Friday, May 6, 2022

കർണ്ണികാരപ്പൂക്കൾ !

നോക്കില്ല ആരോരും എന്നുടെ ആകാരം,
വാക്കില്ല ചൊല്ലുവാൻ മന്മനോ ആതങ്കം.
ഞാൻ പെറ്റകുഞ്ഞുങ്ങൾ അഞ്ഞൂറ്റിപ്പതിനഞ്ച്,
പൊൻവർണ്ണകുർത്തയിൽ എൻഹൃത്തിൽ സുന്ദരർ.
കിങ്ങിണിതൂങ്ങുമ്പോൽ എന്റെശിരസ്സി,ന്മേൽ,
തൂങ്ങിച്ചാഞ്ചാടുന്നു കുഞ്ഞിളം കാറ്റൊപ്പം.
എന്നൂർജ്ജമവരെന്നും, അൻപുള്ള മക്കൾ,
എന്നാലോ, നിർണ്ണയം ആരും ശ്രദ്ധിക്കില്ല.
നിത്യമെൻ കുഞ്ഞുങ്ങൾ നിർമ്മലച്ചിരിയാൽ,
സത്യമാം മിത്രനെ വരവേൽക്കാൻ തയ്യാർ.
എൻചാരെ നീരിൽ നിന്നീടുന്ന പദ്മത്തെ
എന്മുന്നിൽ വന്നവൻ ഗാഢമാശ്ലേഷിയ്ക്കും.
ആകാശനിറമില്ല, ഭൂവർണ്ണമില്ലല്ലോ,
ആഴിപ്പരപ്പിന്റേ നീലിമയു,മില്ല,
മാലോകർ ചിന്തിപ്പൂ, 'പീതവർണ്ണമല്ലേ,
മഞ്ഞപ്പിത്ത ബാധ ബാധിച്ചതു മാകാം.'
പൂമണമില്ലേലും പൂന്തേൻ നുകരുവാൻ
പൂമ്പാറ്റ എമ്പാടും പാറി,പ്പാറിവരും.
ആകാശക്കീറിന്നു ഭേദഭാവമില്ല,
ശാഖികൾക്കിടയിലൂടൂറിച്ചിരിക്കും.
എൻപാദം ഭൂമാതാ നിത്യം തലോടുന്നു,
‘തൻകുഞ്ഞുപൊന്നുതാൻ', കാകൻ മാതാവു പോൽ.
താരങ്ങൾ തിങ്കളും തുല്യത കാണിപ്പൂ.
നീരദം പനീരു തൂകി മാറിൽച്ചേർപ്പൂ.
എന്നുടെ നൽപ്പാതിയായ വിഷു,വരും,
അന്നാണെൻ മക്കൾതൻ മാഹാത്മ്യഘോഷം.
മർത്യലോകം ചുറ്റും ഓടിനടക്കുന്നു,
കർണ്ണികാരപ്പൂ കണിയ്ക്കായി കിള്ളീടാൻ.
എന്തുപ്രതിഫലം ആയാലും നൽകീടും,
എത്രദൂരം വരെപോകണേലും പോകും.
കൃഷ്ണ ഭഗവാന്റെ വാത്സല്യം നുകരാൻ,
കാർണികാരപ്പൂക്കൾക്കന്നു മഹാഭാഗ്യം.
എന്റെ നിണത്തിൽപ്പിറന്ന കൊന്നപ്പൂക്കൾ,
പുണ്യവിഷുവിന്റെ ആത്മാവിൻ അംശം.
ഏതൊരു ശ്രേഷ്ഠനും ക്ഷാമത്തിലെത്തീടാം,
ഏതൊരുശ്വാവിനും ഉണ്ടാമൊരുദിനം.

No comments:

Post a Comment