Tuesday, June 15, 2021

വാർദ്ധക്യം!

  

   ഭാഗം -2 


വൈഷമ്യൾക്കെല്ലാംതന്നെ മനുഷ്യൻ വിചാരിച്ചാൽ പരിഹാരമുണ്ടാക്കാo.   വൃദ്ധർ ഒരു ആത്മാവലോകനം(Introspection) ആത്മാർഥമായി നടത്തണം. പോരായ്മകൾ കണ്ടുപിടിക്കാൻ പറ്റും. സ്വന്തം പോരായ്മകൾ സ്വയം മനസ്സിലാക്കിയാൽ മറ്റുള്ളവരുടെ പോരായ്മകൾ സ്വന്തം കുറവുകളേക്കാൾ കുറവാണെന്നു മനസ്സിലാകും. വയസ്സേറുമ്പോൾ   മറ്റുള്ളവരോടു തോന്നുന്ന  ദ്വേഷവും  സ്വയം മറ്റുള്ളവരിൽനിന്നും അനുഭവിച്ചിട്ടുള്ള അധിക്ഷേപണങ്ങളും മണ്ണിൽ കുഴിച്ചിടണം.  അത് ചികയാൻ ശ്രമിക്കരുത്. മറ്റുള്ളവരിലെ നന്മ തിരിച്ചറിഞ്ഞു അവരെ ഇഷ്ടപ്പെടണം.  കുറെ പ്രശ്നങ്ങൾ ഇവിടെ സ്നേഹക്കുതിപ്പിൽ ഒലിച്ചുപോകും. സ്വയം ഇഷ്ടപ്പെടുക, സ്വയം സ്നേഹിക്കുക, വൃദ്ധ ജീവിതത്തെ അംഗീകരിക്കുക. വൃദ്ധാവസ്ഥ എത്താതെ കൊഴിഞ്ഞുപോകുന്ന ജീവിതങ്ങൾ എത്രയോ ഉണ്ട്. ഇശ്വരനോടു ഓരോ പുതിയ ദിവസവും സമ്മാനിച്ചതിനു നന്ദിപറയുക.


വൃദ്ധത രണ്ടാം ബാല്യമാണ്. പലർക്കും പ്രായമേറുന്തോറും വീണ്ടും ബാല്യപ്രശ്നങ്ങൾ പോലെ കാര്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. വിസർജ്ജന നിയന്ത്രണം കുറയുക, സാധനങ്ങൾ കൈയ്യിൽ നിന്നും വഴുതി വീഴുക, അറിവുകൾ കുറേയൊക്ക മറവിയിലേക്കു വീഴുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഏറും.  അങ്ങനെയുള്ളപ്പോൾ എല്ലാം മനസ്സിലാക്കി മറ്റുള്ളവർ ഒരു തന്മയീഭാവം കാണിക്കണം.


.വിഷാദരോഗികൾക്കു തുടക്കത്തിൽ തന്നെ ചികിത്സയോ, ഉദ്ബോധനമോ  (Counselling) നൽകണം.   അവരെ ഇതിനൊക്കെ വിധേയമാക്കുന്നു എന്ന് തോന്നിയാൽ അവർ  നിന്നു തരില്ല.  വളരെ സൗമ്യമായ രീതിയിൽ അവർക്കു മനസ്സിലാകാൻ പറ്റാത്തപോലെ  അല്പം നാടകീയമായി തന്നെ ഇവ  നൽകേണ്ടിവരും. വയസ്സരെ  അധിക്ഷേപിക്കുകയോ, പഴിക്കുകയോ, നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുത്. അവർക്കു വൈകാരികത (Sentiments) കൂടുതലാണ്.


  മക്കൾ, മരുമക്കൾ ഒക്കെ അവരുടെ ദൗർബല്യം മനസ്സിലാക്കി ഒരു പ്രോത്സാഹന രീതിയിൽ പെരുമാറണം. ഓർക്കുക, നാളത്തെ വൃദ്ധരാണ് ഇന്നത്തെ മധ്യവയസ്കർ. വയോജനങ്ങളും അവർക്കു പറ്റുന്ന രീതിയിലുള്ള  യോഗാഭ്യാസം, ധ്യാനം, പ്രാണായാമം തുടങ്ങിയവ ചെയ്യണം .   അവരുടെ മനഃക്ലേശം ഇല്ലാതാക്കാൻ സഹായിക്കും. 


ആരോഗ്യ കാര്യങ്ങളിൽ രോഗമില്ലാത്ത വൃദ്ധർ  സ്വയം ശ്രദ്ധിയ്ക്കുക.ആഹാരസാധനങ്ങൾ  കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടതു തള്ളുകയും ചെയ്യുക.ഉദ്യോഗസ്ഥകളാണ് കൂടെത്താമസിക്കുന്നവരെങ്കിൽ ഒരുകൈസഹായം അവർക്കു നൽകി അവരുടെ ഹൃദയം കവരാം.


ഗൃഹാന്തരീക്ഷം ഉല്ലാസഭരിതമാക്കാൻ പറ്റുന്ന സമയങ്ങളിൽ ഒന്നിച്ചാഹാരം കഴിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക, ആരോഗ്യം അനുവദിക്കുമെങ്കിൽ യാത്ര ചെയ്യുക, ഉല്ലാസ സാമഗ്രികൾ-ഫോൺ, ടി.വി, ലാപ്ടോപ്പ്, ചെസ്സ്, ക്യാരംസ്തുടങ്ങിയവയിലോ വീടിനകത്തോ, പുറത്തോ ഉള്ള അറിയാവുന്ന കളികളിലോ സമയം ചിലവഴിക്കുക, ബന്ധുജന വീട് സന്ദർശിക്കുക, സ്നേഹിതരെ അടുപ്പിച്ച് നിർത്തുക എന്നീ കാര്യങ്ങൾ സ്വയമോ മക്കളുടെ, ചെറുമക്കളുടെ സഹായത്താലോ ചെയ്യുക. വയസ്സ് കൂടുന്തോറും ഗ്രഹണശക്തി കുറഞ്ഞുവരും. ശരീരം ദുര്ബലമാകുന്നതിനൊപ്പം മനസ്സും ദുർബലമായിയെന്നിരിക്കും.


വൃദ്ധസദന ജീവിതമനിവാര്യമെങ്കിൽ വൃദ്ധർ അതുമായിപ്പൊരുത്തപ്പെടണം. മറ്റുള്ളവരെ  സഹയാത്രികരെപ്പോലെ  സ്നേഹിച്ചും അവരുമായി ചിന്തകൾ പങ്കിട്ടും ഉല്ലാസം കണ്ടെത്തണം. ആളുകളിൽനിന്നും അകന്നുനിന്നാൽ ഒറ്റപ്പെടും.  സാമ്പത്തികഭദ്രതയുള്ള മക്കൾ മാതാപിതാക്കളെ വൃത്തിയും വെടിപ്പുമുള്ള വയോസദനത്തിലാക്കിയാൽ അവർക്കു സ്വസ്ഥത തോന്നും. ഇവിടെ ലാഭനഷ്ടക്കണക്കുപുസ്തകം അടച്ചുവയ്ക്കണം.


ക്ഷമ, മൗനം എന്നിവ പ്രശ്നങ്ങൾ അലിയിച്ചുകളയുന്ന ലായകങ്ങളാണ്. ഇത് സ്നേഹസഹന കൂടിച്ചേരലിന്റെ സന്തതികളാണ്. സ്നേഹo കുടുംബബന്ധത്തിന്റെ കാതലും. കൂടാതെ സഹനo അല്ലെങ്കിൽ സഹിഷ്ണുത വളരെയേറെ പ്രശ്നങ്ങൾക്ക് ഒരു ഒറ്റമൂലികൂടിയാണ്.വീഴാതെ ശരീരം കാക്കേണ്ടത് വയോജനങ്ങൾ തന്നെയാണ്. കാരണം മക്കൾ  എത്ര സഹായിച്ചാലും വരുംവരായ്കകൾ അവർ തന്നെ അനുഭവിക്കണം.


മനസ്സ് എന്തെങ്കിലും അർത്ഥവത്തായ കാര്യങ്ങളിൽ മുഴുകിയാൽ വിഷാദം, വിറവാതം, മറവി രോഗം എന്നിവ ഒരു പരിധിവരെ നിയത്രണാധീനം.പലരോഗങ്ങളും പ്രതിരോധശക്തിയുള്ളവരിൽ കടക്കാൻ മടിക്കും. അതുകൊണ്ട് ആഹാരം, ജീവിത ശൈലി തുടങ്ങിയവ പ്രതിരോധ ശക്തി വർധിപ്പിക്കാൻ ഉതകുന്നതാകണം, പ്രത്യേകിച്ച് വായോകാലത്തിൽ. 


 ഇന്ന് വൃദ്ധർ  കുറെയൊക്കെ മനസ്സിന്റെയും തനുവിന്റേയും  ആരോഗ്യം നിലനിർത്താൻ ചെറുപ്പമായ ആളുകളേക്കാൾ ശ്രദ്ധിക്കുന്നുണ്ടെന്നുള്ളതൊരു വസ്തുത.

ശ്രവണം കുറഞ്ഞവർ അതിനുള്ള സാമഗ്രികൾ(Earphone) ഒക്കെ ഉപയോഗിക്കുക. ശസ്ത്ര ക്രിയയാൽ ശരിയാകുമെങ്കിൽ അങ്ങനെയും. കാഴ്ച ശക്തിയും ശസ്ത്ര ക്രിയയാൽ ശരിയാകുമെങ്കിൽ അത് ചെയ്യണം. അല്ലെങ്കിൽ ശ്രവണേന്ദ്രിയത്താൽ കിട്ടുന്ന വിനോദത്തിലേർപ്പെടുക.


പ്രഭാഷണമോ, നാടകാഭിനയമോ, നൃത്തമോ, പാട്ടോ-പാടുക, കേൾക്കുക, എന്നിവ  പറ്റുന്നവർ സമൂഹ കൂട്ടായ്മയിലോ, കുടുംബയോഗ സദസ്സിലോ ഒക്കെ  ചെയ്യണം. വായന,വര,എഴുത്ത് തുടങ്ങിയവയിൽ വ്യാപൃതരായാൽ മനസ്സിനെ ആനന്ദഭരിതമാക്കാം.  മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുതോന്നേണ്ട ആവശ്യമില്ല.  മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത്തിടത്തോളം അവനവന്റെ സംതൃപ്തിയാണ് പ്രധാനം.


 എഴുതുന്നവർ ധാരാളമുണ്ട്. എന്നാൽ അവർ മറ്റുള്ളവരെ കാണിയ്ക്കാൻ പറ്റിയവയാണോ എന്ന സംശയത്താൽ അവ മറ്റുള്ളവർക്ക് ഇന്ദ്രിയവിഷയമാക്കാറില്ല. കഥയ്ക്കു നിലവാരം മതിയോ, കവിതയുടെ അര്‍ത്ഥം ശരിയോ, വൃത്തം ശരിയോ, ലേഖനത്തിന്റെ സാരാംശം നന്നോ എന്നു സംശയം വേണ്ട. ഏതെങ്കിലും മാധ്യമങ്ങളിൽ പ്രകാശിപ്പിച്ചാൽ, ആരെങ്കിലും ഒക്കെ ഇഷ്ടപ്പെടും. If own judgement satiates you, you can go ahead. വൃത്തമില്ലാതെയും നല്ല കവിതകൾ എഴുതാം.. വൃത്തത്തിലെഴുതുന്നതെല്ലാം കവിതയാകണമെന്നില്ല എന്നു പാണിനി പോലും പറഞ്ഞിട്ടുണ്ടെന്നാണറിവ്. ശരിയോ എന്നറിയില്ല. ഏതായാലും എല്ലാ വൃദ്ധരും സർഗ്ഗശക്തികാട്ടിക്കോളൂ. മാനസികപിരിമുറുക്കം കുറയ്ക്കാം. സമയം അർത്ഥപൂർണ്ണമാക്കാം.


ഇതിനൊക്കെ പുറമെ ഏതെങ്കിലും സാമൂഹിക കൂട്ടായ്മയിൽ അതായത് എഴുത്തുപുരപോലെയുള്ളവയോ   സംഗീത സദസ്സ്, നൃത്ത വേദി, നാടക കളരി, വയോജന നർമ്മ സല്ലാപ സംഘം, തുടങ്ങിയവ സംഘടിപ്പിക്കുകയോ, ഉള്ളവയിൽ ഭാഗഭാക്കാവുകയോ ഒക്കെ ചെയ്താൽ പ്രായവും, ശാരീരിക അസ്വസ്ഥതകളും പമ്പ കടക്കും.


പിന്നെ അറിയാമല്ലോ, എല്ലാത്തിനുമുപരി ഈശ്വരവിശ്വാസം. വൈഷമ്യഘട്ടത്തിൽ ഉള്ളിലിരിക്കുന്ന ഈശ്വരനെ അറിയുക. അദ്ദേഹവുമായി സംവദിക്കുക. മനസ്സിന്റെ ഭാരം ലഘൂകരിക്കാൻ പറ്റും. പ്രാർത്ഥന വഴി കിട്ടുന്ന സംതൃപ്തിയും സമാധാനവും അവർണ്ണനീയം.


 എല്ലാവർക്കും ആകെയുള്ള ഒരു ജീവിതം വൃദ്ധരായാലും യുവാക്കളായാലും വിവേകപൂർവം അർഥവത്താക്കിമാറ്റുക. നാമിവിടമൊഴിയുമ്പോൾ മറ്റുള്ളവർ നമ്മെ വെറുപ്പോടെ മറക്കുന്നതിനു പകരം വല്ലപ്പോഴുമെങ്കിലും സന്തോത്തോടെ ഓർക്കട്ടെ. You can’t go back and change the beginning, but you can start where you are and change the ending. ഓർക്കുക രൂപം, സൗന്ദര്യം, സമ്പത്ത്, ഒക്കെ ഭൂമിയുടെ പ്രദക്ഷിണത്തിനൊപ്പം അപ്രത്യക്ഷമാകും. Old-age is gold-age and hence let it not be rolled-gold.


പിന്നെ ഇന്നത്തെ കാല കോലാഹലത്തിൽ സ്വയരക്ഷക്കായി കൈകൾ കഴുകുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക.

 

-ശുഭം-


No comments:

Post a Comment