Thursday, November 14, 2019

കാത്തിരുന്നു!






                             
‘മുക്കണ്ണൻ ദേവൻറ്റെ നാമമുള്ളധ്യക്ഷൻ
ഊക്കിൽ വിക്ഷേപിയ്ച്ചു വേഗയാനം.
ഹിമാംശുതൻതലം നന്നായ് പഠിയ്ക്കാൻ
ഭൂമിയിൽ നിന്നതു യാത്രയായി.

ശ്രീഹരിക്കോട്ടയാം സങ്കേതേ നിന്നും
ബഹിരാകാശേ യാനം പറന്നുപൊന്തി.
കൃത്യങ്ങൾ ചെയ്തു, കൃത്യം ശാസ്ത്രജ്ഞർ
മാതൃക ഇന്ത്യയെയാക്കിത്തീർക്കാൻ.

ശശാങ്കൻ തന്നുടെ ദക്ഷിണ ഖണ്ഡേ
വശ്യമായ് യാനം പറന്നിറങ്ങി.
ചാന്ദ്ര സംബന്ധമാം കാര്യങ്ങൾ കാരണം 
‘ചന്ദ്രയാനെ’ ന്നുള്ള നാമം നേടി.

ഇറക്കം സൗമ്യമായ് പൂർത്തിയാക്കീടാൻ
ഉറക്കം വിനാ പണി ശാസ്ത്രജ്ഞർക്ക്.
കാത്തിരുന്നവരെല്ലാം, നെഞ്ചിടിപ്പോടെ,
ഗാത്രത്തെപ്പോലും  മറന്നു കൊണ്ട്.

വിക്രം ലാൻഡറാം, യാനംതൻ ഭാഗം
പ്രകടനം ചെയ്യണം സുഗമമായി.
ഗർഭം പേറും  മാതൃസമാനമായ്
നിർഭരം കാക്കുന്നു ശാസ്ത്രലോകം.

തിങ്കളെ വീക്ഷിച്ചു കാര്യങ്ങൾ നോക്കി
ആകാംക്ഷാ ഭരിതം കാത്തിരുന്നു.
സമയങ്കടന്നു  മിനുട്ടുകൾ  താണ്ടി
ആമയംനൽകി  മറഞ്ഞു ലാൻഡർ. 

ഭാരതചിത്രം, ഫലം ശുഭമെങ്കിൽ
വിരവോടെ  ഭൂമിതൻ അഗ്രഭാഗേ.
ശതമാനം തൊണ്ണൂറു വിജയിച്ചു പക്ഷെ
അന്ത്യഫലം നല്കിയാധിയേറേ.

ചന്ദ്രൻറ്റെ മണ്ഡലേ, ലാൻഡർ മറഞ്ഞു
ചിന്തയിലാണ്ടുപോയ് ശാസ്ത്രലോകം.
ബഹിരാകാശത്തിൽ ലാൻഡർ തകർന്നോ?   
സഹിയവയ്യ കഷ്ടമെല്ലാവര്ക്കും

കൺകളിൽ എണ്ണയുമായി നമ്മൾl
കാണുവാൻ  വിജയം,  കാത്തിരുന്നു
അധികമായ്  പ്രതീക്ഷ  വച്ചിരുന്നു 
വിധിവിളയാട്ടമെതിരുനിന്നു.

എന്നുടെ ഭൂമിമാതാവിനു നിങ്ങൾ
എന്നും നാശം നൽകീടുന്നു.
ഇച്ഛയില്ലാരെയും സ്വീകരിച്ചീടുവാൻ
പുച്ഛത്തോടെ ശശി പറഞ്ഞപോലെ.

മുഖ്യ ശാസ്ത്രജ്ഞൻ ശിവനുടെ കൺകളിൽ
ദുഃഖകണങ്ങൾ തുളുമ്പി നിന്നു.
‘പ്രവചനം ദുഷ്കരം യത്‌നപരിണാമം
ഇവിടെ പക്ഷെ നമ്മൾ തോൽക്കുകില്ല.

ഭാരതമാതാവിൻ സ്വപ്ന പൂർത്തിക്കായ്
ചാന്ദ്രയാനദൗത്യം വിജയിപ്പിയ്ക്കും’.
തീരുമാനം ചെയ്തു ശാസ്ത്രജ്ഞർ നിർണ്ണയം
തീരെയതിനിനി മാറ്റമില്ല.

No comments:

Post a Comment