Monday, August 13, 2012

ആരുടേതായിരിക്കാം!

പത്രത്താളിൽ വാർത്തവായിക്കാനായി ഞാൻ

ചാരുകസേരയിൽ ചാഞ്ഞിരുന്നു.

നിദ്ര തലോടി സമീപേയണഞ്ഞെന്നെ,

ഭദ്രംഅറിഞ്ഞീല കൂമ്പിയക്ഷി.


ജാഗ്രതമാഞ്ഞപ്പോൾ ഉള്ളത്തിലെത്തിയ

വിഗ്രഹം ആരുടേതായിരിക്കാം?

ജാഗ്രതവന്നപ്പോൾ ശീലച്ചുഴികളിൽ

 തപ്പിത്തപ്പി ഞാൻ പരതിനോക്കി.


കുഞ്ഞിക്കാൽ പിച്ചയാൽ വീഴുവാൻ പോയപ്പോൾ

കൈചേർത്തു നിർത്തിയ മാതാവാകാം!

അല്ലെങ്കിലോ ഗൃഹേ സഹായം നൽകിയ

അപ്പുറംവീട്ടിലേ ചേച്ചിയാകാം!


കുട്ടിക്കാലച്ചൂരാൽ ഇളകിയ നേരത്ത്

ഉണ്മതെളിച്ച ഗുരുവുമാകാം!

അല്ലെങ്കിൽ ഞാൻചെയ്തയജ്ഞാതതെറ്റുകൾ

ആർദ്രം തിരുത്തിയ താതനാകാം.


മന്മനേയേറ്റൊരു നൊമ്പര ക്ഷതത്തിൽ

മെല്ലെയമൃതിട്ട പ്രിയനാകാം!

അല്ലെങ്കിലെന്നിലായ്  പങ്കംദർശിച്ചെങ്കിൽ

വെല്ലാൻ സഹായിച്ചമിത്രമാകാം!


ഗേഹത്തിൻ ഭാരത്താൽ ശിരസ്സങ്ങ് ചാഞ്ഞപ്പോൾ

സ്നേഹത്താൽ ചുംബിച്ച പുത്രനാകാം!

അല്ലെങ്കിൽ വല്ലാത്തനീണ്ടയുറക്കത്തെ

മെല്ലെ തളർത്തിയമുത്തിയാകാം!


പൊയ്പ്പോയ കാലത്തിന്‍  പാതയിലെങ്ങാനും

ചായ്വെന്നിൽ കാട്ടിയ മുഖവുമാകാം!

അല്ലെങ്കിൽ തുളുമ്പും കണ്ണീർക്കണങ്ങളെ

ഒപ്പിയെടുത്തൊരു   ബന്ധുവാകാം!


 വീഥിയിൽ സന്ദേഹംസംഭ്രാന്തിപൂണ്ടപ്പോൾ

പാഥേയമേകിയ  ശ്രീമാനാകാം!

അല്ലെങ്കിൽ  ദാഹജലത്തിൻ മോഹംതീർക്കാൻ

പാനീയമേകിയ മാന്യയാകാം!


ഓരോരോ ആനനം സ്‌മൃതിയൽ കടന്നപ്പോൾ

ഓർമ്മയിൽ വന്നൊരു നീതിശാസ്ത്രം.

ജീവിത പന്ഥാവിൽ ധാരാളം മാനവർ

ഭാവിയിൽ നമ്മെ തുണയ്ക്കും ദൃഢം.


മുന്നേറി പൊക്കോളൂ ശങ്കിച്ചു നിൽക്കേണ്ടാ

മാർഗ്ഗം തെളിയ്ക്കുവാൻ  ആരോ വരും.

 മഹാ ഗോളത്തിൽ നമ്മുടെ ഭൂവിടം

ഇന്നാരും  കൈയേറി പോയിട്ടില്ല.

4 comments:

  1. Lovely lines dear....very deep and profound!

    ReplyDelete
    Replies
    1. Thank you very much.Ample blessings from the Almighty for your ensuing new life.

      Delete
  2. The face of life.. or our experience with our life. Nice thought

    ReplyDelete
    Replies
    1. Thank you,Sreekutta.My view of this comment has become belated.

      Delete