Wednesday, September 2, 2020

വന്ദിക്കുന്നേൻ പ്രഭോ!

  


 

ശ്രീപരമേശ്വരാ! വന്ദിക്കുന്നേൻ പ്രഭോ!

തമ്പുരാനേ ശംഭോ  ശുഭാങ്കരാ!.

 നിൻ മുന്നിലിന്നൊരു സൂനമാകാൻ മോഹം,

 നിൻ ചരണത്തിൽ നമിച്ചിടുവാൻ.

 

ഭൂതിയേകീടാം ഞാൻ നിൻ ദർശനം വേണം,

ഭൂതി! നമിക്കാം ഞാൻ ഭക്തിയോടേ.

സത്യധർമ്മത്തിൻ വിചാരവികാരങ്ങൾ 

രക്തത്തിൽ വന്നു നിറഞ്ഞിടട്ടെ.

 

ത്രിപ്പാദം,ഞാനെന്നും മാനസത്തിൽ വയ്പ്പൂ 

മുപ്പാരിൻ നാഥാ!നീ കാത്തിടേണം.

പ്രാർത്ഥനാവിഭൂതി തൃപ്പാദേയർപ്പിക്കൂ, 

പ്രാരാബ്ധം മാറ്റി നീ ശാന്തിയേകൂ.

 

 ആർദ്രതാമാലേയം  നൽകൂ   നാഗധാരീ!

 ധാരചെയ്തിടാമാമേയം മാറ്റൂ.

ഭദ്രം മുള്ളുകളേ പുഷ്പങ്ങളാക്കണേ  

നിദ്രമുടക്കും ദു:ഖം മാറ്റണേ.    

 

പീഡകളേറ്റുവാങ്ങീടും മനസ്സിലേ    

പാടെല്ലാം മാറ്റിയാശ്വാസമേകൂ.

ഭക്തർക്കോ ആതങ്കമൊന്നും നല്കീടാതെ  

മുക്തിയേകൂതൂർണ്ണം ഭോലേനാഥാ!

 

മൻമനോജീവിതം പേറിടും നൗകയ്ക്കായ്     

ഉണ്മയാം സരിത്തു കാട്ടിത്തരൂ.   

ക്ഷിപ്രകോപത്താൽ പരീക്ഷവേണ്ടാ,പ്രഭോ!

ക്ഷിപ്രപ്രസാദീ! അനുഗ്രഹിയ്ക്കൂ.


4 comments: