രാമനോടായി കൗസല്യ ചൊല്ലീടുന്നു,
“ ഓമനേ! കുരുന്നേ! നീ ചെയ്വതെന്ത്?
നിദ്രയെപ്പുൽകൂ നീ, കുട്ടാ! സമയമായ്
ഭദ്രം കനിഷ്ഠർക്കു സുപ്തിവേണ്ടേ?
താരാട്ടു പാടിടാം തൊട്ടിലിലാട്ടിടാം
ആരോമലേ! നീ ശയിക്കുകില്ലേ?
രാരീരോ രാരാരോ എത്രയുംപാടാംഞാൻ
ഈരടിപാടിത്തഴുകാം നിന്നേ.
മാരീ പൊഴിയുന്നൂ ഭൂമിയിൽത്താളത്തിൽ,
മാറാത്ത ചൂടിതാ മാഞ്ഞുപോയീ.
മന്ദമാംവാതം, ഉഷസ്സിലണയുമ്പോൾ,
മന്ദഹാസംചൊ,രിയും നിനക്കായ്.
നാളെയാത്തോട്ടത്തിൽ പുന്നാരെ! പോയിടാം
നീളേ കരളേ! സുമങ്ങൾ കാണാം.
പൂത്തുമ്പിയോടൊത്തു കേളികൾ ചെയ്തിടാം,
പൂത്തസസ്യങ്ങൾ തലോടിനിൽക്കാം.
കാത്തുനിൽപ്പൂ കുഞ്ഞേ നീയുറങ്ങീടുവാൻ,
പാതിരാപ്പക്ഷികൾ കുഞ്ഞുങ്ങളും.
അണ്ണാനും പൊത്തിൽക്കയറീ സ്വാപത്തിനായ്
വിണ്ണിൽ മംഗളം കിളികൾ പാടീ.
എന്നുമെൻ ചാരേയുറങ്ങാൻ വരും കുട്ടാ!
ഇന്നെന്തെയെന്നുണ്ണി! വൈകീടുന്നൂ?
അമ്മിഞ്ഞയുണ്ണണ്ടെ, മുത്തവും നൽകണ്ടേ? ,
അമ്മണാ, കണ്ണേ! ഉറങ്ങെൻ തങ്കം?
മുത്താണുപൂവാണുതേനാണു
ചക്കര!
സ്വത്തും തളിരും കനിയും നീയേ.
അമ്മപാടിത്തരാം മധുരമാം താരാട്ട്,
അമ്മതൻ നിധീ! നീ ചായുറങ്ങൂ.”