Monday, February 24, 2014

മാളുവിൻ മുറ്റത്തെ മാവ്‌!


 

കുട്ടിക്കാലത്തൊരു മാവിന്‍ വിത്ത്,

മുറ്റത്തിൻ മടിയിൽ  വച്ചുമാളു.

കാഴ്ചകൾ  നോക്കിക്കാണാന്‍ പതിയേ

വാഴ്‌വിലവൾ  പൊന്തിവന്നുനിന്നു.


മാതാ മഹിതൻ   കരം ഗ്രഹിച്ചു,

ചേതോഹരം ദൃശ്യം, കണ്മിഴിച്ചു. 

വശ്യലോകത്തിന്നഴകിൽ മുങ്ങി 

വശ്യതാപൂർവ്വമായ്  നൃത്തമാടി.

 

മാരുതന്‍ തൈയ്യേ കയ്യാൽ തഴുകി,

 മാരിയു,മപ്പിനാൽ സ്നാനം നൽകി,

താരാട്ടു,മൂളിയുറക്കി,തമി,  

താരവന്നില്ലയസൂയമൂലം.

 

തിത്തിരി പക്ഷികൾ  നൃത്തം ചെയ്തു,

തത്തകൾ  തത്തിക്കളിച്ചു മെല്ലെ.

മൂളിപ്പാടി,കുയിൽ പൊൻസ്വനങ്ങൾ,

 ലാളനക്കു തെല്ലും ലോഭമില്ല.

 

പൂവിട്ടു നിന്നു സുഗന്ധം,പേറി  

കിങ്ങിണി,പോലുള്ള മാങ്ങ പൊങ്ങി

വിണ്ണിലൂളിയിട്ടു പാറിവന്നു,

വണ്ണാത്തിക്കിളികൾ  മാങ്ങകൊത്താൻ.


വാനംനോക്കി മാവു പുഞ്ചിരിച്ചു,

വന്നുവണ്ണാനും മാങ്ങയടർത്താൻ. 

പാരമ്യത്തിലായിയാമ്രമണം,

പാരിൽ പടർന്നു  മാളോരുമെത്തി.

 

 താരുണ്യം മാളുവെ തേടിയെത്തി.

ചാരുതയുമെത്തി വാസം ചെയ്തു,

ചങ്ങാതിയായ് അയൽവാസി മധു,

നെയ്തവർ  സ്വപ്‌നങ്ങൾ  മാഞ്ചുവട്ടിൽ .



മാളുവിൻ മുത്തി വിട പറഞ്ഞു,

മാളുവിന്നുള്ളം നന്നായ്പ്പിടഞ്ഞു.

"കൂട്ടീടേണം ചിത, ആരോ ചൊല്ലി

"വേണ്ടാ വിളംബം മാവു മുറിയ്ക്കാൻ.”

  

മാവിന്നരി,കിലേയ്ക്കോടി  മാളു.

 മാറുപിളരുമ്പോൽ വിലാപം ചെയ്തു.

സാന്ത്വനം നോക്കാതെയൊച്ച വച്ചു.

"എന്നുടെ മാവു മുറിച്ചീടല്ലേ," 



“എന്റെ ദൗത്യം മാളൂ! പരസഹായം,  

എന്നും നാം ഉണ്ടാവില്ലീ ഭൂവിലായ്.

 നിത്യ സത്യമതുമാത്രമല്ലോ!"

കൃത്യം   മാവോതിയപോലെ തോന്നി.


മാവും മുത്തിയും മറഞ്ഞുപോയി,

 മാളുവും മധുവും കണ്ണീർ വാർത്തു.

 കുട്ടികൾതൻ പീഡ പങ്കുവച്ച് 

മാരുതൻ മെല്ലെ   തലോടിനിന്നു.

 

 

 

7 comments: