കറുകറുത്ത കമ്പിളി!
വിണ്ണാംപെണ്ണു കുളിച്ചു തമിയിൽ
വേണം, കേശം കോതാൻ സമയം.
അഴിച്ചുമെല്ലെ ചാരുതയോടെ
മഴയാം കൂന്തൽ, താഴേയ്ക്കിട്ടു.
മാരിവാർമുടി ഒഴുകി വീണു
നാരീധരതൻ മീതെ വീണു.
അംബരത്തിൻ മുടിയുടെ നീരാൽ
അംബരം, നന്നായ് അലക്കീ രാവ്.
ഉരുണ്ടു സമയചക്രം പോയി,
ചാരിക്കിടന്ന് മയങ്ങി വാനം.
മേഘത്തലയണ നേരെയാക്കി
ലാഘവപൂർവ്വം തേടി നിദ്ര.
കറുകറുത്ത കമ്പിളിമൂടി
ഉറക്കംതേടി ജീവീവർഗ്ഗം.
രാവും പതിയെ സുഷുപ്തിപൂണ്ടു,
രാവിലെ രശ്മി വരുംവരെ.
ചരിഞ്ഞുകിടന്നു
പൂട്ടിമിഴി
താരങ്ങളും തിങ്കളുമെല്ലാം.
ഉറഞ്ഞുതുള്ളി പവനൻ നിന്നു,
ഊർജ്ജമധികം സഞ്ചയിച്ചു.
തേടീ വെളിച്ചമകത്തളത്തിൽ,
ചെടികളല്പം ചാഞ്ഞപോലെ.
പുഞ്ചിരിയഴകൊടു സമ്മാനിയ്ച്ച്
ചാഞ്ചാടുന്നു കുടമുല്ലപ്പൂ.
ഞാനെൻ കരങ്ങൾ നീട്ടിയതിനെ
മനം നിറയെ താലോലിച്ചു.
ആനനമതിൻറ്റെ ചുംബിച്ചു ഞാൻ
ആനന്ദത്താലതു തലയുമാട്ടി.
ഏടുകളൊതുക്കി,
അപരാഹ്നത്തിൽ
അടച്ചുവെച്ച ഗ്രന്ഥമെടുത്തു.
പടങ്ങൾ നോക്കി രസിച്ചുങ്കൊണ്ട്
തുടങ്ങി മെല്ലെ പാരായണം.
അയ്യോ വൈദ്യുതി നിന്നുപോയോ?
വായന തുടരാൻ സാധിയ്ക്കില്ല .
കഥയുടെ ശേഷം നാളേയ്ക്കായി
വ്യഥയോടെ ഞാൻ മാറ്റിവെച്ചു.
കരി പുരണ്ടോരന്തരീക്ഷം
ഗ്രന്ഥമെങ്ങിനെ വായിച്ചീടും?
ആർദ്രതയോടെ ശയ്യ വിളിച്ചു
നിദ്രയ്‌ക്കൊപ്പം ഞാനും പോയി.
അയ്യോ ചിന്ത വലംവെയ്ക്കുന്നു
ചെയ്യാനെന്ത് ഇരുളിൽ തനിയെ?
വാനവുംധരയുമുറക്കമായി
എനിയ്ക്കുമാത്രമുറക്കമില്ല.
വഴികാണാതെ മുഷിപ്പകറ്റാൻ
കുഴങ്ങിപ്പോയ് ഞാനെന്തുചെയ്യാൻ?.
വെളിച്ചമില്ല വായനയില്ല
വെളിയിലിറങ്ങാൻ വിഷമവുമാണ്.
പക്ഷെയുണ്ടൊരു വലയുടെ ലോകം
കഷ്ടം മാറ്റാൻ വിഭവമധികം.
ഫോണെടുത്തു തുറന്നു ' വാട്സ്ആപ്'
കാണാൻ ചേലുള്ള വിഡിയോയേറെ..
ഓരോന്നായി തുറന്നു രസിച്ചു
ഓരോന്നിലും മുഴുകിപ്പോയ് ഞാൻ.
ഒരുചെറുമയക്കം വന്നു തലോടി
ഒരുസ്വപ്നത്തിൽ വഴുതി ഞാനും.
Interesting
ReplyDeleteThank you,Shilpa.
ReplyDeleteNice
ReplyDeleteThanks.
ReplyDelete