(വൃത്തം-മാഞ്ജരി)
നാദത്തിൻ താളത്തിൻ തീർത്ഥം നുകർന്നൊരു
വാദ്യത്തിൻ മാന്ത്രികയന്നപൂർണ്ണ.
ഹൃദ്യമാം വൈവിധ്യം വാദ്യമേളങ്ങളിൽ
ഹൃത്തുക്കളെ മെല്ലെക്കീഴടക്കി.
സംഗീതത്തണ്ണീരിൽ മുങ്ങിയ രോഷ്നാരാ, മങ്ങാത്തൊരോർമയായ് മാറിയിന്ന്.
താതൻ അലാവുദീൻഖാനും മഹാനേവ-
മേവരേം വാദ്യത്താലാകർഷിച്ചു.
സിത്താറിൽ സരോദിൽ വേറെവാദ്യങ്ങളിൽ
മൊത്തമായ് മക്കൾക്കു പാഠം നൽകി.
സുർബഹാർ വാദ്യത്തിന്നാകാശഗംഗയിൽ.
സൂര്യസമാനം തിളങ്ങി രോഷ്നാ.
ഉസ്താദിൻ പ്രീതിതൻ പാത്രം രവിശങ്കർ
ഉസ്താദിൻ ജാമാതാവായ് ഭവിച്ചു.
രോഷ്‌നാരയോ മെല്ലെ അന്നപൂർണ്ണയായി
രോഷ്‌നിവാദ്യ വെട്ടം കാട്ടി ചുറ്റും.
പത്നിധവൻയുഗ്മ൦ നെയ്തതിന്ദ്രജാലം
പൊൻതാരജാലങ്ങൾ കൂടെക്കൂട്ടി.
പാടവം സുർബഹാർ, സിത്താറിൽ കാട്ടവേ
പീയൂഷമായ് ലോകകാതുകളിൽ.
മാറ്റോ തൊള്ളായിരത്തിപ്പതിനാറുതാൻ (916)
മാറ്റുരച്ചാൽ കാന്തനൽപ്പം കീഴെ.
അൽപ്പമസൂയയ്ക്കു ഭക്ഷ്യമായോ ശങ്കർ,
ആനന്ദം മങ്ങിയോ ശാന്തിപോയോ?
ഉച്ചസ്ഥായിശ്രുതിയേറി വഴക്കുകൾ,
അച്ചടക്കം വിട ചൊല്ലാൻ വെമ്പി.
ചെയ്തുപുനർചിന്ത നായികാനായകർ
ചെയ്തികൾ രണ്ടാളും മാപ്പിലാക്കി.
അങ്ങനെ അന്നപൂർണ്ണാദേവി നിശബ്ദ
തങ്ങിയവർ തൻറ്റെ പത്തനത്തിൽ.
പക്ഷേ സമർത്ഥരാം ശിഷ്യരിലായന്ന
തുഷ്ടിയായ് സംഗീതപ്പൂ വിടർത്തീ.
ചൗരസ്യ,ബാനർജി,ആശിഷ്ഖാനെന്നിവർ
ചൊവ്വുള്ള സൂനസുഗന്ധമായി.
പാരിലായ് പൊന്തി രവിക്കുള്ള കീർത്തികൾ,
പാവനബന്ധംത്തിൽ വിള്ളൽ വീണു.
തേടി രവിശങ്കർ പുത്തനാം പുഷ്പങ്ങൾ,
മാടിവിളിച്ചാളെ സ്ത്രീവേഷക്കാർ.
പൊട്ടിപ്പോയ് പ്രേമത്തിൻ സൂത്രങ്ങൾ, പിന്നീടും,
കൂട്ടാക്കിയില്ലവ കൂടിച്ചേരാൻ.
നിശ്ചയമില്ലാത്ത സംഗതിക്കായ് ദേവി
നിർണ്ണയം പാടവത്തേ മറച്ചൂ.
വെയ്‌ക്കേണ്ട ആശകൾ പാറുന്ന പ്രാവിലായ്,
പൊയ്പ്പോകും പക്ഷി പുത്തൻ ശാഖയിൽ.