(വൃത്തം - ദ്രുതകാകളി)
എന്നുള്ളിന്നുള്ളിലായോടിയോർമ്മകൾ,
പിന്നിലൂടൊഴുകിയ ആണ്ടുകൾ താണ്ടി.
മന്നിലായ് നന്മകൾ നൽകിയ ഗേഹം
മാനസം 'ക്ലിക്ക്' ചെയ്ത ചിത്രമായി.
എന്നുമേ ഞങ്ങൾക്കു പെറ്റമ്മപോൽതാൻ,
വന്നവളെന്നാലെൻ വാസനം തൃപ്തം,
പാർത്തു ഞാൻ സ്നേഹസമൃദ്ധിയിലായി,
ഭർത്തൃ മാതാപിതാവേകീ നൽരക്ഷാ.
ലാളിത്യം കുമ്പിട്ട മാതാവു കാത്തു,
ഓളങ്ങൾ സൃഷ്ടിച്ച സുന്ദര വാസം.
കാർക്കശ്യമാർദ്രതയും താതൻ കാട്ടി,
പാരമൂട്ടീ പ്രേമം ഭർത്തൃസോദരർ.
ആഞ്ഞിലി ഗർവോടെ മേവുന്നൊരങ്കണം
പഞ്ഞമില്ലാതേകി വീടിനു ഭൂഷ.
കുമ്പിട്ടു നിൽക്കുന്ന ഒട്ടുമാവെല്ലാർക്കും
മാമ്പഴം മൈത്രിയിൽ വച്ചുനീട്ടി.
പത്രസമൃദ്ധമാം കൊച്ചു വൃക്ഷങ്ങൾ,
പ്രീതിയോടെ തമ്മിലുരുമ്മി ചെമ്മേ.
തൊട്ടാലോ വാടുന്ന മുള്ളുള്ള സസ്യം,
കാട്ടി ഹൃദ്യം ചിരി സുമങ്ങളാലേ.
പാർശ്വത്തിൽ നല്ലൊരു സാറ്റിൻറെ പർദ്ദ
വിശ്വസാമർത്ഥ്യംപോൽ നെൽപ്പാടമുണ്ട് .
പിച്ചിയോ കാണിച്ചു സുന്ദരീഭാവം
കൊച്ചുചെടിയെക്കാൾ ചേതോഹരിയെന്നും .
രാവിൻറെ വർണ്ണത്തിൽ പക്വങ്ങൾ പേറി
ഞാറകൾ താളത്തിലാടി നിൽപ്പായി .
'ഞാറയ്‌ക്കാട്ടേത്തെന്നു ശോഭിച്ചു നാമം,
ഞാണു തൊടുത്തു മൂല്യാംശുവെയ്യാൻ.
ആരുപോയാലും വിളിക്കുന്നു പ്ലാവ്,
അണ്ണാനും കുയിലും കാക്കയും മിത്രർ.
അൻപോടു കൊമ്പുകളെ സ്വന്തമാക്കി,
ആനന്ദപൂർവ്വം കേളിയാടീയവർ .
ഉമ്മറം വിട്ടങ്ങകത്തേക്കു പോയാൽ
പഞ്ചാര മണ്ണുള്ളയുൾമുറ്റം കാണാം.
പുത്തൻ ഗൃഹത്തിൻറെ ജന്മമുണ്ടായി,
പണ്ടത്തെയാലയമനാഥയായി.
ക്രൂരനാം മാരുതൻ താണ്ഡവമാടി
കാരുണ്യംകിട്ടാതെ ശവമായി വാസ്തു.
കാടുവളർന്നുള്ളിൽ, കാണുന്നു ക്ലേശം.
വീടു പൊളിയ്ക്കുന്നവേള ചൊല്ലാം വിട.
എന്നും യാഥാർത്ഥ്യത്തിൽ വയ്ക്കേണമോർമ്മ,
പിന്നിൽ കവാത്തായി മൃത്യുവുണ്ടെന്ന്.
പൊന്നായ ജീവിതം പാവനമാക്കാൻ,
നന്നാക്കാം ശീലങ്ങൾ കല്മഷം പോക്കാം.