Saturday, February 23, 2019

എന്റെ ഗ്രാമം!

അഴകാമെൻ കൊച്ചുഗ്രാമം!

 

 

കരുതലേകുംകേരളാo,     

അരുമമക്കളുണ്ടനേകം.

ഹരിതഭംഗി  ചേലചുറ്റി

പെരുമപേറി വിരാജിപ്പൂ.

 

പവിത്രമൊരു  സംജ്ഞനൽകീ    

അവളുടെയൊരോമനയ്ക്കായ്.

അഴകാമെൻ  കൊച്ചുഗ്രാമം

മിഴിവേറി ചിരിതൂകി.

 

കാടും  മേടും തോടും പാടോം

ചാടും പശുക്കുട്ടികളും.

ആടും  ശ്വാവും മാർജ്ജാരനും

കൂടുമ്പോളുണ്ടൂരിൽ ശോഭ. 

 

 കൊഞ്ചുംകാറ്റും കച്ചിക്കൂനേം

പുഞ്ചിരിക്കും പച്ചപ്പുല്ലും.

കൊച്ചുപിള്ളേരോടുംകുന്നും

കാഴ്ചയ്ക്കെന്നും മനോഹരം.


അമ്പലവയൽ  നൃത്തക്കാരും

ചമ്പാവിൻറ്റെ നെൽക്കതിരും.

ചെമ്പകവും  ചെമ്പരത്തീം,  

പിച്ചകവും സല്ലപിക്കും. 


മന്ദാരവും  തുമ്പപ്പൂവും

ചന്തത്തിൽച്ചാഞ്ചാടും പിച്ചീം

കാട്ടരുവിയമൃതൂറി

ഹൃദി കുടിവച്ചുവാഴും.

 

പാറിപ്പറന്നീടുംപ്രാവും

കാറിപ്പായുംകാകക്കൂട്ടം,

പാടുങ്കുയിൽ  കൂവുംകൂമൻ,

കൂട്ടുകൂടും, ഗ്രാമ്യദൃശ്യം.

 

ചെറുമികളും ചെറുമരും

ചേറിൽനിന്ന് വിയർക്കുന്നു.

അടിയാരും  തമ്പ്രാക്കളും 

കൂടുന്നുണ്ടു കൃഷിയിടേ.

  

അർദ്ധവയർ പട്ടിണിക്കാർ

അർത്ഥംവിനാ  ജീവിക്കുന്നു.

കുറവുകളേറെയുണ്ടാം,

കുറച്ചൊക്കെയാനന്ദവും.

 

സത്യാഗ്രഹ  മാർഗ്ഗമില്ല,

അത്യാഗ്രഹമില്ല തെല്ലും.

സഹാനുഭൂതിയേറെയുണ്ട്,

സഹജീവി പുമാന്മാർക്ക്.

 

മഹിമാപൂർവ്വം സ്നേഹഗീതം

മോഹന,ത്തിലുയർന്നീടും

അന്യരോടന്യത്തമില്ലാ

പുണ്യനാകമാണെൻ ഗ്രാമം.

 

പുതു,കാലത്തിരയിലായ്

സത്തുകളലിഞ്ഞുപോയി.  

കാടും മേടും കുന്നും കുളവും  

കൂടുകൂട്ടുംകിളിയും പോയി.

 

 അന്തകൻറ്റെ വാളിന്നിര, 

ചെന്തളിരും ചെന്താമരയും.

ചന്തoചാർത്തും മന്ദിരങ്ങൾ

നെഞ്ചിൽ മാതെ ചവുട്ടുന്നു.

 

ഇന്ദ്രജാലസ്വത്തധികം,

ഇന്ദ്രിയങ്ങൾ മയങ്ങുന്നു.

ഇന്ദ്രദേവൻ വന്നെന്നാലും,

ഇന്നുകിട്ടില്ലിരിപ്പിടം.

 

ശിക്ഷകളോ നാമമാത്രം

രക്ഷപ്പെടും  ധനികരെന്നും.

നിയമങ്ങൾ മാറീടേണം,

വായുവും വീശേണം സ്വസ്ഥം.

 

11 comments: