(വൃത്തം-തരംഗിണി )
അറിയൂ കടലിൻ തിമിംഗലം ഞാൻ,
ഉടയോൾ വാരിധി കാക്കുന്നെന്നേ.
തിരകൾ വരുന്നു പുല്കാനെന്നേ,
കുതിരപ്പുറമങ്ങേറീ നിത്യം.
എന്നുടെ വാരണഗാത്രം കണ്ടാൽ,
എന്നും ജീവികൾ ഭീതിയിലാകും.
ആനന്ദത്താൽ മാനത്താലും,
റാണിസമാനം വാഴുന്നൂ ഞാൻ.
എന്നാലിന്നോ കാര്യം കഷ്ടം
ഉടലിൽ, ഉള്ളിൽ വേദന, വയ്യാ.
ഞങ്ങൾ പാടും ശ്രുതികൾ മൗനം,
നിങ്ങൾക്കില്ലാ ശ്രവണം തെല്ലും.
മാനവർ തള്ളും മാലിന്യങ്ങൾ
മനസ്സിൽ തോന്നും സമ്മാനമായ്.
മാസ്മരവർണ്ണപ്ലാസ്റ്റിക്കിൻറേ,
വസ്തു കടലിന്നുദരേ കാണാം.
പലനിറ ശോഭയിലാകൃഷ്ടരുമായ്,
പലതും ഞങ്ങൾ ഭക്ഷണമാക്കീ.
അറിഞ്ഞതുമില്ല പീഡകളൊന്നും
അറിയുന്നിപ്പോൾ നൊമ്പരമധികം.
വലിയ ശരീരം മുന്നേ ഞങ്ങൾ,
വലിയൊരു ക്ലേശം നൽകില്ലാർക്കും.
നിങ്ങൾതുല്യം ഭൂവവകാശം
ഞങ്ങൾക്കുണ്ടെന്നറിയൂ നിങ്ങൾ.
തങ്കംപോലൊരു സുതയെനിക്കുണ്ടു,
അനാഥയെൻ കുഞ്ഞന്ത്യം വന്നാൽ.
നിന്നുടെകുഞ്ഞുമതൊറ്റയ്ക്കായാൽ
തോന്നും ദണ്ണമെനിക്കതുമുണ്ടേ.
അയ്യോ! ഏറുന്നുള്ളിൽ നോവും
വയ്യാ, ഭഗവൻ! സഹനം തെല്ലും.
ഗാത്രം മെല്ലേ തളരുന്നല്ലോ!
ബോധം മറയും, മങ്ങുന്നല്ലോ.
മാനുഷദ്രോഹമ്മൂലം ജീവൻ,
മൃതിയെപ്പുൽകുകയാണിപ്പോഴായ്.
ഞാനിത വിടചൊല്ലിപ്പോകുന്നൂ,
എന്തിനു മാനുഷ ! നിർദ്ദയനായ് നീ?
ഇരുളോ പൊങ്ങീ കാഴ്ചയുമില്ലാ,
ഒരുതരി വെട്ടം കിട്ടാനുണ്ടോ?
മരണംകൂടാ ജീവിതവിജയം
മരണത്തിനെന്നറിയുന്നൂ നാം.