ശ്രദ്ധ!
'മദേഴ്‌സ് ഡേ'യോടനുബന്ധിച്ച് നടന്ന ലേഖനത്തിന്റെ ഫലപ്രഖ്യാപനം സ്കൂളിൽ, പുരസ്കാരം കിട്ടിയവരുടെ പേരുകൾഅധ്യാപിക വിളിക്കുകയാണ്.
"സുപ്രഭാതം. നമ്മൾ 'മാതൃദിനത്തോടനുബന്ധിച്ച് നടത്തിയ ലേഖന മല്സരത്തിന്റെ വിജയികളെ അനുമോദിക്കുന്നചടങ്ങിലേയ്ക്ക് കടക്കുന്നു. വിജയിക്കുക എന്നുള്ളത് ചെറിയകാര്യമല്ല. അഭിലാഷം, പ്രയത്നം, പ്രോത്സാഹനം, അംഗീകാരം എല്ലാമുണ്ട് അതിനു പിന്നിൽ. എന്നാൽ ഇതെല്ലാം ഉണ്ടെങ്കിലും ചിലർക്ക് വിജയം അകലെത്തന്നെ. അതിനു കാരണംവിജയികൾ സംഖ്യയിൽ കുറവല്ലേ? മത്സരാർഥികൾ ഏറെയും. പക്ഷെ വിഷമിക്കേണ്ടാ, പങ്കെടുക്കുന്നതുതന്നെ മിടുക്കിന്റെലക്ഷണമാണ്. മത്സരത്തിൽ പങ്കെടുത്തുകൊണ്ടേയിരിക്കുക. അവർക്കു സമ്മാനങ്ങൾ പിന്നീടു വന്നുചേരും."
അവർ തുടർന്നു, “സമ്മാനദാനം നിർവഹിയ്ക്കുവാൻ നമ്മുടെ മുഖ്യ അതിഥി, ശ്രീമതി വസന്താ മേനോനെക്ഷണിച്ചുകൊള്ളുന്നു.പേരുവിളിക്കപ്പെടുന്നവർ സമ്മാനം സ്വീകരിക്കുവാനായി സ്റ്റേജിലേയ്ക്ക് വരണം എന്നഭ്യർത്ഥിക്കുന്നു.”
ശ്രദ്ധ വളരേ ശ്രദ്ധയോടെതന്നെ ഇരുന്നു സമ്മാനംആർക്കെന്നറിയുവാൻ.
“മൂന്നാം സമ്മാനം……”
“ബിജു ജോസ്,” ട്വൽഫത്. എ.”
കുട്ടി വന്നു സമ്മാനം സ്വീകരിക്കുന്നു.
“രണ്ടാം സമ്മാനം രണ്ടുപേർ പങ്കിട്ടിരിക്കുകയാണ്………
രാഖേഷ് നായർ- നയൻന്ത്. സി
ആൻഡ് അന്ന മെറിൻ- ടെൻത്. ബി.”
കുട്ടികൾ വന്നു സമ്മാനം സ്വീകരിക്കുന്നു.
ഇനി ഒന്നാം സമ്മാനം ആർക്കാണു പോയിരിയ്ക്കുന്നതെന്നു നോക്കാം.
ഒന്നാം സമ്മാനാർഹയായിരിക്കുന്നത് പന്ത്രണ്ടാംതരംബി-യിലെ ശ്രദ്ധ മുകുന്ദാണ്. ശ്രദ്ധ മുകുന്ദ്സ്റ്റേജിലേയ്ക്കു വരൂ.”
മലയാളം അദ്ധ്യാപികയുടെ വാക്കുകൾ ശ്രദ്ധ അവിശ്വാസത്തോടെ ആണുകേട്ടത്. അവൾ ഒരിക്കലും അതു പ്രതീക്ഷിച്ചിരുന്നില്ല. വിഷയംകേട്ടപ്പോൾ ഒരു കൌതുകംതോന്നി,പേരു നൽകി,അത്രതന്നെ.
ശ്രദ്ധ മുഖ്യഅതിഥിയുടെ കാൽതൊട്ടു വന്ദിച്ചശേഷം കൈയ്യിൽനിന്നും സമ്മാനംസ്വീകരിയ്ക്കുന്നു.
