Tuesday, May 26, 2020

ജാരസന്താനങ്ങൾ!



 (വൃത്തം-മാരകാകളി) 

ജാരപന്ഥാവന്നറിഞ്ഞതേയില്ലവർ     
വാരം പോയാൽ  വധശിക്ഷ.
തെറ്റുകളൊന്നുമേ ചെയ്തില്ല മാളിക,   
മുറ്റുന്ന ദണ്ഡനമുണ്ട്.

ജീവിതാന്ത്യം നികടത്തിലായെത്തി ഹാ! 
നാകത്തിലെത്തുകയായി.
'നല്ലനാടാണതിൻ   നാമം മരടുതാൻ ,   
നാലതിൽ ' ഫ്‌ളാറ്റുകൾ  നോക്കു.

ഉദ്യോഗവൃന്ദവും നിർമ്മാണനാഥരും
ബന്ധമായ്  മാമൂൽ വിരുദ്ധം.
 കുട്ടികൾ നാലും പിറന്നൂ മഹോന്നതം 
കാണുമ്പോളെന്തൊരു  ചന്തം.

കായലിന്നംഗഭംഗം  വരുത്തീ  പെറ്റു
കായബലത്തിൽ*പ്പാകരേ.  
അൽഫ സെറിൻ, ജെയിൻ  കോറൽ,  ഗോൾഡൻ  കായൽ,
കല്ലോലചാരെ  നിർമ്മാണം  .

ഉള്ളിലുണ്ടായ് മദം  ചുറ്റിലെ  ഗേഹത്തെ 
ആളികളാക്കാൻ മടിച്ചൂ. 
ചെറ്റക്കുടിലിനെ നോക്കി കളിയാക്കി 
പറ്റലരെന്നുള്ള മട്ടിൽ.

വിണ്ണിൽ  നോക്കിയവരാനന്ദം പങ്കിട്ടു 
വിണ്ണവനെ കണ്ട മട്ടിൽ.
മാടിവിളിക്കുന്നു  ഇന്ദുവെ  സ്നേഹമായ്,
കൂടെക്കൂടി,  താരവൃന്ദം.

കൊണ്ടൽസമാജമെത്തിനോക്കി സ്വദിച്ചു,
 ഫ്‌ളാറ്റിൻ കരൾ  കുളിർ   ചൂടി.
ഹർഷo  പൂണ്ടു  സൗധമാവലി  നിൽപ്പായി,
വർഷങ്ങൾ    നീന്തി, ഹർ ജിയായ്.

കേട്ടു  കടുംകെട്ടു    കോടതിയും കെട്ടീ 
വെട്ടിപ്പൊളിക്കാനായാജ്ഞ.
കൊട്ടാരം  വേണ്ട , തോഷിക്കട്ടെ *ശംബരം, 
കട്ടായം കോടതിയോതി.

കാലമായ് മാളികയൂർദ്ധ്വൻ   വലിക്കാറായ്,    
കാലത്തു  ചെയ്തവർ കാലം.
പാവമാം മർത്ത്യരോ  സമ്പാദ്യത്താൽ വാങ്ങി 
ഭാവിക്കായ് ഫ്ലാറ്റു  സുമോദം.

സർവ്വതും നഷ്ടമായ്‌  വാടക പാടാകും 
സർവ്വദാ  ദുഃഖം കുടിച്ചു.
അന്യായകാര്യങ്ങൾ  ഗൂഢം ഗ്രസിക്കുവാൻ 
മാന്യജഡ്ജിമാർക്കസാധ്യം.

പോതർ= കുട്ടികൾ 
ശംബരം = വെള്ളം 





3 comments: