻ പഴയ പ്രമോദല്ല, പ്രമോദിൻറ്റെ പ്രേതം മാത്രം. നിരാശയുടെ
ശവപ്പറമ്പൊരുക്കിഞാൻ എന്റെ പ്രതീക്ഷകളെ അതിൽ
കുഴിച്ചുമൂടി. ആ ഉരുൾപൊട്ടൽ,ഓഹ്! പക്ഷെ, നിരാശയിൽ ഉരുകാൻ എന്നെക്കിട്ടില്ല. അതിൽ നിന്നെല്ലാം
ഞാൻ കരകയറി.എനിയ്ക്കു ദുഖമില്ല. ജീവിക്കണം.
അമ്മയെ നോക്കണം."
" കാരുണ്യമല്ല
കാരണം.നമ്മൾ ഒരു സ്കൂളിൽ പഠിച്ചതല്ലേ?. എനിക്കന്നേപ്രമോദിനോടാരാധനയുണ്ട് . എന്നും ഞാൻ കൂടെയുണ്ടാവും.” അവളുടെതൊണ്ടയിടറി.
“വേണ്ട, ഇപ്പോൾ ഉള്ളതു സഹാനുഭൂതി മാത്രം. എനിയ്ക്കു
കുട്ടിയോടു പ്രത്യേകതയൊന്നുമില്ല. കുട്ടി പോകൂ.കുറെ കഴിയുമ്പോൾ ഒക്കെ മറന്നോളും
."
സ്കൂൾക്കാലയളവിൽ അവനുമവളെ
ശ്രദ്ധിച്ചിരുന്നു . മനസ്സിലെക്കുരങ്ങു
ചാഞ്ചാടിയെങ്കിലും അവനതിനെ പിടിച്ചു
കെട്ടി സംയമനം പാലിച്ചിരുന്നു. കാരണം സമയമായില്ലയെന്നവനറിയാം. പിന്നെ സാമ്പത്തികവും.
അവളുടെ മിഴികളിൽ
മഴ തുടങ്ങി. ശബ്ദമിടറി, “ ഉറച്ച തീരുമാനമാണോ
?”
“അതെ . കുട്ടിയിനി
ഇവിടെ വരരുത്.വരേണ്ട ,” ഹൃദയത്തിൽ തേങ്ങൽ
ഉയരാൻതുടങ്ങിയെങ്കിലും ശബ്ദം കഠിനമാക്കിയിരുന്നു.
അടുത്തദിവസം തന്നെ അയാൾ ഇരിപ്പിടം
പട്ടണത്തിൻറ്റെ മറ്റൊരോരത്തേയ്ക്ക്
മാറ്റിസ്ഥാപിച്ചു.
കാളിംഗ് ബെല്ലിൻറ്റെ
ശബ്ദംകേട്ടുനോക്കിയപ്പോൾ തുണി തേയ്ക്കുന്നയാൾ.
അഖില തൻറ്റെ ചിന്തയ്ക്കു കടിഞ്ഞാണിട്ടു.'
കയ്യിലിരുന്ന
മാസികതുറന്ന്, അതിലെന്തോതിരഞ്ഞു. പ്രതീക്ഷ മങ്ങിയില്ല. രണ്ടുവാരം മുന്നേ അവളുടെ മനസ്സും കരങ്ങളും ചേർന്നൊരുക്കിയ കഥ അവളെനോക്കി
പുഞ്ചിരിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത
ഒരു സംതൃപ്തി. അധികം പ്രസിദ്ധിയില്ലെങ്കിലും കൊള്ളാവുന്ന
ഒരു മാസികയാണത്. സ്വാനുഭവം ചെറുകഥയാക്കി
അതിലേയ്ക്കയച്ചിരുന്നു.പ്രസിദ്ധീകരിക്കുമെന്ന്
അവൾപ്രതീക്ഷിച്ചതേയില്ല.
‘സുന്ദര വസന്തരാവിൻ …,’ പാട്ട് വീണ്ടും അവളുടെ മനസ്സിൽ വിരുന്ദുവന്നു. അവൾ ആ വരികൾ
മൂളിക്കൊണ്ടാണ് എഴുന്നേറ്റുപോയത്.