“അഭിനന്ദനനം കുട്ടികളെ അഭിനന്ദനം. എല്ലാവരും അവർക്കൊരു നല്ലകൈയ്യടികൊടുക്കൂ,” അദ്ധ്യാപിക.
“മുഖ്യ അതിഥിയുടെ സമ്മതത്തോടുകൂടി അവൾ ആ ലേഖനം ഇവിടെ വായിയ്ക്കട്ടെ എന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു."
അവൾ അദ്ധ്യാപികയുടെ കൈയ്യിൽനിന്നും തന്റെലേഖനം വാങ്ങി. തുടക്കത്തിൽഅല്പം പരിഭ്രമത്തോടെവായിയ്ക്കുവാൻതുടങ്ങി. വേഗംതന്നെ അവളുടെപരിഭ്രമം അവളോടു യാത്രപറഞ്ഞു.
“എൻറ്റെ അമ്മ എന്നുള്ളതാണല്ലോവിഷയം? എങ്ങിനെ എഴുതും എന്തെഴുതും എന്നൊക്കെ എനിയ്ക്കുസംശയമൊക്കെതോന്നിയിരുന്നു.അമ്മമാർ എങ്ങനെവേണം എന്തൊക്കെ ചെയ്യണം എന്നൊന്നും ഞാൻആലോചിച്ചില്ല. അനുഭവങ്ങൾ മാത്രംഞാൻ ഇവിടെകുറിച്ചിട്ടു. ഇതാ എൻറ്റെയമ്മ.”
'എൻറ്റെ അമ്മ'
എൻറ്റെ അമ്മയ്ക്കു സമംചേർക്കാൻ മറ്റൊരു അമ്മയുംകാണില്ല ഈഭൂമിയിൽ എന്നുവിശ്വസിക്കാനാണു ഞാൻആഗ്രഹിയ്ക്കുന്നത്. എനിക്കുവേണ്ടി ഒരു നാമം തിരഞ്ഞെടുക്കുന്നതിൽ തുടങ്ങുന്നു അമ്മയുടെ എന്നിലുള്ള ശ്രദ്ധ. അങ്ങനെശ്രദ്ധ എന്നനല്ലനാമം എനിയ്ക്കു സ്വന്തം. ഞാൻ എൻറ്റെനാമം അര്‍ത്ഥവത്താക്കുവാൻ ശ്രമിയ്ക്കുന്നു എന്നാണെൻറ്റെ വിചാരം.
അതിരാവിലെ അഞ്ചുമണി എന്നൊരുസമയമുണ്ടെങ്കിൽ ദൗത്യംഭംഗിയായി നിറവേറ്റാൻ സഹായം നൽകാനായി അമ്മയുടെമിഴികൾരണ്ടും അവയുടെവാതിലുകൾ തുറന്നിടുന്നു. പ്രഭാതകൃത്യങ്ങൾകഴിയുന്നതും, അമ്മയുടെകാലുകൾ അവയുടെ സ്വന്തംസാമ്രാജ്യത്തിലേയ്ക്കു പ്രവേശിയ്ക്കുന്നു. പിന്നീടതാ അമ്മയും,പാത്രങ്ങളും, അടുപ്പും,അരിയും,പച്ചക്കറികളും, അരിമാവും ഒക്കെക്കൂടി ചേർന്നൊരു കൈകൊട്ടിക്കളിയാണ് അടുക്കളയിൽ.
എട്ടുമണിയെന്നുള്ള സമയം എത്തുമ്പോഴേക്കും ഊണുമേശ വിഭവങ്ങൾ സ്വീകരിയ്ക്കുവാൻ തയ്യാർ. പ്രഭാതപലഹാരം, അച്ഛനുംഎനിക്കും ഉള്ള ഉച്ചഭക്ഷണം, പാല്, ചായ, കാപ്പി എന്നിവയുടെ മണം മേശയിൽ നിന്നും പൊന്തിവരും.
എൻറ്റെ കുട്ടിക്കാലം-നാലു വയസ്സുമുതലുള്ള പലകാര്യങ്ങളും എനിക്കോർമ്മയുണ്ട്. ഇനിപ്പറയാൻ പോകുന്നതുംഎന്റെയമ്മയെക്കുറിച്ചാണ്.
