Sunday, April 18, 2021

പുഷ്‌പാർപണം!


ശാന്തമ്മ മുറിവൃത്തിയാക്കി മുഖവും തുടച്ച് ഭർത്താവിന്റരികിലേയ്ക്കു വന്നു. 

“ഈ വീട്ടിലെ ജോലിയെല്ലാംകൂടിച്ചെയ്തുതളർന്നുപോകുന്നു ഞാൻ. കല്യാണി നല്ല സഹായിയായിരുന്നു. അവൾ പോയേപ്പിന്നെ ഭയങ്കരപാടാണെനിക്ക്,” ശാന്തമ്മ ഭർത്താവ് ഗോവിന്ദക്കുറുപ്പിനോട്.

നീയാരെയെങ്കിലും അന്വേഷിക്ക്.”

“ആ പുളിഞ്ചോട്ടിലേ വത്സല, ഭർത്താവിനോട് പിണങ്ങിയിങ്ങുപോന്നെന്നു കേട്ടു. അവളെ വിളിച്ചാലോ?”

"നീ തീരുമാനിച്ചോളൂ."

രണ്ടുമക്കൾക്ക് വേണ്ട കാര്യങ്ങൾ സ്കൂളിൽപ്പോകുംമുമ്പ് ഒരുക്കിക്കൊടുക്കണം, യൂണിഫോമുൾപ്പെടെ തുണി കഴുകണം,മുറ്റം തൂക്കണം, അകം തുടയ്ക്കണം, പാചകം ചെയ്യണം, പാത്രംകഴുകണം, അങ്ങനെയങ്ങനെ എണ്ണിയാത്തീരാത്തത്ര പണികളുണ്ട് ശാന്തമ്മയ്ക്ക്.

വത്സല വിളി കാത്തിരുന്നതുപോലെ, വരാൻ തുടങ്ങി. അവൾ  ദിവസവും രാവിലെ വന്നുജോലിചെയ്തു വൈകുന്നേരത്തോടെ മടങ്ങി. അവൾ നല്ലജോലിക്കാരിയായിരുന്നു.നല്ലപെരുമാറ്റവും. അതുകൊണ്ടുതന്നെ  എല്ലാവർക്കും  അവളെ ഇഷ്ടമായി. മൂന്നുനാലുവർഷങ്ങൾ  കഴിഞ്ഞപ്പോൾ മൂത്തകുട്ടി കോളേജിലായി ഇളയവൻ ഒൻപതാംക്ലാസ്സിലും. ഒരുതുക ഔദാര്യമെന്നതുപോലെ കൊടുത്ത്, വത്സലയെ ശാന്തമ്മ പറഞ്ഞുവിട്ടു. പിന്നീട് ആരെയെങ്കിലും ഇടയ്ക്കിടയ്ക്ക് വിളിച്ച് തൂപ്പുതുടയ്ക്കൽ പരിപാടികളൊക്കെ ചെയ്യിച്ചുപോന്നു.

ഇലകൾ കൊഴിഞ്ഞു, പൂക്കൾ കൊഴിഞ്ഞു, നാട്ടിലുണ്ടായിരുന്ന കുറെ ആളുകളൊക്കെ ഗൃഹത്തിലെ  താമസം മതിയാക്കി യാത്രാമൊഴിചൊല്ലി മറുലോകം  പ്രാപിച്ചു. ചെറുകുറുപ്പുമാരും, പഠിത്തവും ഉദ്യോഗവുമൊക്കെയായി ദൂരേയ്ക്കുപോയി.  അപ്പോളാണ് ശാന്തമ്മയറിഞ്ഞത് വത്സലയ്‌ക്ക്‌ മകനെ വളർത്തുവാൻ ബുദ്ധിമുട്ടുണ്ടെന്ന്. ശാന്തമ്മയ്ക്ക് ദയതോന്നി വത്സലയുടെ പന്ത്രണ്ടുവയസ്സുള്ള മകൻ ശങ്കരനെ കൂട്ടിക്കൊണ്ടുവന്നു. അടുത്തുള്ള സ്കൂളിൽ ചേർത്തു. പന്ത്രണ്ടിൽ പലതവണ പരീക്ഷയെഴുതി. പക്ഷേ  തോറ്റു.  ഇതിനിടയിൽ അവരുടെ ജ്യേഷ്ഠപുത്രൻ, സുധീഷ്  നാട്ടിലേക്ക്  സ്ഥലംമാറ്റം  വാങ്ങി കുടുംബവീട്ടിൽനിന്ന് അല്പമകലെ താമാസമുറപ്പിച്ചു.

എന്നും ഗോവിന്ദക്കുറുപ്പ് രാവിലെ പത്രവുമായി കസേര നീക്കി മുറ്റത്തിരിക്കും.അത് അദ്ദേഹത്തിന്റെ ഒരുപതിവുരീതി. വിസ്താരമേറിയ മുറ്റത്തിനപ്പുറം പറമ്പ്. നിറയെ തെങ്ങും കവുങ്ങും മാവും പ്ലാവും ധാരാളം വേറേ വൃക്ഷങ്ങളും. പലവർഗ്ഗത്തിൽപ്പെട്ടവയെങ്കിലും അവകൾ ഇളംകാറ്റും കൂടിച്ചേർന്ന് വലിപ്പച്ചെറുപ്പം വകവയ്ക്കാതെ, തമ്മിൽമുട്ടിയിളകിയാടിക്കളിക്കുന്നു. പൊക്കക്കുറവുള്ള വട്ടമരത്തിന് അൽപ്പം അസൂയയുണ്ടോ എന്ന് സംശയം. അതു കുള്ളനാണെല്ലോ. കുറുപ്പത് നോക്കിയിരിക്കും. അതൊരു വിനോദമാണ്. അതുകഴിഞ്ഞിട്ടദ്ദേഹം പത്രവായനയിൽ മുഴുകും.

