Wednesday, May 23, 2018

ഒരു മൗന വിലാപം!

A couple of months back, a blue whale’s cadaver lay on the shore of the Arabian Sea. The postmortem revealed that its abdomen was full of coloured polythene articles. It might have gulped the polythene bags mistaking them as its prey.
The whale has been personified here and it is bewailing on its fate.         

 കടലിലെ നീലത്തിമിംഗലമാണ് ഞാൻ
എനിയ്ക്കിന്നെൻ മാതാവു കടലമ്മയും.  
തിരയാം കരങ്ങളാൽ തഴുകി ജനനി 
കരുതലോടെതന്നെയാലിംഗനവും.  .

എന്നുടെ വലിപ്പത്താലാശങ്ക പേറി  
എന്നും ജന്തുക്കളോടി മറയുന്നു.
ആത്മാഭിമാനത്താലാനന്ദം പൂണ്ട്
റാണിയെപ്പോലെ വാണീടുന്നുഞാൻ ..

എന്നാലിന്നെൻറ്റെ കാര്യങ്ങൾ കഷ്ടം  
ഉടലിലുമുള്ളിലും കൊടിയ വേദന.
നിങ്ങൾക്കു ഗ്രഹിയ്ക്കാൻ,കഴിയുമോന്നറിയില്ല  
ഞങ്ങൾ ചൊല്ലീടുന്ന മൗനമൊഴി.

മനുജൻ തന്നെയീ പീഡതൻ കാരണം
മനുഷ്യാ നീ വിതറുന്ന മാലിന്യം തന്നെ. 
മാസ്മര വർണത്തിൽ 'പ്ലാസ്റ്റിക്കിൻ'വസ്തുക്കൾ 
സാഗര മാതാവിൻ മാറിലെറിയും.

പലവർണ്ണഭംഗിയിൽ ആകൃഷ്ടയായി
പലകാലമതെല്ലാം ഭക്ഷിച്ചുപോന്നു.
അറിഞ്ഞില്ല ഞാൻതെല്ലുമതി ലുള്ളപാകം    
അറിയുന്നതിപ്പോൾ നൊമ്പരം മാത്രം.

പാവങ്ങൾ  ഞങ്ങളെ  മർത്യഗണങ്ങൾ
ജീവിയ്ക്കാൻ  അനുവദിച്ചീടുമോ ഇവിടെ?
വലിപ്പത്തിൽ  മുന്നിൽ  ശക്തിയിൽ   മേലെ
എങ്കിലും നിങ്ങൾക്കു ക്ലേശം തരില്ല.

കാട്ടാളവർഗത്തിൻ പേരല്ലോ  നരനെന്ന്!
കാട്ടുനീതിതന്നെ നടത്തീടുന്നു .
ചരണങ്ങളെനിയ്ക്കുണ്ടേൽ  നിങ്ങളെപ്പോലെ
കരയിൽ  കയറി ഞാൻ നന്മപഠിപ്പിയ്ക്കാം.

 നിങ്ങൾക്കുതുല്യം ഈഭൂവിന്നവകാശം
ഞങ്ങളാo പ്രാണികൾക്കുണ്ടെന്നറിയൂ.
ക്രൂരനാം പൂമാനിതറിയാത്തപോലെ
 ഭൂരിഭാഗം ഭൂമി സ്വന്തമാക്കീടുന്നു.

മനുഷ്യാ,നിൻ ദ്രോഹത്താൽ ജീവിവർഗ്ഗത്തെ  
ആശ്ലേഷം ചെയ്യുന്നകാലമൃതു.
എനിയ്ക്കു  വിഹായസ്സിൽ  എത്തേണമിപ്പോൾ  
എന്തിനു  നീയിത്ര  നിർദ്ദയനായി?

 മനുജാ  നിന്നെപ്പോലെ  കുഞ്ഞുങ്ങളെ  പെറ്റു
മാന്യമായ് പാലൂട്ടി  വളർത്തുന്നു ഞങ്ങൾ.
ആയുസ്സിൻ നീളത്തിൽ  സമം ഞാനും  നീയും
ആയുസ്സല്പങ്കൂടിയെങ്കിലും   ഞങ്ങൾക്ക്.

പൊന്നുപോലെയൊരു മകുളുണ്ടെനിയ്ക്ക്
എന്നുടെ അന്ത്യത്തിലനാഥയാകും.
നിന്നുടെ കുഞ്ഞുങ്ങൾ നിന്നെ  പിരിയുമ്പോൾ
തോന്നീടും ഉത്ക്കണ്ഠ ഞങ്ങൾക്കുമുണ്ട്.

വയറിനുള്ളിൽ  നോവ്വല്ലാതെ ഏറുന്നു
വയ്യല്ലോ  ദൈവമേ സഹിച്ചീടുവാൻ. 
ഗാത്രം  തളരുന്നു  ചലനം  ചുരുങ്ങുന്നു
 ബോധവും മറയുന്നു പതിയെ പതിയെ.

മരണമല്ലേയെന്നും മരിയ്ക്കാത്ത സത്യം
മരങ്ങൾക്കും മൃഗങ്ങൾക്കും നിനക്കും സഹജം.
പരിണാമമോർക്കാതെ പണത്തിനുവേണ്ടി
പരിസരം നശിപ്പിക്കും ചെകുത്താനാണു നീ.

മർത്യാ , നിന്നാർത്തിതന്നന്ത്യഫലത്താൽ
കൃത്യമായ്   നിന്നുടെ  നാശം തെളിയും.
പരമ്പര  നിന്നുടെ,  ഇവിടെപ്പാർക്കേണ്ടേ?
പരവേശം മാറ്റി ചിന്തിയ്ക്കൂ ശാന്തമായ്.

12 comments: