Wednesday, October 30, 2019

വിശ്വരക്ഷകൻ!


  

വിശ്വരക്ഷകനെന്നും  നീ ശ്രീകൃഷ്ണ  
വിശ്വമൊന്നു നീ നേരെയാക്കീടണേ. 
കളളം, ചതി  മനുജനു  ജീവനം, 
വിള്ളലേറ്റി വധിക്കുന്നു ശാന്തിയെ.

ഹസ്തിനപുരിയിൽ പണ്ടുപാണ്ഡവർ
സ്വസ്ഥത  നഷ്ടമായി കഷ്ടത്തിലായ്. 
കൗരവർക്കന്നു സദ്ബോധമേകുവാൻ     
ഗൗരവ പൂർവം  തന്ത്രം  മെനഞ്ഞില്ലേ!  

രാജ്യാവകാശസംഗ്രാമമാത്രയിൽ   
പൂജ്യരും നിരന്നു കുരുക്ഷേത്രത്തിൽ.
 പൂർവ്വികരുടെ  ദർശന  മാത്രയിൽ
ഊർജ്ജം പാർത്ഥനിൽ നിന്നുമൂറിപ്പോയി.

ചൊല്ലി നീ സവ്യസാചിക്കുണർവേകാൻ
ഫുല്ലമാം ഭഗവദ്ഗീത ശ്ലോകങ്ങൾ.
ബദ്ധപ്പാടിന്റെ  വീഥികളിൽ സദാ
 ബുദ്ധിപൂർവ്വം സുമാർഗ്ഗം തെളിച്ചൂ നീ.

 ഗോവർധനാദ്രി പുഷ്പമ്പോലേന്തി നീ
 ഗോപർക്കേകീ മഹാമാരിയിൽ രക്ഷ.
 ഹാസം മധുരം നല്കുന്നു സാന്ത്വനം
വാസം മാനസേ തമസ്സിൽ വെട്ടമായ്.
 
നൂറ്റൊന്നുപേരും മാതുലൻ ശകുനിയും
മറ്റുള്ളോർക്കു സദാ നൽകും പീഡനം.
എന്നുള്ളിലുമുണ്ടാമവരൊക്കെയും 
എന്നിൽ നിന്നുമവരേ തുരത്തണേ.

കാണുവാൻ നിന്നെയേറെക്കൊതിയുണ്ട്
കാണണം നിന്നെ നിത്യമെന്നുള്ളത്തിൽ.
കൃഷ്ണ നിന്നുടെ ദർശന മാത്രയിൽ
ഇഷ്ടം പൂർണ്ണമായ് സാധിതമായപോൽ.

നിന്നുടെ നാമം ഓതിയൊരുകൂട്ടം 
മിന്നും താരങ്ങൾ കണ്മിഴിച്ചുനിൽപ്പൂ.
വന്മതി നിന്നെക്കാണാനായ്  വെമ്പുന്നു
കണ്മണിപോലെയാകാംക്ഷ കാട്ടുന്നു

സന്ധ്യ, ദീപം കൊളുത്തുന്നു പശ്ചിമേ
സസ്യ ജാലങ്ങൾ ചെമ്പട്ടുടുക്കുന്നു.
കൃഷ്ണഭക്തർ തിരുനാമം ചൊല്ലുന്നു
കൃഷ്ണഗീതികൾ ഗേഹേയുയരുന്നു.

എന്നെ നിന്നുടെ ആർദ്രതാപാത്രമായ്
സന്തതം  കാണൂ ഏകണേ സദ്ബുദ്ധി.  
മാനസേ നല്കൂവാശ്വാസലേപനം
മന്മനം മനനം ചെയ്യാം നേരിന്നായ്.

കാണുന്നില്ല  പുറം  ലോകേയെന്നാലും,
കാണുന്നുണ്ടു ഞാൻ  ചിത്തേ  നിൻരൂപത്തെ.
കൃഷ്ണ കൃഷ്ണ  നീ  പാരം കനിയുക 
ന്യൂനതന്യൂനമാക്കണേ സന്തതം.

 കാലമാം കാനനത്തിലകപ്പെട്ട
കേവലമായൊരു ജീവൻമാത്രം ഞാൻ.
കാടു തെളിച്ചു രക്ഷിയ്ച്ചുകൊള്ളണേ
കൃത്യമെന്നുടെ പുർണ്ണമ്പൂർണ്ണമായാൽ.



































No comments:

Post a Comment