ഒരുനാൾ ലളിത തനൂജനെത്തേടി
വിരവേ വരവായ് നദിക്കരയിലായ്.
“മഴവരും നിങ്ങൾ, നികേതനം പൂകൂ ,
പുഴക്കരവിടൂ പ്രിയമുള്ള മക്കൾ.”
കളികൾ നിറുത്തീ മടങ്ങികുട്ടികൾ
ലളിതയും പോയി, മകനെയും കൂട്ടി.
മധുവാം കാന്തൻറെ കരുതൽ കുറഞ്ഞു,
വധു ലളിതയ്ക്കു കടമ്പയോയേറേ.
പലദിനം ധവൻ തൊഴിലിനെന്നപോൽ
പുലിയൂരിലെത്തീ , സ്ഥിരമവിടായി.
ലളിതയ്ക്കോ ദിനമുരുട്ടിമാറ്റുവാൻ,
എവിടെക്കായ് പോകും മകൻ വളരണ്ടേ?
ഒഴുകീ കണ്ണീരും പ്രളയതുല്യമായ്
മുഴുവൻ ദിനങ്ങൾ നിനവിൽ മുക്കീ.
എഴുന്നുനിന്നൊരു മനോപരിതാപം
മുഴുത്തുകയറാനനുവദിച്ചില്ല.
പരാജിതയാകാൻ മനംമടിച്ചപ്പോൾ,
തിരഞ്ഞെടുത്തവൾ തുണിതുന്നുമ്പണി.
ശിഥിലസ്വപ്നങ്ങൾ സ്വരുക്കൂട്ടാനവൾ,
മഥിച്ചുമാരോഗ്യം മെനഞ്ഞു നൽവസ്ത്രം.
ഒരാളുമില്ലൊരു സഹായമേകുവാൻ
വരുംവരാഴികയറിഞ്ഞൂ കുട്ടനും.
ചെറുപ്രായത്തിലും മുതിർന്നപ്രായമായ്
പ്രസുവിനുമേകീ സമാധാനം നിത്യം.
അതിഥിയായ് ജ്വരം പുണർന്നു കുട്ടനെ
അതിയായ താപം, വലഞ്ഞു രണ്ടാളും.
"ചികിത്സചെയ്തിടാൻ വരില്ലയാരുമേ?
പകൽവരാനിനീം വിളംബമുണ്ടല്ലോ!"
കുടം കണക്കിനു ജലംതൂകുമ്പോലെ,
കുടുകുടാച്ചാടി പെരുമാരീജലം.
കടൽ,മണൽ, വള്ളം, ഗൃഹം , ഗിരി, തരു,
കുടിൽ,നരർ, മൃഗം സകലതു,മൊന്നായ്.
പ്രളയം താഡിച്ചൂ ധരയെ കഠിനം
പ്രഹേളികയായി ധരാതലം കഷ്ടം.
ചരങ്ങൾപലതു,മചരങ്ങ,ളായി,
ചെറുത്തുനിൽക്കുവാൻ വഴിയൊട്ടുമില്ല.
നിറഞ്ഞുമാനവർ അഭയത്തമ്പിലായ്
കുറവിനേ പുല്കീ വസിച്ചു മാനവർ.
കുറഞ്ഞില്ലാ തെല്ലും കരുതൽ തമ്മിലായ്,
നിരന്തരമൂറീ മധുസമം സ്നേഹം.
വലിപ്പം, ചെറുപ്പം, മതങ്ങൾ, ജാതികൾ,
വയസ്സും ബാല്യവും, അശക്തി, ശക്തിയും
ഒളിച്ചെങ്ങോപോയി; ഒരുമ ദൃശ്യമായ്,
തെളിഞ്ഞു ചുറ്റിലും ഒളിതൂകും സ്നേഹം.
കടുത്തതാപത്താൽ വലഞ്ഞെന്നാൽ കുട്ടൻ,
കഠിനമാം നോവായ് ശിരസ്സിൻറെയുള്ളിൽ.
പ്രകൃതി കൃത്യമായ് പകവീട്ടീടുന്നൂ,
നികടത്തിലെങ്ങും കവചവുമില്ലാ.
“ത്വരിതമമ്മയോ ദുരിതത്തീന്നോടൂ,
ജ്വരം തളർത്തുന്നൂ, എനിക്കോടാൻ വയ്യാ.”
“ജനനിയാണു ഞാൻ മകനെ! ഒന്നുമേ
നിനക്കുമോളിലായ് വരില്ലെൻ മാനസേ."
കുറച്ചു തൻരോഷം വരുണനോ അല്ലിൽ,
കുറഞ്ഞുപ്രളയം, അഹസ്സെത്തിനോക്കീ.
മകനുമമ്മയും ജഡങ്ങളായി ഹോ!
അകത്തുകിടന്നു പുണർന്നു തമ്മിലായ്.
യമരാജാവിനെ തടയുക വയ്യാ,
നമുക്കുള്ളപ്രിയർ ശ്രമിച്ചീടുകിലും.
വിരാമസമയം വരുംവരെയല്ലെ
വിരാജിക്കും ബന്ധം തണലാകുന്നതും?
നികേതനം = വീട്
ധവൻ =ഭർത്താവ്
അല്ല് = രാത്രി
വിരാജിക്കുക= ശോഭിക്കുക