എനിക്കു പനിവന്നാൽ അമ്മയുടെഉറക്കം എങ്ങോപോയോളിക്കും. അപ്പോഴൊക്കെ എന്നുടെഅമ്മ രാത്രി മുഴുവൻ എന്റെമുഖത്തേയ്ക്കുമാത്രം മിഴികൾ നട്ടിരിക്കും. ഊഞ്ഞാലാടിയാൽ എപ്പോഴും എന്റെ പിറകിൽമാത്രം അങ്ങിനേനോക്കി നിൽക്കുന്നഎന്റെ അമ്മ. പൂക്കളിറുക്കാൻശ്രമിച്ചാൽ കൈനിറയേ പൂങ്കുല ഒടിച്ചുപിടിപ്പിക്കുന്ന എൻറ്റെ അമ്മ. തുമ്പിയെപിടിക്കാൻ പിറകേഓടിയാൽ അതിനേവേദനിപ്പിക്കരുത് എന്നുപറയുന്ന അമ്മ. “മോളെ നിന്നെ ആരെങ്കിലും നുള്ളിനോവിപ്പിച്ചാൽ വേദനിക്കില്ലേ ? അതുപോലെ തന്നെ അതിനുംവേദനിക്കും ” എന്നുപറയുന്ന അമ്മ.
ഊഞ്ഞാലാട്ടംകഴിഞ്ഞ് അമ്മഎന്നെ ആഹ്ളാദത്തോടെ പൊക്കിയെടുക്കുമ്പോൾ ഊഞ്ഞാലിടാൻ അനുവദിച്ച പ്ലാവുപോലുംഅതിൻറ്റെ സന്തോഷം പങ്കുവെച്ചിരുന്നു, വൃക്ഷം അതിൻറ്റെ പല്ലവംവീശി എൻറ്റെകവിളിൽ തലോടിയിരുന്നു. കാക്കകൾഞങ്ങളുടെ സ്നേഹം കണ്ടു കൊതിയൂറി “കാ…..കാ,,” എന്ന് ചിലച്ചിരുന്നു.
പ്ലാവിലയും, ഓലക്കാലും, ഓമതണ്ടും, കടലാസ്സുകഷണവും നിമിഷനേരംകൊണ്ട് അമ്മയുടെ സ്വന്തംകൈകളിൽക്കൂടിമനോഹരമായ കളിപ്പാട്ടമായി മാറിയിരുന്നു. എൻറ്റെ അമ്മ ഓണക്കാലത്ത് അതിരാവിലെ കുളിച്ചുകുറിയിട്ട് വിളക്കുംകൊളുത്തിപൂക്കളം നിറയ്ക്കുന്നതു കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയുണ്ടായിരുന്നു. എൻറ്റെ കുഞ്ഞിക്കരങ്ങളുടെപങ്കും അമ്മ ഉറപ്പുവരുത്തിയിരുന്നു.
കുളിമുറിയിൽ സോപ്പുപതപ്പിച്ചുപതപ്പിച്ചു വയറുമാത്രം ഞാൻ തേച്ചുനിൽക്കുമ്പോഴും അമ്മ ക്ഷമയോടെ ആനന്ദത്തോടെ നിൽക്കുന്നത്കാണാമായിരുന്നു. സോപ്പ് പകുതിതീർന്നാലും 'കുറുമ്പി' എന്നുമാത്രം ഉരുവിട്ട് നനഞ്ഞനെറ്റിയിൽ ചുംബനംഅർപ്പിക്കും.
സ്നേഹം വാരിക്കോരി എന്നിൽചൊരിയുന്നത് എൻറ്റെ പൊന്നമ്മയുടെ വിനോദമാണ്, അന്നുമിന്നും. എൻറ്റെസുഖംഎൻറ്റെസന്തോഷം ഒക്കെ അമ്മയുടെ ജീവിതലക്ഷ്യത്തിലേ മുഖ്യഘടകങ്ങൾ ആണ്. തുവർത്ത് കൈയ്യിൽ എടുക്കുമ്പോൾ ഞാൻഅതുപിടിച്ചുവാങ്ങുന്നതും തനിയേ തുവർത്തുന്നതും എൻറ്റെ ചക്കരയമ്മയ്ക്കു സന്തോഷം നിറഞ്ഞഅനുഭൂതി ആയിരുന്നു. ‘മോളെ,പനി വരും' എന്നു പറഞ്ഞ് അമ്മയും കൂടിതുവർത്തിച്ചിരുന്നു.
