Thursday, October 28, 2021

ചിന്തതൻ കവാത്ത്!

      


 

എന്മനം ക്ഷണിച്ചപ്പോൾ

               നീ വിരുന്നുവന്നിതാ,

മന്മനോചിന്തകളും

             കവാത്തു നടത്തുന്നു.

വർഷമൊന്നല്ലനേകം

           മറഞ്ഞു പൊയ്ക്കഴിഞ്ഞു,

വർഷിക്കാം നിന്നോർമ്മകൾ,

            ഒന്നല്ല  ഒരായിരം.

 

നിൻചുണ്ടിൽ വിരിഞ്ഞതാം 

          മൂകമാം ഭാവരാഗം

എൻഹൃദന്ത,ത്തിലെന്നും

            ഓർമ്മതൻതേനരുവി.

അന്നുനീ കാതിലോതീ

             സന്ദേശം ഏറെഹൃദ്യം

ഒന്നെങ്കിലും നീയുള്ളിൽ 

               ഭദ്രമായ് വച്ചിട്ടുണ്ടോ?

 

പ്രാണേശ്വരീനീയോർക്കൂ

             എന്തെല്ലാം ചൊല്ലീനമ്മൾ?

പ്രാണനായ്ത്തന്നെയെന്നെ

            കാക്കുമെന്നുംകഥിച്ചു.

ഞാനില്ലേൽ നീയില്ലെന്നും

            നീയില്ലേൽ ഞാനില്ലെന്നും 

അന്നെല്ലാം  ഉരുവിട്ടു,

             ഉരിയാടാനേറെയുണ്ട്.

 

നിൻ കരം തഴുകീ  ഞാൻ,

             നിൻകോപം നിനച്ചു ഞാൻ,

നിൻമനം മോദംപൂണ്ടു ,

            വക്ത്രവും  ശോണമായി.

ചന്ദനമ്പോലെ പ്രേമം

         ചക്ഷുസ്സിൽ ചാലിച്ചു നാം.

മന്ദവാതം പതിയെ

         സ്നിഗ്ദ്ധം തലോടി നമ്മെ,

 

ആകാശം താരങ്ങളും

      ചന്ദ്രനും സ്മിതംതൂകി,

മൂകമാം കൊണ്ടൽക്കൂട്ടം,

      പെയ്യാതെ നമ്മെക്കാത്തു.     

കാട്ടിലെ പാലച്ചോട്ടിൽ

             പലവട്ടം നാമിരുന്ന്,

പട്ടിൽ പൊതിഞ്ഞാശകൾ 

           കൈമാറി ഉല്ലസിച്ചു.

 

ശാസനം ഗൃഹത്തിൽ നീ

           അധികം സഹിച്ചില്ലേ?

ഭാഷണം ശ്രവിച്ചില്ലേ

         നീരസശബ്ദങ്ങളിൽ?

ക്യാൻവാസിൽ നിന്റെചിത്രം  

          ദിവ്യമായ് പകർത്തി ഞാൻ

എന്നെന്നും കാണാനായി  

         സ്ഫടികക്കൂട്ടിൽ വച്ചു.

 

കെടുത്തീ നിത്യമായ്  നീ

        പ്രേമത്തിൻദീപനാളം,

പടക്കം തോൽക്കും,വിധം 

         നീവചിച്ചെതിർശബ്ദം.

എനിക്കുണ്ടാധിയേറെ,

         ഗ്ളാനിതൻ ഓർമ്മപ്പൂവാൽ,

നിനക്കായി  മാല്യമൊന്ന്,

         കോർക്കുന്നൂ സമ്മാനിക്കാം.

 

സ്നേഹത്തിൻചെപ്പു പേറി

          ഞാൻ വന്നു പലവട്ടം,

നിന്നെ വീക്ഷിച്ചീടാനായ്  

       കണ്ടു ഞാൻ മോഹസ്വപ്നം.

സ്വത്തിൻപെട്ടിയ്ക്കുടമ 

       വന്നു നിൻകാന്തനായി,

സത്തില്ലാത്താളായിഞാൻ

        എൻ കിട്ടാക്കനവുനീ.

 

 


 


 

 

4 comments: