ചുവടുവച്ചു  മെല്ലെപ്രൗഢ,
ചുവന്നവക്ത്രം, സന്ധ്യാദേവി,
കാവിവർണ്ണച്ചേല ചുറ്റി, 
ഭാവം കാട്ടി  സുന്ദരിയെത്തി.   
 
 പ്രഭാതേമണി ആറുമുതൽ,      
പ്രദോഷത്തിലെയാറുവരെ,     
തക്കംനോക്കി  പാർത്തിരുന്നു,
ചെങ്കതിരോൻ്റെ    യാനനേരം.
 
കേശംകെട്ടി പൊട്ടുതൊട്ടും
ലേശം ഗന്ധത്തൈലവും പൂശി,
പവിഴവർണ്ണ  പൗടറുമിട്ട്,
കവിതപോലേയാഗമിച്ചു.
 
അരികിലെത്തി അന്തിദേവി,
നാരികൾ വേല  നിർത്തിവച്ചു. 
വരവേൽക്കാനായ് ലോകരെല്ലാം
ആരതി ചെയ്തു ശ്രദ്ധാപൂർവം.
 
കളികൾ നിർത്തി പൈതൽകൂട്ടം  
കളഭം പൂശി ഭക്തിയോടെ.
ചെറ്റെന്നവർ  ജപംതുടങ്ങി,
ചുറ്റിലെല്ലാം  മുഴങ്ങി നന്നായ്.
അന്തിയാദരമേറ്റുവാങ്ങി
അന്തിമലരി  നൃത്തമാടി.
നൻപിലുള്ള  നടനം പാർത്തു
വന്ദനം ചെയ്‌വൂ  നാനാദിക്കും.
 
 തിരികെയാത്ര,  തിരിഞ്ഞുനിന്ന്
ശിരോഭാരമഴിച്ചു ദേവി.
കൂരിരുളിൽ   പ്രപഞ്ചതാളം,
ഈരേഴുലകും   നിദ്രപുൽകി.
 
