Wednesday, July 28, 2021

തുമ്പപ്പൂവ്!

 


 

'തുമ്പച്ചെടിതന്നിൽ  ചോറാരു വിതറീ?

ഇമ്പംനൽകീടുന്ന കാഴ്ച യതിഹൃദ്യം.

കമ്പമോടീവറ്റു കരങ്ങളിലേന്താം,

കുമ്പ ശൂന്യമാം പാവങ്ങൾ കൊതിതീർക്കും'.

 

'അല്ലല്ലോ കുട്ടാ! അതു തുമ്പപ്രസൂനം,  

വല്ലതും ചിന്തിച്ചു കനിഷ്ഠാ!  നുള്ളല്ലെ.

കല്ലിനേം  മുള്ളിനേം നെഞ്ചോടുചേർക്കുന്ന,

അല്ലലുകൾ ആറ്റും  പ്രിയമാം  കുഞ്ഞുപൂ.

 

മുത്തുമണിപോലേ  തൂമഞ്ഞിൻ  വർണ്ണത്തിൽ,

എന്തോരു ഹാരിത സ്മിതം തൂകും സുമം

ചിന്തിക്കു   ഓണവും  മന്നനും വരുന്നുണ്ട്,

ചന്തത്തിൽ നാം ബാലർ തീർക്കും മലർക്കളം'.

Thursday, July 15, 2021

കോവിടു മാരി!



(വൃത്തം-കല്യാണി) 


നോക്കൂ ധരിത്രിക്കു  കാന്താരമേറേ,

പൂക്കുന്ന സസ്യങ്ങൾ,  ജന്തുക്കളുണ്ടേ .

തക്കം ചികഞ്ഞങ്ങു   മർത്ത്യൻ  വസിപ്പൂ  

വയ്ക്കും   കുരുക്കും,  ജഗത്തിന്നു  നാശം.


സ്വന്തം കൃതങ്ങൾക്കു മാത്രം  ശ്രമിക്കും,

ചിന്തിക്കയില്ലാ ഭൂവിൻറെ  പീഡാ.  

രോഗത്തിനേകും   മനുഷ്യൻ  സുഖങ്ങൾ,

ആരോഗ്യമൊക്കെ  കടന്നങ്ങു പോകും. 


പങ്കം നിറയ്ക്കുന്നു, ലോകത്തിൽ  മൊത്തം,

പോകില്ലയെത്തീ  കൊറോണാണുജാലം.

 "മർത്ത്യൻറെ ജീവന്റെ ജന്മിത്തമെൻറേ, "

മൃത്യൂ  പറഞ്ഞൂ," വരുന്നുണ്ടു ഞാനും,"


പോക്കില്ലയെങ്ങും  പിടിക്കുന്നണുക്കൾ,

നാക്കില്ലയാർക്കും  ഭയന്നിട്ടൊരന്ത്യം. 

ക്ഷുദ്രാണു കാട്ടുന്നു  ക്രൗര്യത്തിൽ  നാട്യം,        

രുദ്രന്റെ   കോപിഷ്ഠനൃത്യത്തെ  വെല്ലും.


ഗേഹങ്ങളിൽ പോക്കു  ശൂന്യത്തിലായീ,

ആഹ്ളാദകാര്യങ്ങൾ  ചിത്തം ത്വജിച്ചൂ.

ശബ്ദം വിനായാട  സ്വാപത്തിലാണേ,

സ്വപ്‍നത്തിലേപ്പോലെ   തള്ളീവരുന്നൂ.


ആളേ  ഗ്രസിക്കുന്നു, രോഗം ഹനിക്കാൻ,

നീളേ  കിടക്കുന്നു ഗാത്രങ്ങളേറേ.

കാളുന്നയഗ്നിക്കു  നല്കാൻ തടസ്സം 

പാളുന്നു യത്നം, വിഷാദം വരുന്നൂ.


മാരീവിരാമം  പ്രയാസത്തിൽ നിൽപ്പൂ,

മാറില്ല പെട്ടെന്നു  രോഗം നിനയ്ക്കൂ.

വെട്ടീ മുറിക്കാനഴുക്കിൻറഹന്താ,

കട്ടയ്ക്കു  ശുദ്ധത്തെ മാനിച്ചു നിൽക്കാം,


ഓടിച്ചു  രോഗത്തെ ദൂരേയ്ക്കയക്കാം,

മാടീ വിളിക്കാം  മനസ്സിൻ  സുശാന്തം.

കേറട്ടെ  സ്വസ്ഥത  ചേതസ്സുതന്നിൽ,

ഊറട്ടെ  പഞ്ചാര ഹാസങ്ങൾ  ചുണ്ടിൽ. 

Tuesday, July 13, 2021

ആ കൈ!

        

 

രാവിലെ ഫ്രിഡ്ജിൽ നിന്നും പച്ചക്കറികളെടുത്ത് അവയും കത്തിയുമായി  കസർത്ത് കാട്ടുമ്പോൾ  സാവിത്രീ ദേവിക്കൊരു തലവേദനയും കുളിരും അനുഭവപ്പെട്ടു. രാവിലെയുണർന്നപ്പോൾമുതൽ അതുണ്ട്. ഇപ്പോൾ അൽപ്പം കൂടി വരുന്നുണ്ട്.   ഭർത്താവു ചന്ദ്രദാസുമൊത്ത് ആശുപത്രിയിൽ പോയി.  അങ്ങേരു ചീട്ടെടുക്കാൻ വരിയിൽ നിൽക്കുമ്പോൾ അവൾ അവിടെ ഒരു കസേരയിൽ ഇരുന്നു. ഇസ്ലാം മതത്തിൽപ്പെട്ട  ഒരു  അമ്മയും അച്ചനും ഏകദേശം ഇരുപതുവയസ്സുള്ള അവരുടെ  മകളാണെന്ന്തോന്നുന്ന ഒരുപെൺകുട്ടിയും  കൂടെ പുറത്തേയ്ക്കിറങ്ങുന്നത് അവരുടെ  ശ്രദ്ധയിൽ പെട്ടു. ഹിജാബ് ആ സ്ത്രീകളെ മറ്റുള്ളവരിൽ നിന്നും  മറച്ചുപിടിച്ചിരുന്നതുകൊണ്ട് അവരെ  ശരിക്കു കണ്ടില്ല. വളരെ അടുത്തുകൂടികടന്നുപോയപ്പോൾ കുട്ടിയുടെ  ഇടതുകരം മാത്രം കണ്ടു. നല്ല വെളുത്ത സുന്ദരമായ കൈ. കൈയുടെ ഉടമയെ സാവിത്രിക്കൊന്നു കാണണമെന്ന്ആഗ്രഹം തോന്നി. പതിയെ എഴുന്നേറ്റു വന്നപ്പോളേക്കും അവർ കാറിൽക്കയറി പോയിക്കഴിഞ്ഞിരുന്നു.

 

രണ്ട് വർഷം പിന്നിലേയ്ക്കുനോക്കിയാൽ ചന്ദ്രദാസും സാവിത്രീ ദേവിയും മകനും മകളും കൂടെ തിരുവനന്തപുരത്തു താമസമായിരുന്നു. അങ്ങേരൊരു  കേന്ദ്രഗെവണ്മെന്റു സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ. മഹാനഗരത്തിന്റെ ഒരു പ്രാന്തപ്രദേശം  അവർക്കു നല്ല ജീവിതസാഹചര്യം ഒരുക്കിക്കൊടുത്തു. വൃക്ഷലതാദികളും, കിളികൂജനങ്ങളും, വയലിറക്കത്തുള്ള താമസവും, കാറ്റും,കുളിരും എല്ലാം ചേർന്ന്   വീട്ടിലെ അന്തരീക്ഷത്തിനൊരു താളം സമ്മാനിച്ചു.

 

അവരുടെ ഇരട്ടമക്കൾ,അനന്ദുവും ആതിരയും ഡിഗ്രിക്ക് പഠിക്കുന്നു. അവർ നാലുപേരും കൂടി ഇടയ്ക്കൊക്കെ ദൂരെയുള്ള  അമ്പലത്തിൽ പോവുകയും പുറത്തുനിന്നു ഭക്ഷണം കഴിക്കുകയും മറ്റും ചെയ്തുപോന്നു. വീട്ടിലുള്ളപ്പോൾ ഒന്നിച്ചിരുന്നുമാത്രമേ ആഹാരം കഴിച്ചിരുന്നൊള്ളു. തമാശ നിറഞ്ഞതും അല്ലാത്തതുമായ സംഭാഷണങ്ങളും അവിടെ ധാരാളം. അവരുടെ ജീവിതം വലിയ ഓളങ്ങളൊന്നുമില്ലാത്ത  സ്വച്ഛമായ ഒരു നദിപോലെ ഒഴുകിക്കൊണ്ടിരുന്നു.

 

 പ്രഭാതത്തിൽ, ഘടികാരം മണിയടിച്ച്‌ കുട്ടികൾക്കുവേണ്ടി  ഉണർത്തുപാട്ടുപാടി  എഴുന്നേൽപ്പിക്കും. പതിവുകർമ്മങ്ങളെല്ലാം കഴിഞ്ഞുദിവസവും ബസ്സിൽക്കയറി പട്ടണത്തിലെ കോളേജിൽ പോയിവന്നു. മണ്ണിട്ടാൽ താഴെവീഴാത്തത്ര തിരക്കുള്ള ബസ്സിലെ യാത്ര സാഹസികതനിറഞ്ഞതായിരുന്നു. എല്ലായാത്രികരുടെയും സമ്പാദ്യത്തിലുള്ള സകല വ്യായാമമുറകളും ബസ്സിൽ പ്രദർശിപ്പിച്ചിരുന്നു.

കോളേജിനടുത്തു വീട് വാടകയ്ക്കെടുത്തു താമസമാക്കാൻ തുനിഞ്ഞപ്പോൾ അവരേറെ ഇഷ്ടപ്പെട്ട ആ  അന്തരീക്ഷം അവർക്കനുവാദം കൊടുത്തില്ല.

പതിവുപോലെ അന്നും ഇരട്ടകൾ രണ്ടും കൂടെ കോളേജിൽപ്പോയി. ബസ്സിൽ കിളികളുടെ കളി സാധാരണമെന്നപോലെ അന്നും അരങ്ങേറി. ബസ്സിൽ നിന്നും ആളുകൾ ഇറങ്ങുന്നതിനു മുൻപ് കിളി മണിയടിച്ച് ബസ്സുവിട്ടു.ആതിര  തലയടിച്ചു വീണു. അനന്ദു എന്തുചെയ്യണമെന്നറിയാതെ നിന്ന് വിഷമിച്ചു. ആരോ പോലീസിനേം   ആതിരയുടെ മാതാപിതാക്കളെയും അറിയിച്ചു. കുട്ടി ആശുപത്രിയിൽ എത്തപ്പെട്ടു. അനന്ദുവിന്റെ ക്ളാസു മുടങ്ങീതിരിക്കാൻ തത്ക്കാലത്തേയ്ക്കു ഹോസറ്റലിലാക്കി. ഡോക്ടർമാർ നന്നായി പരിശ്രമിച്ചെങ്കിലും അവൾ  ഈ ലോകത്തോട് യാത്രാമൊഴി ചൊല്ലി. കുറെ ബന്ധുക്കളും  സുഹൃത്തുക്കളുമൊക്കെ എത്തിയിട്ടുണ്ടായിരുന്നു. മകൻ  അനന്ദുവും ദൂരെയുള്ള പട്ടണത്തിലെ കോളേജ് ഹോസ്റ്റലിൽ നിന്നും ഉടനെയെത്തും. ഡോക്ടർ വിവരം പറഞ്ഞതും  സാവിത്രി നിന്നനില്പിൽ താഴേയ്ക്കു വീണു. അവിടെയുണ്ടായിരുന്നവർ അവരെ താങ്ങിയിരുത്തി. ചന്ദ്രദാസിനും ദുഃഖമടക്കാൻ കഴിഞ്ഞില്ല. കുറെ നീണ്ട മൗനവും കണ്ണീരൊഴുക്കലും. എങ്ങനെ സഹിക്കും?

സാവിത്രിദേവിയുടെ കണ്ണീർക്കയം വറ്റുന്നില്ല.കണ്ടുനിന്നവർക്കും കണ്ണീരിനെ പിടിച്ചു നിർത്താൻ പറ്റുന്നില്ല.

 അച്ഛൻ ചന്ദ്രദാസ് ആരോടും ഒന്നും മിണ്ടാതെ ഒരേയിരിപ്പ്.

അപ്പോളതാ ആശുപത്രിയിൽ ഒരു സാമൂഹികസേവന സംഘടനയുടെ ഭാരവാഹികളെത്തി യിരിക്കുന്നു, "എങ്ങനെ അവരോടു കാര്യം പറയും സ്ഥിതിയിൽ?" ഒരു പ്രവർത്തകൻ.

" പക്ഷെ, പറഞ്ഞാലല്ലേ കാര്യം നടക്കൂ, ഞാൻ പറഞ്ഞുനോക്കാം," മറ്റൊരാൾ.

അയാൾ ചന്ദ്രദാസിനെ  സമീപിച്ചു. ചന്ദ്രദാസ് ചോദ്യഭാവത്തിൽ നോക്കി.

അയാൾ പതിയെപ്പറഞ്ഞു, " ഏകദേശം  പ്രായമുള്ള ഒരു കുട്ടിക്കൊരു കൈ ആവശ്യമുണ്ട്. കുട്ടിയുടെ കൈ ലിഫ്ടിന്റിടയിൽപെട്ട് ചതഞ്ഞുപോയതാണ്. മുറിച്ചുകളയേണ്ടിവന്നു. അലീമ എന്നാണതിന്റെ പേര്."

ഒന്നും പറയാതെ കുറേനേരം ചന്ദ്രദാസ് അയാളെ നോക്കിയിരുന്നു.

പിന്നെ താഴ്ന്നശബ്ദത്തിൽ, " "വേണ്ടാ, സാവിത്രി കൈ മുറിക്കാൻ സമ്മതിക്കുമോന്നു തോന്നുന്നില്ല. ഇല്ല സമ്മതിക്കില്ല."

സാറൊന്നു ശ്രമിച്ചാൽ .....”

“കോഴിക്കോട്ടാണ്. സമ്മതം കിട്ടിയാൽ കുട്ടിയുടെ  കൈ  ചേരുമോ എന്നൊക്കെയുള്ള കാര്യങ്ങൾ നോക്കി വൈകാതെയെത്തിച്ചാൽ കുട്ടിക്ക്  ഉപകാരമാകും. കൗൺസിലിങ്ങൊക്കെ കൊടുത്തു ആ കുട്ടിക്ക്. മാനസികമായി ഇപ്പോളാണ് മറ്റൊരുകൈ സ്വീകരിക്കാൻ തയ്യാറായത്. “

സാവിത്രിയതു കേൾക്കുന്നുണ്ടായിരുന്നു.

"നമ്മുടെപൊന്നുമോളുടെ…. ഒരു കൈയെങ്കിലും…അതെങ്കിലും  ലോകത്തിൽ എവിടെയെങ്കിലും ഉണ്ടാകട്ടെ. നമ്മുടെ …നമ്മുടെ പൊന്നിനെപ്പോലൊരു കുട്ടി... കൊ..ടുക്കാം,"സങ്കടത്തിനിടയിൽ  വിക്കി വിക്കി അവർ പറഞ്ഞു.

ചീട്ടെടുത്ത് തിരിച്ചുവന്നപ്പോൾ ഭാര്യ ഭർത്താവിനോട് കാറിൽക്കയറിപ്പോയവരുടെ കാര്യം പറഞ്ഞു, "എനിക്കവരെയൊന്നു കാണണം."

" എന്തിന്,  എങ്ങനെ? നമ്പർ നോട്ട് ചെയ്തോ?"

"ഇല്ല, പെട്ടന്നങ്ങോടിച്ചുപോയി ഡ്രൈവർ."

" ജീവിതത്തിൽ യാദൃച്ഛികത ഉണ്ടാകാറുണ്ടല്ലോ.എവെങ്കിടെയെങ്കിലും യാദൃച്ഛികമായി കണ്ടുമുട്ടുമെന്നു വിചാരിക്കാം."

"അതല്ല , ഇത് ആ കുട്ടിയാണോ? ആ കൈ,  നമ്മടെ ....മോളുടെതാണെന്നു തോന്നുന്നു." സാവിത്രി കണ്ണീരടക്കിക്കൊണ്ട്.

" സാധ്യതയുണ്ട്‌. കുട്ടിക്ക് എക്കാലവും  ചെക്കപ്പ് വേണം. ഇവിടെയാണെല്ലോ അവരുടെ വീട്. ഈ  ഹോസ്പിറ്റലിൽ ആയിരിക്കും ചെക്കപ്പും ട്രീറ്റ്മെന്റും."  "

"നമ്മൾ   ഇവിടെ ട്രാൻസ്ഫർ ആയി വന്നിട്ട് അധികമായില്ലല്ലോ. നമുക്ക് ഹോസ്പിറ്റലിൽ  അന്വേഷിക്കാം. വിവരം കിട്ടാതിരിക്കില്ല."

 

ഉത്തരാഖ്യാനം( Epilogue):-

അലീമയെ ഒന്നുകാണണമെന്ന് ചന്ദ്രദാസിനും സാവിത്രിദേവിക്കും അതിയായ മോഹമുണ്ടായിരുന്നു. യാത്ര റിസ്ക്കാണെന്ന് ഡോക്ടർ പറഞ്ഞകാരണമാണവർ അലീമയെക്കൂട്ടി ചന്ദ്രദാസ് സാവിത്രി ദമ്പതിമാരെക്കാണാൻ പോകാഞ്ഞത്.  ആ ഒരു ആഗ്രഹത്താലാണ് രണ്ടുവർഷംമാത്രം ഉദ്യോഗകാലംക്കിയുള്ളപ്പോൾ കോഴിക്കോട്ടേയ്ക്ക് കിട്ടിയ ഉദ്യോഗക്കയറ്റവും മാറ്റവും ചന്ദ്രദാസ്  സ്വീകരിച്ചത്.