എൻറ്റെ നിർബന്ധങ്ങൾ സാധിച്ചുതരുമ്പോൾ “നീ അതിനേ കൊഞ്ചിച്ചു വഷളാക്കുകയാണ്” എന്ന് അച്ചൻ പലപ്പോഴുംപരാതിപ്പെട്ടിരുന്നു. ‘ഇല്ല നമ്മുടെപുന്നാരമോൾ ഒരു വഷളത്തരവും കാണിക്കില്ല’' എന്ന് സംശയമെന്നിയേ പറയും എൻറ്റെമാത്രംപൊന്നമ്മ.
ഒരിക്കൽ ഞാൻ ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ഗ്യാസ്സ്റ്റോവ് കത്തിക്കാൻ ലൈറ്റർകൈയ്യിൽഎടുത്തു. അമ്മ എൻറ്റെകൈയ്യിൽപിടിച്ചുകൊണ്ട് എന്നെക്കൊണ്ടതുകത്തിപ്പിച്ചു.
“മോൾ കുറച്ചുകൂടി വല്യ കുട്ടിയാകുമ്പം ഗ്യാസ്ഒക്കെ കത്തിച്ചു് അടുക്കളയിൽ അമ്മയെ സഹായിക്കണം,കേട്ടോ?” എന്ന് മനസ്സിലാക്കിത്തന്നു.
എൻറ്റെ ഇഷ്ടഭക്ഷണം,പ്രിയവസ്ത്രം എല്ലാം അമ്മയുടെ ശ്രദ്ധയിൽ ഇപ്പോൾപോലും ഉണ്ട്. കുട്ടിക്കാലത്ത് എൻറ്റെപുസ്തകസഞ്ചി തയ്യാറാക്കിവെയ്ക്കുന്നതിൽപ്പോലും അമ്മയുടെ പങ്കു വലിയതായിരുന്നു. .ഇതെല്ലാം തന്നെ അമ്മ സ്വയംഅല്ലചെയ്യ്തിരുന്നത്. എട്ടുവയസ്സുമുതൽ എന്നെക്കൊണ്ട് എല്ലാം ചെയ്യിച്ചിരുന്നു എന്നുപറയുന്നതായിരിക്കും കൂടുതൽ ശരി.
വഴിചൂണ്ടിക്കാട്ടി അതിലൂടെ എന്നെനയിയ്ക്കുകയാണ് അമ്മ അന്നുമിന്നും ചെയ്യുന്നത്. ഞാൻ അമ്മയുടെ പ്രതീക്ഷക്കൊത്തുപോകുന്നുണ്ട് എന്നാണ് എൻറ്റെവിശ്വാസം.
ചെയ്തുപോകുന്ന തെറ്റുകൾ മാറ്റിവയ്ക്കാതെ അപ്പപ്പോൾ തന്നെ സ്നേഹവായ്പ്പോടെ തിരുത്തുവാൻ എൻറ്റെയീ പ്രായത്തിലും സഹായിയ്ക്കുന്നു അമ്മ.
എന്തുകാര്യത്തിൽ ഞാൻ കൈ വെച്ചിരുന്നുവോ അവയെല്ലാം തന്നെ അമ്മയുടെ മേൽനോട്ടത്തിൽ ചെയ്യുവാൻ സമ്മതംനല്കിയിരുന്നു. അന്നും ഇന്നും വരുംവരാഴിക ക്ഷമയോട,വാത്സല്യത്തോടെ പറഞ്ഞുമനസ്സിലാക്കും.
എനിക്കു തോന്നുന്നു വിലക്കുംതോറും കുട്ടികൾ വാശിക്കാരായി മാറും എന്ന്. എനിക്കെൻറ്റെ അമ്മയോടുവാശികാണിയ്ക്കുവാൻ തോന്നാറില്ല. എൻറ്റെ അമ്മ അതിനവസരംതരാറില്ല.
ഞാനിപ്പോൾ വലിയ ക്ലാസ്സിൽ ആണെല്ലോ. എന്നാൽ എൻറ്റെ നല്ലയമ്മ 'പഠിക്കൂ,പഠിക്കൂ' എന്നുള്ള പല്ലവിഉരുവിട്ടു പിറകെകൂടാറില്ല. ടി.വി. കാണുന്നതിനും, കൂട്ടുകാരുമായി ഫോണിൽ സംവദിയ്ക്കുന്നതിനും എന്ന്ക്ക് വിലക്കില്ല. സ്വയംഞാനതിനുവിരാമമിടാറാണ് പതിവ്.