അന്നും കുറുപ്പ് പത്രം കൈയിലെടുത്ത്  മുറ്റത്തിരുന്നപ്പോൾ പെട്ടെന്നെന്തോ ഒരുക്ഷീണം. ഒരുചെറിയനെഞ്ചുവേദനയും. അദ്ദേഹം കുഴഞ്ഞുവീണു.  ശങ്കരൻ ഓടിവന്ന് ഉറക്കേ എല്ലാവരെയും വിളിച്ചു. തൊട്ടടുത്തുതാമസിക്കുന്ന മൂത്തപുത്രൻ ഓടിയെത്തി. ആശുപത്രിയിൽ എത്തുമ്മുമ്പ്  കാര്യം കഴിഞ്ഞു.

വിദേശത്തുള്ള ഇളയമകൻ അടുത്തദിവസം എത്തിച്ചേരാൻ കാത്തു. 

അടുത്തദിവസം പൂമുഖത്ത്, നിലവിളക്ക്  കൊളുത്തിവച്ച് ഒരുവാഴയില നിവർത്തിയിട്ടു.   കുറുപ്പിന്റെ  ശരീരം കുളിപ്പിച്ചശേഷം  അതിൽക്കിടത്തി. പുഷ്‌പാർപ്പണത്തിനുള്ള സമയമായി. രക്തബന്ധത്തിലുള്ള പുരുഷന്മാരും ആൺകുട്ടികളും എല്ലാവരും കുളിയൊക്കെക്കഴിഞ്ഞെത്തി. കോടിയിടലിനുശേഷം പുഷ്‌പാർപ്പണത്തിനുള്ള ആഹ്വാനമെത്തി. ബന്ധുക്കൾ ബന്ധത്തിന്റെ മുറപ്രകാരം ഓരോരുത്തരായിവന്ന്  പൂക്കളർപ്പിച്ചു.

 ഇനിയാരെങ്കിലും പൂക്കൾ സമർപ്പിക്കാനുണ്ടോയെന്ന് നടത്തിപ്പുകാർ ചോദിച്ചു. ശങ്കരൻ ഒന്നുശങ്കിച്ച് മുന്നോട്ടുവന്ന് പൂക്കൾ കൈയിലെടുത്തു.

വെടിപൊട്ടുംശബ്ദത്തിൽ, "പോടാ, നിന്നെയാരും വിളിച്ചില്ല. ബന്ധുക്കൾമാത്രം പൂവിട്ടാൽ മതി," കുറുപ്പിന്റെ മൂത്തമകൻ സുധീഷ്.

പാവംശങ്കരൻ കരഞ്ഞില്ലെന്നേയുള്ളു. അവൻ വേഗം വീടിന്റെ പിറകിലേക്കുപോയി. കരഞ്ഞുതളർന്നിരുന്നെങ്കിലും ശാന്തമ്മ സുധീഷിനോടു പറഞ്ഞ് അവനെ  അവിടേക്കു വരുത്തി, പുഷ്‌പാർപ്പണം  ചെയ്യാൻ. അടക്കാൻ വയ്യാത്ത ശോകത്തോടേ  ശങ്കരൻ പുഷ്പങ്ങളർപ്പിച്ചു.

രാത്രിയായി. എല്ലാവരും തളർന്നുറങ്ങാനുള്ള തയ്യാറെടുപ്പിൽ. അപ്പോൾ ഇളയ മകൻ സുരേഷ്, " ചേട്ടാ, കഷ്ടമായിപ്പോയി, ശങ്കരനെ എല്ലാവരും കേൾക്കേ ശകാരിച്ചത്. അവൻ പൂക്കളിട്ടാലെന്താ? നമ്മുടെ വീട്ടിലെ ഒരംഗംപോലെയാണല്ലോ അവൻ? വത്സലചേച്ചിയുടെ മകനല്ലേ?”

സുധീഷ് അല്പം ശബ്ദം താഴ്ത്തി, " നീ വാ പറയാം.”

അവർ സ്വീകരണമുറിയിൽനിന്ന് അകത്തേക്കുപോയി.

“എടാ,  അവൻ ഇനി സ്വത്തിനവകാശവും പറഞ്ഞ്  വരും.”

“അതെങ്ങനെ? ആ ചേച്ചിക്ക് അന്നുപൈസയൊക്കെക്കൊടുത്തതാണല്ലോ വിട്ടത്. തന്നെയുമല്ല ഗൾഫിൽ  അവനൊരു ജീവിതമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കണമെന്നു എന്നോടുപറഞ്ഞിട്ടുണ്ടല്ലോ, അമ്മ.”

“എടാ അവൻ നമ്മടെ അച്ഛന്റെ  മകനാ. അമ്മയുമച്ഛനുംകൂടെ ശബ്ദം താഴ്ത്തി പണ്ടുവഴക്കിടുന്നത് ഞാൻ കേട്ടിട്ടുണ്ട്.” സുധീഷ്.

No comments:

Post a Comment