Sunday, January 14, 2018

കാരുണ്യദീപം!



അയ്യപ്പസ്വാമീ നിൻ ദിവ്യ  ചരിതങ്ങൾ
അൻപോടു മണ്ണിൽ നിറഞ്ഞുനില്പ്പൂ.
ലോകശാസ്ത്രേ! തവ   പാദപങ്കജങ്ങൾ   
പാകിനിൽപ്പൂ ഭക്തമാനസത്തിൽ.

പന്തളരാജനാം, പാണ്ട്യ മഹാമന്നൻ, 
ചിന്തിതൻ  അനപത്യദുഃഖംമൂലം. 
കാന്താരംതന്നിലായ്  കണ്ടോരു ബാലനെ,  
 പുത്രനാക്കി നൽസന്തോഷപൂർവ്വം. 
  
കണ്ഠത്തിൽക്കാണായി ദിവ്യമൊരു മണി,  
പണ്ഡിതർ 'മണികണ്ഠൻ' നാമം നല്കീ.
ആനനം ദിവ്യൻറെ കാണുമ്പോൾ നിത്യവും, 
ആനന്ദത്താൽ ലോകർ നൃത്തമാടി. 


മാനസഭൂഷണമായ് മാറ്റി റാണിയിൽ 
മന്ത്രിതൻ ഏഷണീഭാഷ്യങ്ങളും.   
പോറ്റമ്മതന്നുടെ  കാപട്യരോഗത്തിൻ    
പെറ്റപുലിപ്പാലൗഷധംപോലും.

ആശങ്കയ്ക്കു  ഭയമയ്യനേപ്പുൽകുവാൻ,
ക്ലേശംവിനാ വീരൻ  കാടുതേടീ.
സുന്ദരവക്ത്രത്തിൽ   തോഷംനിറച്ചവൻ 
മന്ദിരം പുല്കി വ്യാഘ്രപ്പുറത്തായ്. 

വിസ്മയം  ചുറ്റിനുമായീ വന്നണഞ്ഞു,
തത്സമയേ കൂപ്പുകൈകൾ  പൊങ്ങീ.  
 അദ്രിയിലയ്യനൊരാലയജനനമായ്,
ഛിദ്രമനസ്സുകൾക്കാശ്രയമായ്.

ശബരീകാനനക്കുന്നിനു  മീതെയായ്, 
ആബാലവൃദ്ധം ജനം തൊഴാൻ  നിൽപ്പൂ. 
 സാലവൃന്ദങ്ങളുമാബാലവൃദ്ധരും 
ചേലെഴും ഭക്തിയിൽ മിഴി കൂപ്പൂ.

മന്ദസമീരനുമാടുന്നു ഭക്തിയിൽ  
മന്ദം  മൂളുന്നൂ  ചകോരം ഗീതം.
താളത്തിൽ   സസ്യങ്ങൾ ശിരസ്സങ്ങാട്ടുന്നൂ  
ഓളത്തിൽ   പത്രൻ   കരം കൊട്ടുന്നൂ 

 മക്കളെ  താരാട്ടും  അമ്മ വസുന്ധര,
 മൂകമായ്  അയ്യനാമം ജപിപ്പൂ .
മണികണ്ഠസ്വാമി , നിന്നിലെ   അദ്ഭുതം, 
വർണ്ണിയ്ക്കാൻ  വാക്കുകളില്ലായെന്നിൽ.
  
 ഞങ്ങൾതൻ ദർപ്പത്തെ മായ്ക്കണം ദിവ്യമായ് , 
ദർപ്പണേ  കാണണേ ശുദ്ധരൂപം.  
 കാരുണ്യദീപം ജ്വലിപ്പിക്കൂ ഞങ്ങൾക്കായ്
പാരിലായ്  ദ്വേഷത്തമസ്സു മാറ്റൂ.



  



















No comments:

Post a Comment