Wednesday, June 14, 2017

ഇന്നത്തെ കുട്ടികൾ !ഇന്നത്തെ  കുഞ്ഞുങ്ങൾക്കെന്തൊരു തിരക്കാണ്! 
ആരോടും മിണ്ടുവാൻ  മനവുമില്ല.
ദിനകരൻ പൂകുമ്പോൾ നിദ്രയ്ക്ക് വിടനല്കി 
മനമില്ലാമനമോടെ വിടും കിടക്ക .

ചക്ഷുസ്സിൻ വാതിൽ തുറക്കാതെ പൂർണ്ണമായ്
വീണ്ടും കിടക്കയിൽ ശരണം തേടും
മാതാവിൻ വാണിതൻ മിനുസം മറഞ്ഞുപോയ്‌
ശാസനാരൂപത്തിൽ എത്തിനിൽക്കും.

ദിനകർമപൂർത്തിയിൽ  ചരണങ്ങൾ  കൂട്ടിലാക്കി
ഗ്രന്ഥത്തിൻ ചുമടെല്ലാം ചുമലിലേറ്റും.
ചുമക്കുന്ന  ഭാരത്തിൻ തൂക്കമളക്കുമ്പോൾ 
സ്വന്തം  ശരീരത്തിൻ  മേലെയാകും.

ഒട്ടകതുല്യരായ്  ഭാരം പുറത്തേന്തി l
ഒറ്റക്കുതിപ്പിനു പഠിപ്പിനെത്തും.
ഗ്രഹിയ്ക്കാൻ  വിഷമമാം  വിഷയങ്ങൾ ധാരാളം
‘ട്യൂഷൻ’  എന്നപേരിൽ   വേറെ  ആധി..

സായംസന്ധ്യാനേരം  വീട്ടിൽക്കയറിയാൽ
ടീവീ യ്ക്കുമുന്നിൽ തപം ചെയ്തീടും.
പഠനഭാരത്തിൻറ്റെ ഇടയിലായ് ലഭിയ്ക്കുന്ന
ചെറിയസമയവും ആഘോഷിയ്ക്കും.

അമ്മയോതീടുന്ന മധുരമാം വാക്കോ 
അച്ഛൻതൻ രൂക്ഷമാം വീക്ഷണമോ
അങ്ങിനെയൊന്നും അലട്ടീടുന്നില്ലവരെ
ഭവിഷ്യത്തിനെ തെല്ലും ഭയവുമില്ല.

ഭഗവാനിൽ ഭക്തിയും മുതിർന്നവരോടാദരവും       
ദ്യോതിപ്പിയ്ക്കും രീതി അന്യമവർക്ക്.
മൃദുല വികാരമാം സ്നേഹത്തിൻ പരിമളം
നുകരുവാൻ കഴിവവർക്കുണ്ടോ ആവോ?

കാഴ്ചയ്ക്കു  ടീവിയും, കളികൾക്കു   കമ്പ്യൂട്ടറും
ചങ്ങാത്തം  നിലനിർത്താൻ  ഫോണും  മതി .
ബന്ധത്തിൻ ഊഷ്മളത  ഗൃഹത്തിലെ  കൂട്ടായ്മ
ഒന്നുമേ  ഇന്നവർക്കു  വിഷയമല്ല

പ്രകൃതിമാതാവിൻറ്റെ  വാത്സല്യം  നുകരുവാൻ
അല്പംപോലും  അവർക്കില്ലാഗ്രഹം .
കിളിയുടെ  ഈണവും  മരങ്ങൾതൻ  മർമരവും
പതിയാറില്ല വരുടെ  കാതുകളിൽ  .

 മുത്തശ്ശിക്കഥകളോ   മുത്തശ്ശൻ  ശാസനയോ 
നേടുവാൻ  സാമീപ്യം  അവർക്കിന്നില്ല
മാർക്കും  ഗ്രേഡും  നേടാനു ള്ളോട്ടത്തിൽ
മൂല്യങ്ങൾ മങ്ങുന്നതറിയില്ലാരും.

പണംവാരും പദവികൾ സ്വപ്നം കണ്ടേവരും
തമ്മിൽ കരുതുവാൻ മറന്നുപോയി.
എളിമയും നന്മയും എങ്ങോപറന്നുപോയ്
ഏവരിലും നിസ്സംഗഭാവം മാത്രം.

മാതാപിതാക്കളും  അധ്യാപക  വൃന്ദവും
ശ്രേഷ്ഠത  കുട്ടികളിൽ  വളർത്തീടേണം.
മുതിർന്ന മനുഷ്യരോടാദരം കാട്ടേണം
കുടുംബത്തെ  സേവിയ്ക്കാൻ  പ്രാപ്തി വേണം .

വളരട്ടെ  നൽപുള്ള മനുഷ്യ ഗണങ്ങളായ്
മാതാവാം  ഭാരതിയെ  വന്ദിയ്ക്കട്ടെ.
നഷ്ടം  ഭാവിയ്ക്കില്ല  നേട്ടം വരിച്ചീടും
പദവികൾ  താനെയവരെ തേടിയെത്തും.

2 comments:

  1. നന്നായിട്ടുണ്ട്. നല്ലൊരു ഗുണപാഠം ഉള്ള കവിതയാണ്.

    ReplyDelete