Saturday, April 30, 2022

ശ്രാദ്ധദിനം!

 

 

ചന്ദ്രകുമാർ ചന്ദ്രികാദേവിയുടെ മൂത്തമകൻ. അയാളുടെ അച്ഛൻ നല്ലപാതിക്കു നൽകിയിരുന്ന കരുതൽ-മൂത്തമകന്റെ നല്ലനാമം.

 ചന്ദ്രന്റെ ചിന്തകൾ ഒരാണ്ട്  മുന്നേയ്ക്കു പറന്നുപോയി," അമ്മ, വളരെ പ്രസന്നതയും ചുറുചുറുക്കും ഉള്ള ഒരു വ്യക്തിയായിരുന്നു. നാട്ടിൻപുറത്തിന്റെ ഊഷ്മളതയിലും അയൽവക്കക്കാരുമായുള്ള അടുപ്പത്തിലും അമ്മ അതീവ സന്തുഷ്ടയായിരുന്നു.”

അയാളും അനുജന്മാരും കുടുംബങ്ങളും കൊച്ചിയിൽ പല സ്ഥലങ്ങളിൽ. പട്ടണത്തിൽ നിന്നും എല്ലാവരുമെത്തിയാൽ പിന്നെ  ഒരു മേളമാണ്.

എടാ വാസവാ, നീയാ മേലോട്ടു ചന്തയിൽ ചെന്ന് കുറച്ചു നീറുമീൻ വാങ്ങി വരണം. ചന്ദ്രന് ഭയങ്കര ഇഷ്ടവാ കൊളമീൻ.”

എടീ ഓമനേ, നീയാ മീൻ നല്ലപോലെ വെട്ടിക്കഴുകി വറത്തരച്ച് വയ്ക്കണം.”

ഇങ്ങനെ അവരുടെ സംസാരം വീട്ടിൽ നിറഞ്ഞു നിന്നു.

കുട്ടികളുടെ ഓട്ടവും ചാട്ടവും ചന്ദ്രികാദേവി നേരത്തെതന്നെ തയ്യാറാക്കിയിട്ടുള്ള ഊഞ്ഞാലിലെ ആട്ടവും എല്ലാംകൂടി  വളരെമേളമുള്ള ദിവസങ്ങൾ. പട്ടണത്തിലെ പിള്ളേർക്ക് വിശാല പറമ്പും വൃക്ഷങ്ങളും ഇപ്പോളും സൂക്ഷിക്കുന്ന വച്ചാരാധനയുള്ള കാവും കുളവും ഒക്കെ വലിയ വിനോദോപാധികൾ. അണ്ണാന്റെ പിറകെ ഓട്ടപ്പന്തയവും, കിളികൾക്കൊപ്പം ഗാനമേളയും എല്ലാം അവരുടെ വിനോദപട്ടികയിലെ അംഗങ്ങൾ. മണൽത്തരികൾ പുഞ്ചിരിയോടെ എല്ലാ കുസൃതികൾക്കും നിന്നുകൊടുത്തു.

 ഇളയ അനുജന് നിർബന്ധം,” അമ്മയെ ഞങ്ങൾ മൂന്നാളും കൊണ്ടുപോയി മാറിമാറി താമസിപ്പിക്കാം.”

 ചന്ദ്രനും ചിന്തിച്ചു, “അമ്മയെ എത്രനാൾ അയല്വക്കക്കാരുടെ കാരുണ്യത്തിൽ നിർത്തും. അച്ഛൻ മരിച്ചിട്ടു അഞ്ചുവർഷമായി.”

 മക്കൾ ഏറെ നിർബന്ധിച്ചപ്പോൾ കുറച്ച് നാളേയ്‌ക്കെന്നു പറഞ്ഞ് അമ്മ കൂടെപ്പോയി. കുറച്ചുനാൾ മൂത്തമകന്റെ വീട്ടിലും പിന്നീട് അനുജന്മാരുടെ വീട്ടിലുമായി മാറിമാറിക്കഴിഞ്ഞു.

ഒരുദിവസം, “ ചന്ദ്രാ, മോനെ, ഇനി ഞാൻ തിരിച്ചുപോകട്ടെ. നിങ്ങൾ എല്ലാവര്ക്കും സൗകര്യപ്പെടുന്ന ദിവസം നോക്കി നമുക്ക് പോകാം,” അമ്മ ഇളയ മകന്റെ വീട്ടിൽ നിന്നും ഫോണിൽക്കൂടെ.

അത്, അമ്മെ പിന്നെ....അമ്മെ ...”

അതെന്താ ലീവുകിട്ടില്ലേ ?”

അതല്ല, ശ്രീജേഷ്... ശ്രീജേഷ്… വീടും  സ്ഥലവും വിറ്റു. അവനവിടെ ഒരു പ്ലോട്ടുനോക്കിവച്ചിട്ടുണ്ടെന്ന്. അല്ല, അതവിടെ കെടന്നിട്ടെന്തു ചെയ്യാനാ?”

ചന്ദ്രനു വീട് വിൽക്കാനിഷ്ടമില്ലായിരുന്നുവെങ്കിലും അനുജന്റെ പക്ഷം പറഞ്ഞു. അനുജന്മാരുടെ  വഴിയിൽ മുള്ളുപാകുന്നത് അയാളുടെ കോപ്പയിലെ ചായയല്ലായിരുന്നു.

 “ഞാൻ എന്റെ പൊന്നുമക്കളിലുള്ള വിശ്വാസം കൊണ്ടാ വീതം വച്ചത്. ഞാൻ ഈവീട്ടിൽ ഉണ്ടായിരുന്നിട്ട്…അച്ഛൻ പറഞ്ഞതാ-വീട് നീ നിന്റെ പേരിൽ നിലനിർത്തണമെന്ന്. എനിക്കും… അച്ഛന്റെ കൂടെ… അവിടെ....,”  അമ്മ വാചകങ്ങൾ മുഴുമിപ്പിച്ചില്ല.

അവർ എന്തോ, ഉടൻതന്നെ ഒന്നും മിണ്ടാതെ കിടക്കമുറിയിലേയ്ക്കുപോയി.

 "ചന്ദ്രാ നീ വന്നെന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോകൂ," രണ്ടുദിവസം കഴിഞ്ഞ്, വളരെ നേർത്ത ശബ്ദത്തിൽ ചന്ദ്രികാദേവി ആവശ്യം പ്രകടിപ്പിച്ചു .

ചന്ദ്രൻ പോയി അമ്മയെ സ്വന്തം വീട്ടിലേയ്ക്കു കൊണ്ടുവന്നു.

അവരുടെ സംസാരരീതിയുടെ അലകും പിടിയും മാറി വരുന്നുണ്ടായിരുന്നു. ആർക്കുമത് ദൃശ്യമായില്ലെന്നു മാത്രം. കറികളുടെ പൊടിക്കൈകൾ മരുമകളുമായി പങ്കുവയ്ക്കുകയും കുട്ടികളുടെ പാഠഭാഗങ്ങളിലെ അറിവ്, അമ്മയുടേതായ അളവുകോൽ ഉപയോഗിച്ച്  അളക്കുകയുമൊക്കെ ചെയ്തിരുന്ന അമ്മ, അവരോടുപോലും  വെറും കാര്യമാത്രപ്രസക്തമായി  സംസാരിച്ചു. പത്രവായന നിർബന്ധമായിരുന്ന അവർ അതൊക്കെ വല്ലപ്പോഴും ചെയ്തെങ്കിലായി.

അവർ സ്വയം നെയ്തെടുത്ത കൂടിനുള്ളിൽക്കയറി, അച്ഛനുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോലെ പഴയകാര്യങ്ങൾ പറയുന്നത് കേൾക്കാമായിരുന്നു. മക്കൾ എത്ര ശ്രമിച്ചിട്ടും പഴയ വാക്ക്‌ചാതുരിക്കുപ്പായമണിഞ്ഞില്ല. അതവരുടെ ലൗകികത്തിനോടു മുഖം തിരിച്ചുള്ള ഒരു രീതിയുടെ തിരഞ്ഞെടുപ്പ്, അല്ല ആരംഭമായിരുന്നു.

ഇതിനിടയിൽ തനിയെ അകലെയുള്ള ഒരു ആശ്രമത്തിലേക്കു താമസം മാറ്റാൻ വേണ്ട തയ്യാറെടുപ്പും നടത്തി. പക്ഷേ ആരോഗ്യം ക്ഷയിച്ചു വന്നത്, ആരുടേയും കണ്ണിൽപ്പെട്ടില്ല. അവരുടെ മുഖം ആളുകളുടെ മുന്നിലേയ്ക്കെത്തിക്കാതിരിക്കാൻ അവർ ശ്രദ്ധവച്ചിരുന്നതിനാൽ, അത് ചൊല്ലിയ ക്ഷീണകഥകളും  ആരും കേട്ടില്ല.

ഇന്ന് അമ്മയുടെ ശ്രാദ്ധദിവസമാണ്. രാവിലെ തന്നെ ബലിയിടൽ കർമ്മം പൂർത്തിയാക്കാൻ ചന്ദ്രൻ തയ്യാറായി. അയാളുടെ കണ്ണുനീർ അനുസരണയില്ലാതെ പുറത്തേയ്ക്കു ചാടാൻ വെമ്പിനിന്നു.

എല്ലാവരും ബലിച്ചടങ്ങുകൾ നിർന്നിമേഷരായി നോക്കി തൊഴുതു നിൽക്കുന്നു. മൂത്ത മകൻ ചടങ്ങുകൾ ഓരോന്നോരോന്നായി സാവധാനം പൂർത്തിയാക്കി. അവസാനമായി കുമ്പിട്ടു തൊഴുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട്‌, കുറേനേരം സ്ഥിതിയിൽ തുടർന്നു. സമയം അതിക്രമിക്കുന്നു. അയാളെന്തേ നിവരാത്തത്?

No comments:

Post a Comment