എൻറ്റെ വീട്ടിലെ ഘടികാരത്തിനെ അനുസരിയ്ക്കാതെ ഞാൻ കിടന്നുറങ്ങിയാൽ “പാവം,അവൾക്കു ക്ഷീണം കാണും,കിടക്കട്ടെഅല്പ്പം കൂടി” എന്നു പറഞ്ഞു അമ്മയുടെ ചുണ്ടുകൾ എൻറ്റെ നെറ്റിയിൽ അമരുന്നത് ഞാൻ അറിയാറുണ്ട്. അമ്മതൻറ്റെപണിപ്പുര ലക്ഷ്യം വെച്ചു തിരിച്ചു നടക്കുമ്പോഴേയ്ക്കും കുറ്റബോധം എന്നെ തട്ടിയുണർത്തിയിരിക്കും.
എൻറ്റെയമ്മയ്ക്കു പത്താംതരംവരയേ പഠിപ്പുള്ളായിരുന്നുവെങ്കിലും പതിനൊന്നാംതരത്തിൽ പഠനവിഷയങ്ങൾതിരഞ്ഞെടുക്കുവാൻ എന്നെ സഹായിയിച്ചിരുന്നു.'മോളെ സയൻസ് എടുത്താൽ നല്ലതല്ലേ? മോൾക്കിഷ്ടമുള്ളത് പഠിച്ചോളു” എന്നു മാത്രം അമ്മ പറഞ്ഞു.
എൻറ്റെയമ്മ എന്നെന്നുമെനിക്കൊരു പ്രചോദനമാണ്.നിങ്ങൾക്കുതോന്നിയേക്കാം മാതൃകാ മാതാവായിരുന്നോഎൻറ്റെയമ്മയെന്ന്. അതെ ഒരുമാതൃക തന്നെ എല്ലാഅമ്മമാർക്കും എൻറ്റെയമ്മ. ഒരുവൈടൂര്യംതന്നെയാണ്.മറ്റാർക്കുംഅവകാശപ്പെടാൻ പറ്റാത്ത പത്തരമാറ്റ്.
അമ്മയുടെ കരുത്തും കരുതലും കാരണമാകാം ചെറുപ്രായത്തിൽ തന്നെ എനിക്കൊരുതരം ഇരുത്തം സിദ്ധിച്ചിരുന്നു.
എൻറ്റെ സമപ്രായക്കാരുൾപ്പെടെ എല്ലാവരിലും അസൂയ ജനിപ്പിക്കുവാൻ തക്കവണ്ണം നന്മമാത്രം നിറഞ്ഞതാണ് എൻറ്റെപൊന്നമ്മ. എത്രയെഴുതിയാലും തീരാത്തത്ര ഗുണങ്ങൾ പേറുന്ന എൻറ്റെയമ്മയുടെ ഈ മകൾ എന്നെന്നും ഭാഗ്യവതി തന്നെയാണ്.
ഈ ലേഖനംവായിക്കുന്നവർക്കു തോന്നാം അച്ഛൻ എൻറ്റെ കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നില്ലേയെന്ന്.ഉണ്ട്,തീർച്ചയായുംഉണ്ട്.അത് ഞാൻ പിറകെപറയാം.
പക്ഷേ, ഒരു വലിയ പക്ഷെ ഇടയിൽ നിൽക്കുന്നുണ്ട്. ഇതെല്ലാം തന്നെ എൻറ്റെ ആഗ്രഹപട്ടികയിലെ ഒന്നേ,രണ്ടേ,മൂന്നേ എന്ന ക്രമത്തിൽ ചേർത്തിട്ടുള്ള കാര്യങ്ങൾമാത്രം. ഇതെല്ലാം എനിക്കെന്റെ ജീവിതത്തിൽ കിട്ടിയിട്ടുണ്ട്. അമ്മയിൽ നിന്നല്ലെന്നു മാത്രം. എട്ടു വയസ്സിനു ശേഷം എൻറ്റെയമ്മ ഇങ്ങിനെയൊന്നും ആയിരുന്നില്ല.ഈ പറഞ്ഞ ഒരു കാര്യവുംഅതിനുശേഷം അമ്മചെയ്തുതന്നിട്ടില്ല. അമ്മയുടെ ഒരുപരിചരണവും എനിക്കുകിട്ടിയിട്ടില്ല. എന്നെയും എൻറ്റെപ്രിയപ്പെട്ടഅച്ഛനെയും, സ്നേഹനിധിയായ അമ്മൂമ്മയെയും,വീട്ടിൽ ഉപേക്ഷിച്ചിട്ട് അമ്മ വേറെ അഭയം തേടിപ്പോയി.
അമ്മയുടെ രീതികളും ആളുകളുടെ മുഖ ഭാവവും ശ്രദ്ധിച്ച എട്ടുവയസ്സുകാരിഎന്തോ മനസ്സിലാക്കിയതുപോലെ അമ്മയുടെകാലുകൾ പിടിച്ചു കരയുന്നുണ്ടായിരുന്നു. പാവം അവളുടെ അച്ഛനാണ് മുകളിൽപ്പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ ചെയ്യാറുള്ളത്.
അമ്മപോയശേഷം അച്ഛനുമറ്റൊരുവിവാഹം ഒരു തടസ്സവുമില്ലാതെ കിട്ടിയേനേം. എന്നാൽ അച്ഛൻ എനിക്കുവേണ്ടി മാത്രംജീവിക്കുന്നു.അച്ഛൻ എനിക്ക് അമ്മയാണ്,അച്ഛനാണ്. തീർച്ചയായും എന്റ്റെ അമ്മൂമ്മയും എന്റ്റെസ്വത്തു തന്നെ. എട്ടുവയസ്സിനു ശേഷമുള്ള എല്ലാക്കാര്യങ്ങളും എന്റ്റെ
അച്ഛനെന്ന അമ്മ ചെയ്തു തന്നിരുന്നതാണ്.
ചിലപ്പോഴെങ്കിലും അമ്മയേക്കാണാൻ ആഗ്രഹിച്ചിരുന്നു ആ എട്ടു വയസ്സുകാരി. അപ്പോഴെല്ലാം അമ്മൂമ്മ പറയും 'അമ്മആകാശത്തിൽ ഉണ്ട്. മോള് മുകളിലേയ്ക്ക് നോക്കിക്കോളൂ.ആ നക്ഷത്രം നിൻറ്റെയമ്മയാണ്." അതുവിശ്വസിച്ച് അനന്തവിഹായസ്സിലെയ്ക്ക് മിഴികൾ നട്ടിരുന്നു അവൾ, ആ നിസ്സഹായ.
മഴയെങ്ങാൻ പെയ്താൽ, ഇടിയൊക്കെ മുഴങ്ങിയാൽ ആ ചെറിയകുട്ടി ഓർക്കും," അമ്മ മഴ നനഞ്ഞ് പനിയെങ്ങാൻ വന്ന് ഇനിഅവിടെനിന്നും പോകുമോ? പനി വന്നല്ലേ ഞങ്ങളെ വിട്ടു പോയത്?”
“ഇശ്വരാ അമ്മയെ കാത്തോളണമേ"എന്നവൾ നിശബ്ദം പ്രാർത്ഥിച്ചിരുന്നു. എട്ടുവസ്സിലും ഇന്നത്തെ പതിനെട്ടാംവയസ്സിലുംഅവൾ അമ്മയുടെ സാരി അലമാരയിൽ നിന്നുമെടുത്ത്, അതുടുത്തുകണ്ണാടിയിൽ നോക്കും. അമ്മയിങ്ങനെ എങ്ങാനും ആണോഉണ്ടാവുക എന്ന് ചിന്തിക്കും. ഇന്നവൾക്കു സത്യം അറിയാമെങ്കിലും ആകാശത്തിലേയ്ക്ക് നിർന്നിമേഷയായിനോക്കിനിൽക്കുവാൻ പഠിപ്പിൻറ്റെ തിരക്കിലും അവൾ സമയം കണ്ടെത്തുന്നു.
"ഇനി പറയൂ, ഞാൻ വിവരിച്ചനന്മനിറഞ്ഞ അമ്മ ഇപ്പോൾ എൻറ്റെയച്ഛനല്ലേ?”
നന്ദി,നമസ്കാരം!
നിർത്താതെ കരഘോഷം.